ടെസ്റ്റോസ്റ്റിറോണ്‍ കുറഞ്ഞ പുരുഷന്മാരില്‍ കോവിഡ്-19 ഗുരുതരമാകാമെന്ന് പഠനം
1 min readഎന്നാല്‍ ഇക്കാര്യം ശാസ്ത്രീയമായി തെളിയിക്കാന്‍ ഗവേഷകര്‍ക്ക് സാധിച്ചിട്ടില്ല
പകര്‍ച്ചവ്യാധിയുടെ ആരംഭം മുതല്‍ സ്ത്രീകളെക്കാളേറെ പുരുഷന്മാരില്‍ കോവിഡ്-19 ഭീഷണികള്‍ കൂടുതലാണെന്ന് ഡോക്ടര്‍മാര്‍ നിരീക്ഷിച്ചിരുന്നു. സ്ത്രീകളിലും പുരുഷന്മാരിലുമുള്ള ഹോര്‍മോണുകളുടെ വ്യത്യാസമായിരിക്കാം ഇതിന് കാരണമെന്നായിരുന്നു ഇതുമായി ബന്ധപ്പെട്ട ഒരു തിയറി. സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരില്‍ ടെസ്റ്റോസ്റ്റിറോണിന്റെ അളവ് കൂടുതലായതിനാല്‍ ആയിരിക്കാം പുരുഷന്മാരില്‍ കോവിഡ്-19 സങ്കീര്‍ണതകള്‍ കൂടുന്നതെന്നും ചില ശാസ്ത്രജ്ഞര്‍ സംശയച്ചു. എന്നാലിപ്പോള്‍ ജമ നെറ്റ്‌വര്‍ക്ക് ഓപ്പണിന്റെ പുതിയ പഠനം പറയുന്നത് ടെസ്റ്റോസ്റ്റിറോണിന്റെ അളവ് കുറഞ്ഞാല്‍ കോവിഡ്-19 ഗുരുതരമാകിമെന്നാണ്.
പക്ഷേ ടെസ്റ്റോസ്റ്റിറോണിന്റെ അളവ് കുറയുന്നതാണ് കോവിഡ്-19 ഗുരതരമാകാനുള്ള കാരണമെന്ന് തെളിയിക്കാന്‍ പഠനത്തിന് സാധിച്ചിട്ടില്ല. മറ്റനേകം ഘടകങ്ങളെ പോലെ രോഗം ഗുരുതരമായവരില്‍ നിരീക്ഷിച്ച ഒരു ഘടകം മാത്രമാണിത്. കോവിഡ്-19 രോഗവുമായി ബാര്‍നസ് ജ്യൂവിഷ് ആശുപത്രിയില്‍ ചികിത്സ തേടിയ 90 പുരുഷന്മാരുടെയും 62 സ്ത്രീകളുടെയും രക്ത സാമ്പിളുകള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഗവേഷകര്‍ പഠനം തയ്യാറാക്കിയത്. സ്ത്രീകളില്‍ ഏതെങ്കിലും ഹോര്‍മോണിന്റെ അളവും കോവിഡ്-19 രോഗ തീവ്രതയും തമ്മില്‍ യാതൊരുവിധ ബന്ധവും കണ്ടെത്താന്‍ ഗവേഷകര്‍ക്ക് കഴിഞ്ഞില്ല.
എന്നാല്‍ പുരുഷന്മാരില്‍ ടെസ്റ്റോസ്റ്റിറോണ്‍ ഹോര്‍മോണിന്റെ തോതും രോഗ തീവ്രതയും തമ്മില്‍ ഒരു ബന്ധം കണ്ടെത്താന്‍ ഗവേഷകര്‍ക്ക് സാധിച്ചു. ടെസ്‌റ്റോസ്റ്റിറോണിന്റെ അളവ് കുറവാണെങ്കില്‍ രോഗം ഗുരുതരമാകുന്നതായി ഗവേഷകര്‍ നിരീക്ഷിച്ചു. ഉദാഹരണത്തിന് ടെസ്‌റ്റോസ്റ്റിറോണ്‍ തീരെ കുറവാണെങ്കില്‍ രോഗതീവ്രത വളരെയധികമായിരിക്കും. ഇവര്‍ക്ക് വെന്റിലേറ്ററോ തീവ്ര പരിചണ വിഭാഗത്തിലെ ചികിത്സയോ ആവശ്യമായി വരുന്നു. ചിലര്‍ക്ക് മരണത്തിന് കീഴടങ്ങേണ്ടി വരുന്നു. പഠന കാലയളവില്‍ 25 പുരുഷന്മാര്‍ അടക്കം 37 പേര്‍ കോവിഡ്-19 ബാധിച്ച് മരിച്ചു.