1.25 ലക്ഷം കോടി രൂപയുടെ 3 സെമികണ്ടക്ടര്‍ കേന്ദ്രങ്ങള്‍ക്കു തുടക്കമായി
ന്യൂഡൽഹി: പ്രധാനമന്ത്രി ‘ഇന്ത്യയുടെ സാങ്കേതികാബ്ദം: വികസിതഭാരതത്തിനായി ചിപ്പുകള്‍’ പരിപാടിയെ അഭിസംബോധന ചെയ്യുകയും വിദൂരദൃശ്യസംവിധാനത്തിലൂടെ 1.25 ലക്ഷം കോടി രൂപയുടെ മൂന്ന് സെമികണ്ടക്ടര്‍ കേന്ദ്രങ്ങൾക്കു തറക്കല്ലിടുകയും ചെയ്തു. ഗുജറാത്തിലെ ധോലേര പ്രത്യേക നിക്ഷേപമേഖലയിലെ (ഡിഎസ്‌ഐആര്‍) സെമികണ്ടക്ടര്‍ ഫാബ്രിക്കേഷന്‍ കേന്ദ്രം, അസമിലെ മരിഗാവില്‍ ഔട്ട്സോഴ്‌സ് ചെയ്ത സെമികണ്ടക്ടര്‍ നിര്‍മാണ-പരിശോധനാ (OSAT) കേന്ദ്രം; സാനന്ദില്‍ ഔട്ട്സോഴ്‌സ് ചെയ്ത സെമികണ്ടക്ടര്‍ നിര്‍മാണ-പരിശോധനാ (OSAT) കേന്ദ്രം എന്നിവയാണ് ഉദ്ഘാടനം ചെയ്തത്.
ഗുജറാത്തിലെ ധോലേരയിലും സാനന്ദിലും അസമിലെ മരിഗാവിലും ഏകദേശം 1.25 ലക്ഷം കോടി രൂപയുടെ മൂന്ന് പ്രധാന സെമികണ്ടക്ടര്‍ നിര്‍മ്മാണ കേന്ദ്രങ്ങൾക്കു തറക്കല്ലിട്ട ചരിത്ര സന്ദര്‍ഭം ഇന്ത്യയുടെ ശോഭനമായ ഭാവിയിലേക്കുള്ള സുപ്രധാന ചുവടുവയ്പ്പാണെന്ന് ചടങ്ങിനെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയെ സെമികണ്ടക്ടര്‍ കേന്ദ്രമാക്കി മാറ്റുന്നതില്‍ ഇന്നത്തെ പദ്ധതികള്‍ പ്രധാന പങ്ക് വഹിക്കുമെന്ന് പ്രധാന സംരംഭങ്ങള്‍ക്ക് പൗരന്മാരെ അഭിനന്ദിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. തായ്‌വാനില്‍ നിന്നുള്ള സെമികണ്ടക്ടര്‍ വ്യവസായ മേഖലയുമായി ബന്ധപ്പെട്ടവരുടെ വെര്‍ച്വല്‍ സാന്നിധ്യം അദ്ദേഹം ചൂണ്ടിക്കാട്ടുകയും ഇന്നത്തെ വേളയിൽ ആവേശം പ്രകടിപ്പിക്കുകയും ചെയ്തു.
60,000ത്തിലധികം കോളേജുകളും സര്‍വകലാശാലകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഈ സവിശേഷ പരിപാടിയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ ഭാവിയുടെ യഥാര്‍ഥ പങ്കാളികളായതിനാല്‍ രാജ്യത്തിന്റെ യുവജനങ്ങളുടെ സ്വപ്നങ്ങളുടെ പരിപാടിയാണ് ഇന്നത്തെ പരിപാടിയെന്ന് പ്രധാനമന്ത്രി വിശേഷിപ്പിച്ചു. സ്വയംപര്യാപ്തതയ്ക്കും ആഗോള വിതരണ ശൃംഖലയിലെ ശക്തമായ സാന്നിധ്യത്തിനുമായി ഇന്ത്യ എങ്ങനെ ബഹുമുഖ ശൈലിയില്‍ പ്രവര്‍ത്തിക്കുന്നുവെന്നതിനു യുവാക്കള്‍ സാക്ഷ്യം വഹിക്കുന്നു. ആത്മവിശ്വാസമുള്ള യുവാക്കളാണ് രാജ്യത്തിന്റെ ഭാഗധേയം തിരുത്തുന്നതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
സാങ്കേതികവിദ്യാധിഷ്ഠിതമായ 21-ാം നൂറ്റാണ്ടിൽ ഇലക്ട്രോണിക് ചിപ്പുകളുടെ സ്വാധീനം ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, ഇന്ത്യയെ സ്വയംപര്യാപ്തതയിലേക്കും ആധുനികവൽക്കരണത്തിലേക്കും കൊണ്ടുപോകുന്നതിൽ ഇന്ത്യയിൽ നിർമിച്ച, ഇന്ത്യയിൽ രൂപകൽപ്പന ചെയ്ത ചിപ്പുകൾ വലിയ പങ്ക് വഹിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. വിവിധ കാരണങ്ങളാൽ ആദ്യത്തെ മൂന്ന് വ്യാവസായിക വിപ്ലവങ്ങൾ നഷ്‌ടപ്പെട്ടതിന് ശേഷം, നാലാം വ്യാവസായിക വിപ്ലവമായ ‘ഇൻഡസ്ട്രി 4.0’യെ നയിക്കാനുള്ള ഉദ്ദേശ്യത്തോടെയാണ് ഇന്ത്യ ഇപ്പോൾ നീങ്ങുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഓരോ നിമിഷവും പ്രയോജനപ്പെടുത്തേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി, ഗവൺമെന്റ് എത്ര വേഗത്തിലാണു പ്രവർത്തിക്കുന്നത് എന്നതിന്റെ ഉദാഹരണമായി ഇന്നത്തെ പരിപാടിയെ അവതരിപ്പിച്ചു. സെമികണ്ടക്ടർ മേഖലയിൽ കൈവരിച്ച മുന്നേറ്റങ്ങളുടെ ക്രമം വിശദീകരിച്ച പ്രധാനമന്ത്രി, രണ്ട് വർഷം മുമ്പ് സെമികണ്ടക്ടർ ദൗത്യം പ്രഖ്യാപിച്ചതിനെക്കുറിച്ച് സംസാരിച്ചു. ഏതാനും മാസങ്ങൾക്കുള്ളിൽ ആദ്യ ധാരണാപത്രങ്ങൾ ഒപ്പുവച്ചതിനെക്കുറിച്ചും ഇപ്പോൾ മൂന്ന് പദ്ധതികൾക്ക് തറക്കല്ലിടന്നതിനെക്കുറിച്ചും അദ്ദേഹം പറഞ്ഞു. “ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്, ഇന്ത്യ പ്രതീക്ഷ നിറവേറ്റുന്നു, ജനാധിപത്യം പ്രതീക്ഷ നിറവേറ്റുന്നു”, പ്രധാനമന്ത്രി പറഞ്ഞു.
ലോകത്ത് വിരലിലെണ്ണാവുന്ന രാജ്യങ്ങൾ മാത്രമാണ് ഇന്ന് സെമികണ്ടക്ടറുകൾ നിർമ്മിക്കുന്നതെന്നു പറഞ്ഞ പ്രധാനമന്ത്രി, കൊറോണ വൈറസ് മഹാമാരി കാരണമുണ്ടായ തടസ്സങ്ങൾക്ക് ശേഷം വിശ്വസനീയമായ വിതരണശൃംഖലയുടെ ആവശ്യകതയ്ക്കും ഊന്നൽ നൽകി. ഇതിൽ നിർണായക പങ്ക് വഹിക്കാൻ ഇന്ത്യക്ക് താൽപ്പര്യമുണ്ടെന്ന് പറഞ്ഞ അദ്ദേഹം, രാജ്യത്തിന്റെ സാങ്കേതിക ഇടം, ആണവ-ഡിജിറ്റൽ ശക്തി എന്നിവ എടുത്തുപറഞ്ഞു. സെമികണ്ടക്ടർ മേഖലയ്ക്ക് വാണിജ്യാടിസ്ഥാനത്തിലുള്ള ഉൽപ്പാദനം ഏറ്റെടുക്കാൻ ഇന്ത്യ ലക്ഷ്യമിടുന്ന ഭാവി പദ്ധതികളെക്കുറിച്ച് പ്രധാനമന്ത്രി വിശദീകരിച്ചു. “സെമികണ്ടക്ടർ മേഖലയ്ക്കുള്ള ഉൽപ്പന്നങ്ങളുടെ നിർമ്മാണത്തിൽ ഇന്ത്യ ആഗോള ശക്തിയായി മാറുന്ന ദിവസം വിദൂരമല്ല” – അദ്ദേഹം പറഞ്ഞു. വ്യവസായനടത്തിപ്പു സുഗമമാക്കൽ, നിയമങ്ങൾ ലഘൂകരിക്കൽ എന്നിവയെക്കുറിച്ചു സൂചിപ്പിച്ച അദ്ദേഹം, ഇന്ന് എടുക്കുന്ന നയപരമായ തീരുമാനങ്ങൾ ഭാവിയിൽ ഇന്ത്യക്കു തന്ത്രപ്രധാന നേട്ടങ്ങൾ കൊണ്ടുവരുമെന്നും പറഞ്ഞു. കഴിഞ്ഞ കുറച്ചു വർഷങ്ങളായി, 40,000-ലധികം ചട്ടങ്ങൾ പാലിക്കലുകൾ ഒഴിവാക്കുകയും വിദേശ നിക്ഷേപത്തിനുള്ള നിയമങ്ങൾ ലഘൂകരിക്കുകയും ചെയ്തതായി പ്രധാനമന്ത്രി പറഞ്ഞു. പ്രതിരോധം, ഇൻഷുറൻസ്, ടെലികോം മേഖലകളിലെ എഫ്ഡിഐ നയങ്ങൾ ഉദാരമാക്കി. ഇലക്ട്രോണിക്സ്, ഹാർഡ്‌വെയർ നിർമ്മാണത്തിൽ ഇന്ത്യയുടെ വളർന്നുവരുന്ന സ്ഥാനത്തെക്കുറിച്ചും പ്രധാനമന്ത്രി പരാമർശിച്ചു. വലിയ തോതിലുള്ള ഇലക്ട്രോണിക്സ്-ഐടി ഹാർഡ്‌വെയർ നിർമ്മാണത്തിനായി PLI പദ്ധതികൾ അവതരിപ്പിക്കുകയും ഇലക്ട്രോണിക്സ് ക്ലസ്റ്ററുകൾ സൃഷ്ടിക്കുകയും അതുവഴി ഇലക്ട്രോണിക്സ് ആവാസവ്യവസ്ഥയുടെ വളർച്ചയ്ക്ക് വേദിയൊരുക്കുകയും ചെയ്തു. ഇന്ന് ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ മൊബൈൽ നിർമ്മാതാക്കളാണ് ഇന്ത്യയെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയുടെ ക്വാണ്ടം ദൗത്യത്തിന്റെ തുടക്കം, നൂതനാശയങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി ദേശീയ ഗവേഷണ ഫൗണ്ടേഷന്റെ സ്ഥാപനം, ഇന്ത്യയുടെ എഐ ദൗത്യത്തിന്റെ വിപുലീകരണം എന്നിവ എടുത്തുകാട്ടി, സാങ്കേതികവിദ്യ സ്വീകരിക്കുന്നതിന് പുറമെ സാങ്കേതികവിദ്യയുടെ പുരോഗതിയുടെ ദിശയിലേക്കാണ് ഇന്ത്യ നീങ്ങുന്നതെന്നു പ്രധാനമന്ത്രി പറഞ്ഞു.
സെമികണ്ടക്ടർ ഗവേഷണം യുവജനങ്ങൾക്കായിരിക്കും ഏറെ പ്രയോജനം ചെയ്യുകയെന്ന് പ്രധാനമന്ത്രി പറഞ്ഞു. ”സെമികണ്ടക്ടർ ഒരു വ്യവസായം മാത്രമല്ല, അത് അതിരുകളില്ലാത്ത സാദ്ധ്യതകൾ നിറഞ്ഞ ഒരു വാതിൽ തുറക്കുക കൂടെ ചെയ്യും,” വിശാല വ്യവസായ മേഖലാ ശ്രേണികളിലെ സെമികണ്ടക്ടറുകളുടെ വ്യാപനത്തെ പരാമർശിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. ആഗോള ചിപ്പ് രൂപകൽപ്പനയിലും നിർമ്മാണത്തിലും ഇന്ത്യൻ പ്രതിഭകളുടെ വമ്പിച്ച സാന്നിദ്ധ്യവും പ്രധാനമന്ത്രി മോദി ചൂണ്ടിക്കാട്ടി. അതുകൊണ്ട്, സെമികണ്ടക്ടർ നിർമ്മാണ മേഖലയിൽ രാജ്യം ഇന്ന് മുന്നേറുമ്പോൾ ഇന്ത്യയുടെ പ്രതിഭാ ആവാസവ്യവസ്ഥ പൂർണ്ണമായിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ബഹിരാകാശ മേഖലയിലായാലും മാപ്പിംഗ് മേഖലയിലായാലും ഇന്നത്തെ യുവജനങ്ങൾ തങ്ങൾക്കായി സൃഷ്ടിക്കപ്പെടുന്ന അവസരങ്ങളെക്കുറിച്ച് നന്നായി ബോധമുള്ളവരാണെന്ന് പ്രസ്താവിച്ച അദ്ദേഹം, യുവജനങ്ങൾക്കായി ഈ മേഖലകൾ തുറന്നുകൊടുക്കുന്നതിനെക്കുറിച്ചും സൂചിപ്പിച്ചു. ലോകത്തെ മൂന്നാമത്തെ വലിയ സ്റ്റാർട്ടപ്പ് പരിസ്ഥിതിയായി ഇന്ത്യ മാറുന്നതിനായി ലഭ്യമാക്കിയ മുൻപൊന്നുമില്ലാത്തതരത്തിലുള്ള പ്രോത്സാഹനത്തേയും ആനുകൂല്യങ്ങളേയും പ്രശംസിച്ച അദ്ദേഹം ഇന്നത്തെ പരിപാടി സെമികണ്ടക്ടർ മേഖലയിൽ സ്റ്റാർട്ടപ്പുകൾക്ക് പുതിയ അവസരങ്ങൾ സൃഷ്ടിക്കുമെന്നും പറഞ്ഞു. ഇന്നത്തെ പദ്ധതികൾ യുവജനങ്ങൾക്ക് നിരവധി ആധുനിക സാങ്കേതികവിദ്യാ ജോലികൾ ലഭ്യമാക്കുമെന്ന ആത്മവിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു.
”യഹി സമയ് ഹേ സഹി സമയ് ഹേ” എന്ന ചെങ്കോട്ടയിൽ നിന്നുള്ള തന്റെ ഉദ്‌ഘോഷണത്തെ അനുസ്മരിച്ച പ്രധാനമന്ത്രി, ഈ വിശ്വാസത്തോടെ കൈകൊണ്ട നയങ്ങളും തീരുമാനങ്ങളും കാര്യമായ ഫലങ്ങൾ നൽകുന്നുവെന്നും പറഞ്ഞു. ”പഴയ ചിന്തകളിൽ നിന്നും പഴയ സമീപനത്തിൽ നിന്നും ഇന്ത്യ ഇപ്പോൾ വളരെ മുന്നിലാണ്. ഇന്ത്യ ഇപ്പോൾ തീരുമാനങ്ങൾ എടുക്കുന്നതും നയങ്ങൾ രൂപീകരിക്കുന്നതും ദ്രുതഗതിയിലാണ് ”, പ്രധാനമന്ത്രി മോദി പറഞ്ഞു. ഇന്ത്യയുടെ സെമികണ്ടക്ടർ സ്വപ്‌നങ്ങൾ 1960 കളിലാണ് ആദ്യമായി വിഭാവനം ചെയ്തതെങ്കിലും ഇച്ഛാശക്തിയുടെയും ദൃഢനിശ്ചയങ്ങളെ നേട്ടങ്ങളാക്കി മാറ്റാനുള്ള ശ്രമത്തിന്റേയും അഭാവം മൂലം അവ നടപ്പിലാക്കുന്നതിൽ അന്നത്തെ ഗവൺമെന്റുകൾ പരാജയപ്പെട്ടു. രാജ്യത്തിന്റെ കാര്യശേഷികളേയും മുൻഗണനകളേയും ഭാവി ആവശ്യങ്ങളേയും മനസ്സിലാക്കാൻ മുൻ ഗവൺമെന്റുകൾക്ക് കഴിയാത്തതിൽ അദ്ദേഹം പരിവേദനപ്പെട്ടു. ഇപ്പോഴത്തെ ഗവൺമെന്റിന്റെ ദീർഘ വീക്ഷണത്തിലേക്കും ഭാവിയോടുള്ള സമീപനത്തിലേക്കും വെളിച്ചംവീശിയ പ്രധാനമന്ത്രി, വികസിത രാജ്യങ്ങളുമായി മത്സരിക്കുകയെന്ന അഭിലാഷത്തോടെയുള്ള സെമികണ്ടക്ടർ നിർമ്മാണത്തെ കുറിച്ചും പരാമർശിച്ചു. പാവപ്പെട്ടവർക്കായി പക്കാ ഭവനങ്ങളിൽ നിക്ഷേപം നടത്തുന്നതിനോടൊപ്പം തന്നെ ഗവേഷണം പ്രോത്സാഹിപ്പിക്കുന്നതിന്റെയും, ലോകത്തെ ഏറ്റവും വലിയ ശുചിത്വ പ്രസ്ഥാനം നടത്തുന്നതു മുതൽ സെമികണ്ടക്ടർ നിർമ്മാണത്തിലെ മുന്നേറ്റം വരെയും ദാരിദ്ര്യത്തിൽ ദ്രുതഗതിയിൽ കുറവ് വരുത്തുന്നതു മുതൽ ആത്മനിർഭർ ഭാരത് എന്ന ലക്ഷ്യത്തോടെയുള്ള വമ്പൻ അടിസ്ഥാന സൗകര്യ നിക്ഷേപം വരെയുമുള്ള നിക്ഷേപ ഉദാഹരണങ്ങൾ നൽകികൊണ്ട് രാജ്യത്തിന്റെ മുൻഗണകളിലെല്ലാം ഗവൺമെന്റ് ശ്രദ്ധചെലുത്തുന്നുണ്ടെന്നും അദ്ദേഹം പ്രസ്താവിച്ചു. ” 2024ൽ മാത്രം 12 ലക്ഷം കോടിയിലധികം രൂപയുടെ പദ്ധതികളുടെ തറക്കല്ലിടലും ഉദ്ഘാടനവും നിർവഹിച്ചു”, 21-ാം നൂറ്റാണ്ടിൽ പ്രതിരോധമേഖലയിലെ ഇന്ത്യയുടെ സ്വാശ്രയത്വത്തിന്റെ നേർക്കാഴ്ചകൾ നൽകിയ പൊഖ്‌റാനിൽ ഇന്നലെ നടന്ന ഭാരത് ശക്തി അഭ്യാസത്തെ ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, അഗ്‌നി-5 ലൂടെ ലോകത്തിലെ എക്‌സ്‌ക്ലൂസീവ് ക്ലബ്ബിൽ ഇന്ത്യ ചേർന്നതും, കാർഷിക മേഖലയിൽ ഡ്രോൺ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് 2 ദിവസം മുമ്പ് നമോ ഡ്രോൺ ദീദി പദ്ധതി പ്രകാരം ആയിരക്കണക്കിന് ഡ്രോണുകൾ സ്ത്രീകൾക്ക് കൈമാറിയതും ഗഗൻയാനിനായുള്ള ഇന്ത്യയുടെ ഒരുക്കങ്ങൾ ശക്തി പ്രാപിക്കുന്നതും, കൂടാതെ അടുത്തിടെ ഉദ്ഘാടനം ചെയ്യപ്പെട്ട ഇന്ത്യയിലെ ആദ്യത്തെ മെയ്ഡ് ഇൻ ഇന്ത്യ ഫാസ്റ്റ് ബ്രീഡർ ന്യൂക്ലിയർ റിയാക്ടറമെല്ലാം പരാമർശിച്ചു. ”ഈ പരിശ്രമങ്ങളെല്ലാം, ഈ പദ്ധതികളെല്ലാം, ഇന്ത്യയെ വികസനമെന്ന ലക്ഷ്യത്തിലേക്ക് അടുപ്പിക്കുന്നു. തീർച്ചയായും, ഇന്നത്തെ ഈ മൂന്ന് പദ്ധതികൾക്കും ഇതിൽ വലിയ പങ്കുണ്ട്”, പ്രധാനമന്ത്രി മോദി കൂട്ടിച്ചേർത്തു.
ഇന്നത്തെ ലോകത്ത് AI യുടെ മുന്നേറ്റത്തെപ്പറ്റി പരാമർശിച്ച പ്രധാനമന്ത്രി വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ തന്റെ പ്രസംഗം ഒന്നിലധികം ഭാഷകളിലേക്ക് വിവർത്തനം ചെയ്തതിന്റെ ഉദാഹരണത്തെപ്പറ്റി എടുത്തുപറയുകയും ചെയ്തു. വിവിധ ഇന്ത്യൻ ഭാഷകളിൽ പ്രധാനമന്ത്രിയുടെ സന്ദേശം രാജ്യത്തുടനീളം പ്രചരിപ്പിക്കാൻ മുൻകൈയെടുക്കുന്ന ഇന്ത്യയിലെ യുവാക്കളെ അദ്ദേഹം അഭിനന്ദിച്ചു. “ഇന്ത്യയിലെ യുവാക്കൾ കഴിവുള്ളവരാണ്, അവർക്ക് കൂടുതൽ അവസരങ്ങൾ ലഭിക്കണം. സെമികണ്ടക്ടർ സംരംഭം അത്തരം അവസരങ്ങൾ ഇന്ന് ഇന്ത്യയിലേക്ക് കൊണ്ടുവന്നുകൊണ്ടിരിക്കുകയാണ് ”, പ്രധാനമന്ത്രി പറഞ്ഞു. മൂന്ന് സെമികണ്ടക്ടർ കേന്ദ്രങ്ങളിൽ ഒന്നിന്റെ തറക്കല്ലിടൽ ഇന്ന് അസമിൽ നിർവഹിച്ച പ്രധാനമന്ത്രി, വടക്കു കിഴക്കൻ മേഖലയിൽ നടക്കുന്ന വികസനങ്ങളെ പ്രത്യേകം അഭിനന്ദിച്ചു. പ്രസംഗം ഉപസംഹരിച്ചുകൊണ്ട് ഇന്ത്യയുടെ പുരോഗതി ശക്തിപ്പെടുത്താൻ എല്ലാവരേയും ഉദ്‌ബോധിപ്പിച്ച പ്രധാനമന്ത്രി, “മോദിയുടെ ഉറപ്പ് എല്ലാവർക്കും, എല്ലാവരുടെയും ഭാവിക്കും വേണ്ടിയുള്ളതാണ്” എന്ന് പറഞ്ഞു. കേന്ദ്ര ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രി ശ്രീ അശ്വിനി വൈഷ്ണവ്, സഹമന്ത്രി ശ്രീ രാജീവ് ചന്ദ്രശേഖർ, അസം മുഖ്യമന്ത്രി ശ്രീ ഹിമന്ത ബിശ്വ ശർമ, ഗുജറാത്ത് മുഖ്യമന്ത്രി ശ്രീ ഭൂപേന്ദ്ര പട്ടേൽ, സി ജി പവർ & ഇൻഡസ്ട്രിയൽ സൊല്യൂഷൻസ് ലിമിറ്റഡ് ചെയർമാൻ ശ്രീ വെള്ളയൻ സുബ്ബയ്യ, ടാറ്റ സൺസ് ചെയർമാൻ ശ്രീ നടരാജൻ ചന്ദ്രശേഖരൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.