ശാസ്ത്രബോധം ജീവിതത്തിന്റെ വഴികാട്ടിയാകണം: മുഖ്യമന്ത്രി
33 മത് ശാസ്ത്ര കോണ്‍ഗ്രസിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു
തിരുവനന്തപുരം: ഇന്ത്യന്‍ ജനതയില്‍ ശാസ്ത്രബോധം വളര്‍ത്താനുള്ള ശ്രമത്തില്‍ ഇനിയുമേറെ മുന്നേറണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ശാസ്ത്രവും സാങ്കേതിക വിദ്യയും ഏറെ ഉയരത്തിലെത്തിയ കാലത്ത് ശാസ്ത്രമാണ് ജീവിതത്തിന്റെ വഴികാട്ടിയാകേണ്ടത് എന്ന തിരിച്ചറിവ് സമൂഹത്തിലാകെ ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. 33മത് ശാസ്ത്ര കോണ്‍ഗ്രസിന്റെ ഔപചാരിക ഉദ്ഘാടനചടങ്ങ് നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
വ്യക്തിയും സമൂഹവും രാഷ്ട്രവും നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ ശാസ്ത്രത്തിന്റെ രീതിയാണ് ഉത്തമം എന്ന ബോധ്യം എല്ലാതലത്തിലും ഉണ്ടാകാകേണ്ടതുണ്ട്.. ശാസ്ത്രവിദ്യാഭ്യാസം നേടിയവര്‍ പോലും അന്ധവിശ്വാസങ്ങളുടേയും കപടശാസ്ത്രങ്ങളുടേയും പ്രചാരകരാകുന്ന ഈ കാലത്ത് ഇത് പ്രസക്തമാണ്. രാജ്യത്തെ അഭിവൃദ്ധിയിലേക്ക് നയിക്കാന്‍ ശാസ്ത്രീയമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ കാരണക്കാരായി എന്നതാണ് ആധുനിക ഇന്ത്യയുടെ ചരിത്രം വ്യക്തമാക്കുന്നത്. ഭരണഘടന വിഭാവനം ചെയ്യുന്ന ശാസ്ത്രബോധം ഇന്ത്യയില്‍ വളര്‍ന്നോ എന്ന ചോദ്യത്തിന്റെ മറുപടി അല്‍പം അസ്വസ്തമാക്കുന്നതാണ്. വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ ഏറെ മുന്നോട്ടുപോയെങ്കിലും ദുര്‍മന്ത്രവാദത്തിന്റെ പേരിലുള്ള പീഡനവും മരണവും നടക്കുന്നുണ്ടെന്നതും നാം ഓര്‍ക്കണം.
ലോകത്തെയാകെ ഗ്രസിച്ച മഹാമാരി നേരിടാന്‍ ശാസ്ത്രീയമായ ഇടപെടലുകള്‍ രാജ്യത്ത് ശാസ്ത്രബോധം വളര്‍ത്തേണ്ടതിന്റെ അനിവാര്യത വ്യക്തമാക്കുന്നു. കോവിഡ് കാലം തിരിച്ചറിവിന്റെ കാലഘട്ടമാണ്. തുടക്കം മുതല്‍ ശാസ്ത്രത്തെ ഉപയോഗിച്ചാണ് വൈറസിനെ ലോകം നേരിട്ടത്. അതുകൊണ്ടുതന്നെ ശാസ്ത്രബോധം വളര്‍ത്തല്‍ പരമപ്രധാനമാണ്. ശാസ്ത്രീയവീക്ഷണത്തോടെ രോഗത്തെ മനസിലാക്കി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുകയാണ് വേണ്ടത്. ശാസ്ത്രം സമൂഹത്തില്‍ എങ്ങനെയൊക്കെ പ്രവര്‍ത്തിക്കുന്നുവെന്നതിന്റെ കൃത്യമായ ഉദാഹരണമാണ് ലോകത്താകെ കണ്ടത്. ജീവിതത്തിന്റെ വഴികാട്ടിയായി ശാസ്ത്രബോധത്തെ സ്വീകരിക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കണം. വിവിധ മഹാമാരികള്‍ വന്നപ്പോഴും പശ്ചാത്തല വികസനത്തിലും അടിസ്ഥാന സൗകര്യത്തിലും മുന്നേറ്റം നടത്താന്‍ കേരളത്തിന് സാധിച്ചത് ഇത്തരം ശാസ്ത്രീയ വീക്ഷണം കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.
ശാസ്ത്രഗവേഷണ സ്ഥാപനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിച്ച് ശക്തിപ്പെടുത്തുന്നതിനൊപ്പം കാലാനുസൃതമായ സ്ഥാപനങ്ങള്‍ ആരംഭിക്കുന്നതിനും സര്‍ക്കാരിനായി. അറിവിന് പ്രാമുഖ്യം നല്‍കുന്ന സമൂഹമായി മാറുക എന്നതിലേക്കാണ് നാം നീങ്ങുന്നത്. ശാസ്ത്രസ്ഥാപനങ്ങള്‍ മാത്രമല്ല, എല്ലാ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങളിലും സേവനങ്ങളിലും പൊതുജനങ്ങള്‍ക്ക് ഗുണകരമാകുംവിധം കാലാനുസൃതമായ മാറ്റം കൊണ്ടുവരാനാണ് ശ്രമിക്കുന്നത്.ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ പൊതുബോധത്തില്‍ ശാസ്ത്രാവബോധം വളര്‍ത്താന്‍ ഏറെ സഹായകമായതായും മുഖ്യമന്ത്രി പറഞ്ഞു.