എസ്ബിഐ എസ്എംഇ ഡിജിറ്റൽ ബിസിനസ് ലോൺ
കൊച്ചി: ചെറുകിട സംരംഭങ്ങള്ക്കായുള്ള വായ്പാ മേഖലയില് എസ്ബിഐ എസ്എംഇ ഡിജിറ്റല് ബിസിനസ് ലോണ് അവതരിപ്പിച്ചു. വരുന്ന അഞ്ചു വര്ഷങ്ങളില് ബാങ്കിന്റെ വളര്ച്ചയിലും ലാഭക്ഷമതയിലും എംഎസ്എംഇ വായ്പകള് പ്രധാന പങ്കു വഹിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഈ രംഗത്ത് ഗണ്യമായ ഒരു ചുവടു വെപ്പാണ് 45 മിനിറ്റിനുള്ളില് ചെറുകിട, ഇടത്തരം സംരംഭങ്ങള്ക്ക് ഡിജിറ്റല് വായ്പകള് അംഗീകരിച്ചു നല്കുന്ന ഈ നീക്കം. ആദായ നികുതി റിട്ടേണ്, ജിഎസ്ടി റിട്ടേണ്, ബാങ്ക് സ്റ്റേറ്റ്മെന്റുകള് തുടങ്ങിയ ആധികാരിക സ്രോതസുകളില് നിന്നുള്ള ഡാറ്റ പ്രയോജനപ്പെടുത്തിയും അത്യാധുനീക സാങ്കേതികവിദ്യ ഉപയോഗിച്ചുമാണ് ഈ വായ്പകള് അവതരിപ്പിക്കുന്നത്. മാനുഷിക ഇടപെടലുകള് ഇല്ലാതെ ആവശ്യമായ വിവരങ്ങള് നല്കിയാല് പത്തു സെക്കന്റിനുള്ളില് അനുവദിക്കുന്നതു സംബന്ധിച്ച തീരുമാനം കൈക്കൊള്ളും.
പരമ്പരാഗത രീതിയിലെ അണ്ടര്റൈറ്റിങ്, ദൈര്ഘ്യമായ വിലയിരുത്തല് പ്രക്രിയകള് ഇതിലൂടെ ഒഴിവാക്കപ്പെടുകയും എംഎസ്എംഇ വായ്പകള് ലളിതമാക്കുകയും ചെയ്യും. 50 ലക്ഷം രൂപ വരെയുള്ള വായ്പകള്ക്ക് സാമ്പത്തിക സ്റ്റേറ്റ്മെന്റിന്റെ ആവശ്യകത ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്. എസ്എംഇ ഡിജിറ്റല് വായ്പകളുമായി ഈ രംഗത്ത് തങ്ങള് പുതിയൊരു നിലവാരത്തിനു തുടക്കം കുറിച്ചിരിക്കുകയാണെന്ന് എസ്ബിഐ ചെയര്മാന് ദിനേഷ് ഖാരെ പറഞ്ഞു.