അഗ്നിവീറുകള്‍ക്കായി എസ്.ബി.ഐ.യുടെ പ്രത്യേക വായ്പാ പദ്ധതി

കൊച്ചി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 79-ാം സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് അഗ്നിവീറുകള്‍ക്കായി പ്രത്യേക പേഴ്സണല്‍ വായ്പാ പദ്ധതി അവതരിപ്പിച്ചു. സര്‍ക്കാരിന്‍റെ ഹ്രസ്വകാല അഗ്നിപഥ് റിക്രൂട്ട്മെന്‍റിനു കീഴിലുള്ള യുവതീ യുവാക്കള്‍ക്കായാണ് ഇത്. ഈ പദ്ധതിയനുസരിച്ച് എസ്ബിഐയില്‍ ശമ്പള അക്കൗണ്ടുള്ള അഗ്നിവീറുകള്‍ക്ക് വസ്തു ഈടില്ലാതെ 4 ലക്ഷം രൂപ വരെ പേഴ്സണല്‍ വായ്പകള്‍ ലഭിക്കുകയും പ്രോസസ്സസിങ് ഫീസ് പൂര്‍ണമായി ഒഴിവാക്കി നല്‍കുകയും ചെയ്യും. അഗ്നിപഥ് പദ്ധതിയുടെ വ്യവസ്ഥകള്‍ക്ക് അനുസരിച്ചാവും തിരിച്ചടവു കാലാവധി. ഏറ്റവും സൗകര്യപ്രദമായ രീതിയിലും പ്രയോജനകരമായ രീതിയിലുമാകും തിരച്ചടവ്. ഇവയ്ക്കെല്ലാം പുറമേ പ്രതിരോധ സേനാംഗങ്ങള്‍ക്ക് 2025 സെപ്റ്റംബര്‍ 30 വരെ 10.50 ശതമാനമെന്ന ഏറ്റവും കുറഞ്ഞ ഫ്ളാറ്റ് പലിശ നിരക്കും ലഭ്യമാക്കും. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് അഗ്നിവീറുകള്‍ക്കായുള്ള ഈ സവിശേഷമായ പദ്ധതി അവതരിപ്പിക്കാന്‍ തങ്ങള്‍ക്ക് അഭിമാനമുണ്ടെന്ന് എസ്ബിഐ ചെയര്‍മാന്‍ സി എസ് സെട്ടി പറഞ്ഞു. ഇന്ത്യന്‍ സായുധ സേനാംഗങ്ങളുടെ ക്ഷേമത്തിനായി ദീര്‍ഘകാലമായി ബാങ്ക് പിന്തുടര്‍ന്നു വരുന്ന ഡിഫന്‍സ് സാലറി പാക്കേജ് ഉള്‍പ്പെടെയുള്ള പ്രതിബദ്ധതയുടെ അടിസ്ഥാനത്തിലാണ് ഈ നീക്കങ്ങള്‍ ഇവ അഗ്നിവീറുകള്‍ക്കും ലഭ്യമാണ്. സീറോ ബാലന്‍സ് അക്കൗണ്ടുകല്‍, സൗജന്യ അന്താരാഷ്ട്ര ഗോള്‍ഡ് ഡെബിറ്റ് കാര്‍ഡുകള്‍, രാജ്യമൊട്ടാകെയുള്ള എസ്ബിഐ എടിഎമ്മുകളില്‍ പരിധിയില്ലാത്ത സൗജന്യ എടിഎം ഇടപാടുകള്‍, ഡെബിറ്റ് കാര്‍ഡുകളുടെ വാര്‍ഷിക ചാര്‍ജുകള്‍ ഒഴിവാക്കല്‍, കോംപ്ലിമെന്‍ററി വ്യക്തിഗത അപകട ഇന്‍ഷുറന്‍സ് (50 ലക്ഷം രൂപ), വ്യോമ അപകടം ഇന്‍ഷുറന്‍സ് (ഒരു കോടി രൂപ) തുടങ്ങിയവയ്ക്ക് ഒപ്പം 50 ലക്ഷം രൂപ വരെയുള്ള സ്ഥിര വൈകല്യ ആനുകൂല്യങ്ങള്‍ അടക്കമുള്ള മറ്റു നേട്ടങ്ങളും ബാങ്ക് ലഭ്യമാക്കുന്നുണ്ട്.