പരിവര്‍ത്തന പദ്ധതിയില്‍ ഏറെ ദൂരം മുന്നോട്ട് പോയതായി സൗദിയ
അന്താരാഷ്ട്ര ലോജിസ്റ്റിക്‌സ് ഹബ്ബാക്കി സൗദി അറേബ്യയെ ഉയര്‍ത്തുകയെന്ന ലക്ഷ്യത്തോടെ ഗതാഗത മന്ത്രാലയവുമായി സൗദിയ സഹകരിക്കുന്നുണ്ട്
ജിദ്ദ: എസ്‌വി 2020 പരിവര്‍ത്തന പദ്ധതിയില്‍ ഏറെ ദൂരം മുന്നോട്ട് പോയതായി സൗദി അറേബ്യന്‍ വിമാനക്കമ്പനിയായ സൗദിയയുടെ അസിസ്റ്റന്റ് ഡയറക്ടര്‍ ജനറല്‍ ഫോര്‍ കമ്മ്യൂണിക്കേഷന്‍സ് ഖാലിദ് ബിന്‍ അബ്ദുള്‍ഖാദര്‍ തഷ്. സൗദി അറേബ്യയുടെ സമഗ്ര വികസനം ലക്ഷ്യമിടുന്ന വിഷന്‍ 2030 പദ്ധതിക്ക് അനുബന്ധമായാണ് എസ്‌വി 2020 പരിവര്‍ത്തന പദ്ധതി നീങ്ങുന്നതെന്നും അബ്ദുള്‍ഖാദര്‍ വ്യക്തമാക്കി.
അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് സൗദിയ പരിവര്‍ത്തന പദ്ധതി അവതരിപ്പിച്ചത്. 84 പുതിയ വിമാനങ്ങളുടെ ഏറ്റെടുപ്പിലൂടെ വിമാനങ്ങളുടെ ശൃംഖല ആധുനികവല്‍ക്കരിക്കുക, ബിസിനസിന്റെ എല്ലാ മേഖലകളിലും പലവിധ മാറ്റങ്ങള്‍ കൊണ്ടുവരിക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യങ്ങള്‍. പദ്ധതിയോട് അനുബന്ധിച്ച് എയര്‍ലൈന്‍ സര്‍വീസ് രംഗത്ത് സൗദിയ നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചതായി അബ്ദുള്‍ഖാദര്‍ പറഞ്ഞു. മാത്രമല്ല നിലവിലുള്ള കാബിന്‍ ജീവനക്കാര്‍ വളരെ മികച്ച രീതിയിലുള്ള പരിശീലനം ലഭ്യമാക്കിയതായും അദ്ദേഹം പറഞ്ഞു. വിമാനങ്ങള്‍ക്കുള്ളില്‍ യാത്രക്കാര്‍ക്കായി പുതിയ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കുന്നതില്‍ സൗദിയ എപ്പോഴും താല്‍പ്പര്യം പ്രകടിപ്പി്ച്ചിട്ടുണ്ട്. വിമാനത്തിനുള്ളില്‍ എല്ലാവര്‍ക്കും ഇന്റെര്‍നെറ്റ് ലഭ്യമാക്കുന്നതിന് പുറമേ, ഫുഡ് മെനു മുതല്‍ വിനോദ അവസരങ്ങള്‍ വരെ പല സൗകര്യങ്ങളും യാത്രക്കാര്‍ക്കായി സൗദിയ അവതരിപ്പിച്ചിട്ടുണ്ട്.
സൗദിയയുടെ ഓണ്‍ലൈന്‍ ബുക്കിംഗ്, സെയില്‍സ് സംവിധാനങ്ങള്‍ മെച്ചപ്പെടുത്തിയതായും അബ്ദുള്‍ഖാദര്‍ അറിയിച്ചു. സൗദിയിലെ ടൂറിസം മന്ത്രാലയത്തിന്റെ തന്ത്രപ്രധാന പങ്കാളിയാണ് സൗദിയ. ഇതുകൂടാതെ, സാംസ്‌കാരിക മന്ത്രാലയം, കായിക മന്ത്രാലയം, ജനറല്‍ എന്റെര്‍ടെയ്ന്‍മെന്റ് അതോറിട്ടി, എന്നിവരുമായും സൗദിയയ്ക്ക് പങ്കാളിത്തമുണ്ട്. ഹജ്ജ്, ഉമ്ര മന്ത്രാലയവുമായുള്ള പങ്കാളിത്തത്തിലൂടെ തീര്‍ത്ഥാടകര്‍ക്ക് എളുപ്പത്തിലും കൂടുതല്‍ സൗകര്യപ്രദമായും പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതിനുള്ള ഡിജിറ്റല്‍ ഉല്‍പ്പന്നങ്ങളും സൗദിയ പുറത്തിറക്കിയിട്ടുണ്ട്.