പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് രണ്ട് ഡെപ്യൂട്ടി ഗവര്‍ണര്‍മാരെ നിയമിച്ചു
തുര്‍ക്കി അല്‍നോവൈസറും യസീദ് അല്‍ഹുമെയ്ദുമാണ് പുതിയ ഡെപ്യൂട്ടി ഗവര്‍ണര്‍മാര്‍
റിയാദ്: സ്വദേശത്തും വിദേശത്തും നിക്ഷേപങ്ങള്‍ വര്‍ധിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമായി സൗദി അറേബ്യയിലെ സോവറീന്‍ വെല്‍ത്ത് ഫണ്ടായ പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് രണ്ട് ഡെപ്യൂട്ടി ഗവര്‍ണര്‍മാരെ നിയമിച്ചു. തുര്‍ക്കി അല്‍നോവൈസറും യസീദ് അല്‍ഹുമെയ്ദുമാണ് 430 ബില്യണ്‍ ഡോളര്‍ ആസ്തിയുള്ള പിഐഎഫിന്റെ പുതിയ ഡെപ്യൂട്ടി ഗവര്‍ണര്‍മാര്‍.
നിലവിലെ ഉത്തരവാദിത്വങ്ങള്‍ക്ക് പുറമേ ഫണ്ടിന്റെ വളര്‍ച്ചയ്ക്കും വിപുലീകരണ പദ്ധതികള്‍ക്കും പിന്തുണ നല്‍കുകയെന്നതാണ് പുതിയ ഡെപ്യൂട്ടി ഗവര്‍ണര്‍മാരുടെ ഉത്തരവാദിത്വമെന്ന് പിഐഎഫ് വ്യക്തമാക്കി. ഗവര്‍ണര്‍ യാസിര്‍ അല്‍ റുമയ്യാന്റെ അഭാവത്തില്‍ തെരഞ്ഞെടുത്ത മാനേജ്‌മെന്റ് കമ്മിറ്റികളില്‍ ഡെപ്യൂട്ടി ചുമതലകളിലും ഇവരുണ്ടാകുമെന്ന് ഫണ്ട് അറിയിച്ചു.
പിഐഎഫിന്റെ ഇന്റെര്‍നാഷണല്‍ ഇന്‍വെസ്റ്റ്‌മെന്റ് വിഭാഗം മേധാവിയാണ് അല്‍നോവൈസര്‍. അതേസമയം പശ്ചിമേഷ്യ, വടക്കന്‍ ആഫ്രിക്ക ഇന്‍വെസ്റ്റ്‌മെന്റ്‌സ് മേധാവിയാണ് അല്‍ഹുമെയ്ദ്.
ദശാബ്ദങ്ങള്‍ക്കിടെ സമ്പദ് വ്യവസ്ഥയെ പിടിച്ചുലച്ച കടുത്ത സാമ്പത്തിക മാന്ദ്യത്തിന് ശേഷം വളര്‍ച്ച തിരിച്ചുപിടിക്കാനുള്ള ലോകത്തിലെ ഏറ്റവും വലിയ എണ്ണക്കയറ്റുമതി രാജ്യമായ സൗദി അറേബ്യയുടെ ശ്രമങ്ങളില്‍ സുപ്രധാന പങ്കാളിയാണ് രാജ്യത്തെ വെല്‍ത്ത് ഫണ്ട്. സൗദി കിരീടാവകാശിയായ മുഹമ്മദ് ബിന്‍ സല്‍മാന്റെ അധ്യക്ഷതയില്‍ 2025ഓടെ ഫണ്ടിന് കീഴിലുള്ള ആസ്തികളുടെ മൂല്യം 1.1 ട്രില്യണ്‍ ഡോളറാക്കി ഉയര്‍ത്തുന്നതിനുള്ള കര്‍മപദ്ധതിക്ക് പിഐഎഫ് രൂപം നല്‍കിയിരുന്നു. എല്ലാ വര്‍ഷവും സൗദി സമ്പദ് വ്യവസ്ഥയില്‍ 40 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കുമെന്നും പിഐഎഫ് അറിയിച്ചിട്ടുണ്ട്.
യുബര്‍ ടെക്‌നോളജീസില്‍ അടക്കം മുന്‍ വര്‍ഷങ്ങളില്‍ പിഐഎഫ് ശ്രദ്ധേയമായ നിരവധി നിക്ഷേപങ്ങള്‍ നടത്തിയിരുന്നു. സോഫ്റ്റ്ബാങ്കിന്റെ വിഷന്‍ ഫണ്ടില്‍ വന്‍തുകയുടെ നിക്ഷേപ വാഗ്ദാനവും പിഐഎഫ് നടത്തിയിട്ടുണ്ട്. ഈ വര്‍ഷം ആദ്യപാദത്തില്‍, പിഐഎഫ് വീഡിയോ ഗെയിം കമ്പനികളിലുള്ള നിക്ഷേപം പകര്‍ച്ചവ്യാധിക്ക് മുമ്പുണ്ടായിരുന്നതിനേക്കാള്‍ ഇരട്ടിയാക്കി. മാത്രമല്ല പിഐഎഫിന്റെ കൈവശമുള്ള അമേരിക്കന്‍ ഓഹരികളുടെ മൂല്യം അഞ്ചിലൊന്ന് ഉയര്‍ത്തി 15.4 ബില്യണ്‍ ഡോളറാക്കാനും പിഐഎഫിന് സാധിച്ചു.