November 24, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

സൗദിയില്‍ പൊതുഗതാഗതം ഉപയോഗിക്കുന്നതിനും ഓഫീസുകളില്‍ കയറുന്നതിനും വാക്‌സിനേഷന്‍ നിര്‍ബന്ധം

1 min read

ഓഗസ്റ്റ് ഒന്നോടെ നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വരും

റിയാദ്: ചില സേവനങ്ങളും സംവിധാനങ്ങളും കോവിഡ്-19നെതിരായ വാക്‌സിന്‍ എടുത്തവര്‍ക്ക് മാത്രമായി ചുരുക്കുമെന്ന് സൗദി അറേബ്യ. പുതിയ നിയന്ത്രണങ്ങള്‍ പ്രകാരം പൊതുഗതാഗതം ഉപയോഗിക്കുന്നതിനും സര്‍ക്കാര്‍, സ്വകാര്യ ഓഫീസുകളില്‍ പ്രവേശിക്കുന്നതിനും കോവിഡ് വാക്‌സിന്‍ എടുത്തവര്‍ക്ക് മാത്രമേ അനുമതിയുണ്ടായിരിക്കുകയുള്ളു. പുതിയ നിയന്ത്രണങ്ങള്‍ ഓഗസ്റ്റ് ഒന്നിന് പ്രാബല്യത്തില്‍ വരുമെന്ന് സൗജി ആഭ്യന്തര മന്ത്രാലയത്തെ ഉദ്ധരിച്ച് സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

സര്‍ക്കാര്‍ തീരുമാനപ്രകാരം സാമ്പത്തിക, വാണിജ്യ, സാംസ്‌കാരിക, വിനോദ, സാമൂഹിക, ശാസ്ത്ര പരിപാടികളില്‍ പങ്കെടുക്കുന്നതിനും സര്‍ക്കാര്‍,സ്വകാര്യ സ്ഥാപനങ്ങളില്‍ പ്രവേശിക്കുന്നതിനോ, പൊതു, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശിക്കുന്നതിനോ, പൊതുഗതാഗതം ഉപയോഗിക്കുന്നതിനോ ഓഗസ്റ്റ് ഒന്ന് മുതല്‍ വാക്‌സിനേഷന്‍ നിര്‍ബന്ധമാണ്. പൗരന്മാരുടെയും പ്രവാസികളുടെയും വാക്‌സിനേഷന്‍ വിവരങ്ങള്‍ക്കായി തവക്കല്‍ന ആപ്പിനെ ആയിരിക്കും ആശ്രയിക്കുക. രാജ്യത്ത് പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നേരിട്ടെത്തി പഠനം നടത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അനുവദിനീയമായ പ്രായപരിധിയില്‍ ആരോഗ്യ, വിദ്യാഭ്യാസ മന്ത്രാലയങ്ങള്‍ തീരുമാനമെടുക്കും.

രാജ്യത്തെ നിശ്ചിത വിഭാഗം ജനങ്ങള്‍ക്ക് വാക്‌സിന്‍ ലഭ്യമാക്കിയതോടെ നിയന്ത്രണങ്ങള്‍ പതുക്കെപ്പതുക്കെ എടുത്തുകളയാനുള്ള പദ്ധതിയിലാണ് സൗദി അറേബ്യ. ഇതിന്റെ ഭാഗമായി തിങ്കളാഴ്ച രാജ്യം അന്താരാഷ്ട്ര ഗതാഗതം പുനഃസ്ഥാപിച്ചിരുന്നു. അതേസമയം 13 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് സൗദിയില്‍ പ്രവേശിക്കുന്നതിനുള്ള വിലക്ക് നിലനിര്‍ത്തിയിട്ടുണ്ട്. ലിബിയ, സിറിയ, ലെബനന്‍, യെമന്‍, ഇറാന്‍, തുര്‍ക്കി, അര്‍മേനിയ, സൊമാലിയ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോങ്കോ, അഫ്ഗാനിസ്ഥാന്‍, വെനസ്വെല, ബെലറസ്, ഇന്ത്യ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് വിലക്ക് നിലനില്‍ക്കുന്നത്.

രാജ്യം അംഗീകരിച്ച വാക്‌സിന്റെ രണ്ടു ഡോസുകളും എടുത്ത പൗരന്മാരും വിദേശികളുമായിട്ടുള്ളവര്‍ക്ക് സൗദി അറേബ്യയില്‍ എത്തിക്കഴിഞ്ഞാല്‍ ക്വാറന്റീന്‍ ആവശ്യമില്ല. കോവിഡ്-19 വാക്‌സിന്‍ എടുക്കാതെ രാജ്യത്തെത്തുന്ന പൗരന്മാര്‍ അല്ലാത്തവര്‍ക്ക് ഏഴ് ദിവസം ക്വാറന്റീന്‍ നിര്‍ബന്ധമാണ്. ഇതുവരെ സൗദിയില്‍ 11.8 മില്യണ്‍ ആളുകള്‍ക്കാണ് കോവിഡ്-19 വാക്‌സിന്‍ ലഭ്യമാക്കിയത്. പ്രതിദിനം ശരാശരി 137,068 പേര്‍ക്കാണ് സൗദി വാക്‌സിന്‍ നല്‍കുന്നത്. നിലവില്‍ രാജ്യത്തെ മൊത്തം ജനസംഖ്യയുടെ 34 ശതമാനത്തോളം പേര്‍ വാക്‌സിന്റെ ഒരു സോഡെങ്കിലും സ്വീകരിച്ചു.

Maintained By : Studio3