വിപണി സാഹചര്യം അനുകൂലമെങ്കിൽ അരാംകോ കൂടുതൽ ഓഹരികൾ വിൽക്കുമെന്ന് പിഐഎഫ് മേധാവി
1 min read2019ൽ നടന്ന റെക്കോഡ് ഐപിഒയിലൂടെ സൌദി സർക്കാർ അരാംകോയുടെ 1.7 ശതമാനം ഓഹരികൾ വിറ്റ് 29.4 ബില്യൺ ഡോളർ സമാഹരിച്ചിരുന്നു
റിയാദ്: വിപണി സാഹചര്യങ്ങൾ അനുകൂലമായാൽ സൌദി അരാംകോയുടെ കൂടുതൽ ഓഹരികൾ വിൽക്കുന്ന കാര്യം സർക്കാർ പരിഗണിക്കുമെന്ന് സൌദിയുടെ സോവറീൻ വെൽത്ത് ഫണ്ടായ പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട് (പിഐഎഫ്) മേധാവി യാസിർ അൽ-റുമയ്യാൻ. 2019ൽ നടന്ന അരാംകോയുടെ റെക്കോഡ് പ്രാഥമിക ഓഹരി വിൽപ്പനയിലൂടെ സൌദി സർക്കാർ 29.4 ബില്യൺ ഡോളർ സമാഹരിച്ചിരുന്നു. 1.7 ശതമാനം ഓഹരികളാണ് അന്ന് അരാംകോ വിറ്റത്.
അരാംകോയുടെ പ്രാഥമിക ഓഹരി വിൽപ്പനയോടെ സൌദി അറേബ്യയിൽ കൂടുതൽ കമ്പനികൾ പ്രാഥമിക ഓഹരി വിൽപ്പന നടത്തിയിരുന്നു. എണ്ണയിലുള്ള ആശ്രിതത്വം കുറയ്ക്കുയെന്ന ലക്ഷ്യത്തോടെ നടപ്പിലാക്കിയ പരിഷ്കാരങ്ങളാണ് ലിസ്റ്റിംഗ് നടത്താൻ കൂടുതൽ കമ്പനികൾക്ക് ആത്മവിശ്വാസം നൽകിയത്. അരാംകോയുടെയോ പിഐഎഫിന്റെയോ ബാലൻസ് ഷീറ്റും ധനസ്ഥിതിയും തമ്മിൽ നേരിട്ട് ഒരു ബന്ധവും ഇല്ലെന്നും വിപണി സാഹചര്യം അനുകൂലമായാൽ ഓഹരികളുടെ ലിസ്റ്റിംഗ് നടക്കുമെന്നും റുമയ്യാൻ പറഞ്ഞു. വരും വർഷങ്ങളിൽ പിഐഎഫിന്റെ ആസ്തി നിലവിലെ 570 ബില്യൺ റിയാലിൽ നിന്നും 1.5 ട്രില്യൺ റിയാലാക്കി ഉയർത്തുമെന്നും പിഐഎഫ് ഗവർണർ കൂട്ടിച്ചേർത്തു.
സൌദി സമ്പദ് വ്യവസ്ഥയുടെ നെടുംതൂണും രാജ്യത്തിന്റെ സാമൂഹിക, സാമ്പത്തിക ഉന്നമനം ലക്ഷ്യമിടുന്ന വിഷൻ 2030യുടെ അധാരവും ആയി പിഐഎഫ് മാറിക്കഴിഞ്ഞു. 2021-2025 കാലഘട്ടം ലക്ഷ്യമാക്കിയുള്ള പിഐഎഫിന്റെ പഞ്ചവൽസര നയത്തെ ശക്തിപ്പെടുത്തുന്നതിനുള്ള എട്ട് പ്രധാന നയങ്ങൾക്ക് രൂപം നൽകാനുള്ള ശ്രമത്തിലാണ് പിഐഎഫ്. സൌദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ച പുതിയ നയം അനുസരിച്ച് പ്രാദേശിക നിക്ഷേപങ്ങൾക്കായിരിക്കും പിഐഎഫ് ഇനി ഊന്നൽ നൽകുക. പ്രാദേശിക നിക്ഷേപങ്ങൾക്കായി നാല് പോർട്ട്ഫോളിയോകളും വിദേശ നിക്ഷേപങ്ങൾക്കായി രണ്ട് പോർട്ട്ഫോളിയോകളുമാണ് പിഐഎഫ് മാറ്റിവെച്ചിരിക്കുന്നത്. അടുത്ത അഞ്ച് വർഷങ്ങളിലായി പുതിയ പ്രോജക്ടുകളിൽ 1 ട്രില്യൺ റിയാൽ നിക്ഷേപിക്കാനാണ് പിഐഎഫിന്റെ പദ്ധതിയെന്നും റുമയ്യാൻ കൂട്ടിച്ചേർത്തു.
പുതിയ പ്രോജക്ടുകളിൽ പിഐഎഫ് നടത്തുന്ന നിക്ഷേപക്കാര്യങ്ങളിൽ സൌദി സർക്കാരാണ് തീരുമാനമെടുക്കുക. പിഐഎഫിന് കീഴിലുള്ള കമ്പനികളുടെ ലാഭം ആശ്രയിച്ചാണ് ഭാവി പ്രോജക്ടുകളിൽ പിഐഎഫ് നിക്ഷേപം നടത്തുക. സോഫ്റ്റ്ബാങ്കിന്റെ 100 ബില്യൺ ഡോളറിന്റെ ടെക്നോളജി ഫണ്ടിൽ 45 ബില്യൺ ഡോളർ നിക്ഷേപിക്കുമെന്ന് 2017ൽ പിഐഎഫ് പ്രഖ്യാപിച്ചിരുന്നു. സോഫ്റ്റ്ബാങ്ക് ഏറ്റവും മെച്ചപ്പെട്ട സ്ഥിതിയിലാണ് ഇന്നുള്ളതെന്നും ഉയർന്ന ലാഭത്തിന് അത്രതന്നെ റിസ്കും ഉണ്ടെന്നും റുമയ്യാൻ പറഞ്ഞു. നിക്ഷേപങ്ങളിലും വാഗാദാനങ്ങളിലും വൈവിധ്യം കൊണ്ടുവരാനാണ് പിഐഎഫ് ശ്രമിക്കുന്നത്. പിഐഎഫിന് വലിയ നിക്ഷേപമുള്ള മറ്റൊരു കമ്പനി ലൂസിഡ് മോട്ടോഴ്സാണ്. കാലിഫോർണിയ ആസ്ഥാനമായ ഇലക്ട്രിക് കാർ കമ്പനിയിൽ പിഐഎഫിന് 1 ബില്യൺ ഡോളർ നിക്ഷേപമാണുള്ളത്. സൌദി അറേബ്യയിലെ ജിദ്ദയിൽ ഇലക്ട്രിക് വാഹന ഫാക്ടറി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് പിഐഎഫും ലൂസിഡ് മോട്ടോഴ്സും തമ്മിൽ ചർച്ചകൾ നടക്കുന്നതായി റിപ്പോർട്ടുകൾ ഉണ്ട്.
നല്ല ആശയങ്ങൾ പിഐഎഫിന് എപ്പോഴും സ്വീകാര്യമാണെന്നും പുതിയ നിക്ഷേപങ്ങളുമായി ബന്ധപ്പെട്ട് നിരവധി കമ്പനികളുമായി ചർച്ചകൾ നടത്തിവരികയാണെന്നും പേരുകൾ വെളിപ്പെടുത്താതെ പിഐഎഫ് മേധാവി വ്യക്തമാക്കി.