വീണ്ടും സഞ്ചാരികളെ വരവേല്‍ക്കാനൊരുങ്ങി . ടൂറിസ്റ്റ് വിസ ഉടന്‍ പുനഃരാരംഭിക്കുമെന്ന് സൗദി അറേബ്യ
പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തിലാണ് സൗദി ടൂറിസ്റ്റ് വിസ നിര്‍ത്തലാക്കിയത്
റിയാദ്: പകര്‍ച്ചവ്യാധി മൂലം നിര്‍ത്തിവെച്ച ടൂറിസ്റ്റ് വിസ ഉടന്‍ പുനഃരാരംഭിക്കാനുള്ള പദ്ധതിയുമായി സൗദി അറേബ്യ. സൗദി ടൂറിസം ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ബ്ലൂംബര്‍ഗാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ പ്രവര്‍ത്തനം തടസ്സപ്പെട്ട യാത്രാ വിപണിയുടെ വീണ്ടെടുപ്പ് ലക്ഷ്യമാക്കി പശ്ചിമേഷ്യയിലെയും യൂറോപ്പിലെയും രാജ്യങ്ങളുമായി ചേര്‍ന്ന് ഏകീകൃത പ്രോട്ടോക്കോളിന് രൂപം നല്‍കാനും സൗദി ശ്രമിക്കുന്നുണ്ട്.
എണ്ണയിലുള്ള ആശ്രിതത്വം കുറച്ച് സമ്പദ് വ്യവസ്ഥയെ വൈവിധ്യവല്‍ക്കരിക്കാന്‍ ലക്ഷ്യമിടുന്ന സൗദി അറേബ്യ വിദേശ ടൂറിസം പ്രധാനപ്പെട്ട വരുമാനമാര്‍ഗമായി വികസിപ്പിക്കാനുള്ള പദ്ധതിയിലാണ്. 2019 സെപ്റ്റംബറിലാണ് രാജ്യം അന്താരാഷ്ട്ര സഞ്ചാരികള്‍ക്ക് മുമ്പില്‍ തദ്ദേശീയ വിനോദ സഞ്ചാര മേഖലയുടെ വാതിലുകള്‍ തുറന്ന് കൊടുത്തത്. അതിന് മുമ്പ് ലോകത്ത് വിനോദ സഞ്ചാരികള്‍ക്ക് എത്തിച്ചേരാന്‍ ബുദ്ധിമുട്ടേറിയ രാജ്യങ്ങളിലൊന്നായിരുന്നു സൗദി. തീര്‍ത്ഥാടനത്തിനല്ലാതെ സൗദിയില്‍ എത്തുക പ്രയാസകരമായിരുന്നു.
എന്നാല്‍ 2030ഓടെ ടൂറിസം രംഗത്ത് നിന്നും ജിഡിപിയിലേക്കുള്ള സംഭാവന 10 ശതമാനമാക്കി ഉയര്‍ത്താനാണ് സൗദിയുടെ ലക്ഷ്യം. എന്നാല്‍ കൊറോണ വൈറസ് പകര്‍ച്ചവ്യാധി സൗദിയുടെ ടൂറിസം പദ്ധതികള്‍ക്ക് വിഘാതമായി. 2020 ഫെബ്രുവരിയില്‍ സൗദി രാജ്യത്ത് വിദേശ വിനോദ സഞ്ചാരികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു. വൈറസ് വ്യാപനം കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ പിന്നീട് രാജ്യത്തിനകത്തേക്കും പുറത്തേക്കുമുള്ള യാത്രകള്‍ക്കും വിലക്കേര്‍പ്പെടുത്തി. ഈ മാസം പകുതിയോടെയാണ് സൗദി വീണ്ടും അന്താരാഷ്ട്ര ഗതാഗത സര്‍വ്വീസ് പുനഃരാരംഭിച്ചത്.