ആഗോള ഉപഭോക്തൃ വിശ്വാസ സൂചികയില്‍ സൗദി അറേബ്യ ഒന്നാമത്
വ്യക്തിഗത സാമ്പത്തിക ശേഷി സൂചികയില്‍ സൗദി രണ്ടാംസ്ഥാനത്തെത്തി
റിയാദ്: മാര്‍ക്കറ്റ് റിസര്‍ച്ച് കമ്പനിയായ ഇപ്‌സോസിന്റെ മെയിലെ ഉപഭോക്തൃ വിശ്വാസ സൂചികയില്‍ സൗദി അറേബ്യ ഒന്നാമതെത്തി. തദ്ദേശീയ സമ്പദ് വ്യവസ്ഥകളില്‍ ഉപഭോക്താക്കള്‍ക്കുള്ള വിശ്വാസം സംബന്ധിച്ച് 23 രാജ്യങ്ങളില്‍ നടത്തിയ സര്‍വ്വേയുടെ അടിസ്ഥാനത്തിലാണ് ഇപ്‌സോസ് ഉപഭോക്തൃ വിശ്വാസ സൂചിക തയ്യാറാക്കിയത്. പ്രാദേശിക സമ്പദ് വ്യവസ്ഥയുടെ നിലവിലെ അവസ്ഥയും ഭാവിയും സംബന്ധിച്ച് ഉപഭേക്താക്കളുടെ പ്രതികരണങ്ങള്‍, വ്യക്തിഗത സാമ്പത്തിക സാഹചര്യം, നിക്ഷേപം എന്നിവ സംബന്ധിച്ച അവരുടെ വിലയിരുത്തലുകള്‍ എന്നിവയാണ് സൂചികയ്ക്കായി പരിഗണിച്ചത്.
വ്യക്തിഗത സാമ്പത്തിക ശേഷി സൂചികയിലും സൗദി നേട്ടമുണ്ടാക്കി. ഈ വിഭാഗത്തില്‍ രണ്ടാംസ്ഥാനമാണ് സൗദി നേടിയത്. നിക്ഷേപ വിശ്വാസ സൂചികയിലും സൗദി രണ്ടാമതെത്തിയതായി സൗദി പ്രസ്സ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. സാമ്പത്തികവും നിക്ഷേപകപരവുമായ തീരുമാനങ്ങള്‍ എടുക്കുന്നതിന് വിവിധ മേഖലകളും സര്‍ക്കാരും ഇത്തരം സൂചികകളിലെ മാറ്റങ്ങള്‍ പരിഗണനയ്ക്ക് എടുക്കാറുണ്ട്. വിവിധ പൊതുമേഖല സ്ഥാപനങ്ങളുടെ പ്രകടനം അളക്കുന്നതിനുള്ള സൗദിയിലെ ദേശീയ കേന്ദ്രവും (എഡിഎഎ) ഇത്തരം സൂചികകള്‍ കണക്കിലെടുക്കാറുണ്ട്.
വ്യക്തിഗത സാമ്പത്തിക ശേഷി, തദ്ദേശീയ ധനകാര്യ പ്രവണതകള്‍, നിക്ഷേപകാലാവസ്ഥ, പൊതുവായുള്ള തൊഴില്‍ സുരക്ഷ എന്നിവയാണ് ആഗോള ഉപഭോക്തൃ സൂചിക വിലയിരുത്തലിനായി പരിഗണിക്കുക.