വനിത മുന്നേറ്റം: സൌദി അറേബ്യയിൽ സ്ത്രീകൾ കോടതി ജഡ്ജിമാരാകും
1 min readസ്ത്രീകളെ ജഡ്ജിമാരായി നിയമിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചതായി മാനവവിഭവശേഷി സാമൂഹിക വികസന മന്ത്രാലയത്തിലെ വനിത ശാക്തീകരണ വകുപ്പ് അണ്ടർ സെക്രട്ടറി ഹിന്ദ് അൽ-സഹിദ്
റിയാദ്: സമൂഹിക പരിഷ്കരണ നടപടികളുടെ ഭാഗമായി സൌദി അറേബ്യയിൽ സമീപഭാവിയിൽ തന്നെ വനിതകളെ കോടതി ജഡ്ജിമാരായി നിയമിക്കും. സ്ത്രീകളെ ജഡ്ജിമാരായി നിയമിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചതായി മാനവവിഭവശേഷി സാമൂഹിക വികസന മന്ത്രാലയത്തിലെ വനിത ശാക്തീകരണ വകുപ്പ് അണ്ടർ സെക്രട്ടറി ഹിന്ദ് അൽ-സഹിദ് പറഞ്ഞു. വനിത ശാക്തീകരണ പ്രവർത്തനങ്ങളെ കുറിച്ച് അൽ-അറേബ്യയുമായി സംവദിക്കുകയായിരുന്നു ഹിന്ദ് അൽ-സഹിദ്.
വിവിധ മേഖലകളിൽ സ്ത്രീകളുടെ പങ്കാളിത്തം ഉറപ്പ് വരുത്തുന്നതിനുള്ള പല പദ്ധതികളും രാജ്യത്ത് നടക്കുന്നുണ്ടെന്നും ഏറെ പ്രതീക്ഷയോടെയാണ് രാജ്യം സ്ത്രീ ശാക്തീകരണ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതെന്നും അൽ-സഹിദ് പറഞ്ഞു. രാജ്യത്തെ തൊഴിൽ വിപണിയിൽ സ്ത്രീകളുടെ പങ്കാളിത്തം പ്രതീക്ഷിച്ചതിലും അധികമായിരുന്നു. സ്ത്രീകളുടെ അവകാശങ്ങളിൽ രാജ്യത്തുണ്ടായ പുരോഗതി അന്താരാഷ്ട്ര വിപണികളിലടക്കം തെളിയിക്കപ്പെട്ടതാണെന്നും അൽ സഹിദ് അവകാശപ്പെട്ടു.
നിലവിൽ സൌദിയിലെ തൊഴിൽ വിപണിയിൽ 31 ശതമാനം പങ്കാളിത്തമാണ് സ്ത്രീകൾക്ക് ഉള്ളത്. സിവിൽ സർവീസ് മേഖലകളിൽ വനിതകളുടെ പങ്കാളിത്തം 39 ശതമാനത്തിൽ നിന്നും 41 ശതമാനമായി ഉയർന്നു. പ്രധാനമായും വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലളിലാണ് സ്ത്രീകളുടെ പങ്കാളിത്തം അധികം.