സൗദി അറേബ്യ ഏഷ്യന്‍ ഉപഭോക്താക്കള്‍ക്കുള്ള എണ്ണവില കൂട്ടി
1 min readമേയ് മുതല്‍ ബാരലിന് 20 മുതല്‍ 50 സെന്റ് വരെ വില വര്‍ധിപ്പിക്കാനാണ് നീക്കം
റിയാദ്: ഏഷ്യന്‍ ഉപഭോക്താക്കള്‍ക്കുള്ള എണ്ണവില കൂട്ടാന്‍ സൗദി തീരുമാനം. പ്രാദേശികമായ സാമ്പത്തിക വീണ്ടെടുപ്പിലുള്ള ആത്മവിശ്വാസമാണ് സുപ്രധാന വിപണിയായ ഏഷ്യയിലെ ഉപഭോക്താക്കള്‍ക്കുള്ള എണ്ണവില വര്‍ധിപ്പിക്കാന്‍ സൗദിയെ പ്രേരിപ്പിച്ചതെന്ന് ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു. മേയ് മുതല്‍ ജൂലൈ വരെയുള്ള മാസങ്ങളില്‍ പ്രതിദിന എണ്ണയുല്‍പ്പാദനം 2 മില്യണ്‍ ബാരല്‍ വര്‍ധിപ്പിക്കാന്‍ സൗദിയും റഷ്യയും നേതൃത്വം നല്‍കുന്ന ഒപെക് പ്ലസ് സഖ്യം തീരുമാനിച്ചതിന് പിന്നാലെയാണ് ഏഷ്യന്‍ ഉപഭോക്താക്കള്‍ക്കുള്ള എണ്ണവില കൂട്ടാന്‍ സൗദി തീരുമാനിച്ചത്.
ഏഷ്യന്‍ ഉപഭോക്താക്കള്‍ക്കുള്ള എണ്ണവില ബാരലിന് 20 സെന്റ് മുതല്‍ 50 സെന്റ് വരെ വര്‍ധിപ്പിക്കുമെന്ന് സൗദി അറേബ്യയിലെ പൊതു മേഖല എണ്ണക്കമ്പനിയായ അരാംകോ പ്രസ്താവനയിലൂടെ അറിയിച്ചു. അറബ് ലൈറ്റ് എണ്ണയ്ക്ക് ബാരലിന് 40 സെന്റ് കൂട്ടി 1.80 ഡോളറാക്കും. അതേസമയം വടക്ക് പടിഞ്ഞാറന്‍ മേഖലയിലുള്ള ഉപഭോക്താക്കള്‍ക്കുള്ള എണ്ണവിലയില്‍ മാറ്റം വരുത്തിട്ടില്ലെന്ന് മാത്രമല്ല ഇവിടുത്തേക്കുള്ള അറബ് ലൈറ്റിന് ബാരലിന് 20 സെന്റ് കുറഞ്ഞ് 2.40 ഡോളറാകും. അമേരിക്കന്‍ ഉപഭോക്താക്കള്‍ക്കുള്ള എണ്ണവിലയും ബാരലിന് 10 സെന്റ് കുറയും. യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളിലെ ഉപഭോക്താക്കള്‍ക്കുള്ള എണ്ണവിലയുമായി താരതമ്യം ചെയ്യുമ്പോള്‍ നിരവധി മാസങ്ങളായി ഏഷ്യന്‍ ഉപഭോക്താക്കള്‍ക്ക് കൂടിയ വിലക്കാണ് സൗദി എണ്ണ വില്‍ക്കുന്നത്. കൊറോണ വൈറസ് പകര്‍ച്ചവ്യാധിക്ക് ശേഷം യൂറോപ്പിലും അമേരിക്കയിലും എണ്ണയ്ക്കുള്ള ഡിമാന്‍ഡ വര്‍ധന വളരെ മന്ദഗതിയിലാണെന്നതാണ് അതിനുള്ള ഒരു കാരണം.
മേയിലും ജൂണിലും പ്രതിദിന എണ്ണയുല്‍പ്പാദനത്തില്‍ 350,000 ബാരലിന്റെയും ജൂലൈയില്‍ 45,000 ബാരലിന്റെയും വര്‍ധന വരുത്താന്‍ എണ്ണക്കയറ്റുമതി രാജ്യങ്ങളുടെ സംഘടനയായ ഒപെകും റഷ്യ ഉള്‍പ്പടെയുള്ള ഉല്‍പ്പാദകരും ഉള്‍പ്പെട്ട 23 രാജ്യങ്ങളുടെ സംഘടനയായ ഒപെക് പ്ലസ് കഴിഞ്ഞ വ്യാഴാഴ്ച തീരുമാനിച്ചിരുന്നു. അതേസമയം ലോകത്തിലെ ഏറ്റവും വലിയ എണ്ണക്കയറ്റുമതി രാജ്യമായ സൗദി അറേബ്യ ഇതേ കാലയളവില്‍ ഏകപക്ഷീയമായി പ്രതിദിന എണ്ണയുല്‍പ്പാദനം 1 മില്യണ്‍ ബാരല്‍ വെട്ടിച്ചുരുക്കും. മേയില്‍ 250,000 ബിപിഡിയുടെയും ജൂണില്‍ 350,000 ബിപിഡിയുടെയും ജൂലൈയില്‍ 400,000 ബിപിഡിയുടെയും ഉല്‍പ്പാദന വര്‍ധനയാണ് സൗദി നടപ്പിലാക്കുക. കോവിഡ്-19 പകര്‍ച്ചവ്യാധിയുടെ ആഘാതത്തില്‍ നിന്നും ആഗോള സാമ്പത്തിക രംഗം പൂര്‍ണണായും തിരിച്ചുവരുന്നത് വരെ ഒപെക് പ്ലസ് ജാഗ്രത തുടരണമെന്ന് യോഗത്തില്‍ സൗദി ഇന്ധനകാര്യ മന്ത്രി പ്രിന്‍സ് അബ്ദുള്‍അസീസ് ബിന്‍ സല്‍മാന്‍ പറഞ്ഞു. എണ്ണവില മെച്ചപ്പെടുത്തുന്നതിനായി കഴിഞ്ഞ മേയ് മുതലാണ് ഒപെക് പ്ലസ വ്യാപകമായ ഉല്‍പ്പാദന നിയന്ത്രണം നടപ്പിലാക്കിത്തുടങ്ങിയത്. ഉല്‍പ്പാദന നിയന്ത്രണ കരാറിന്റെ ഭാഗമായി ഇപ്പോഴും ദശലക്ഷക്കണക്കിന് ബാരല്‍ എണ്ണ വിപണിയില്‍ എത്തുന്നില്ല.