സാനിറ്റൈസര്‍ മരുന്നല്ല, 18 % ജിഎസ്ടി അടയ്ക്കണം : ജിഎഎആര്‍
1 min read95 ശതമാനം ഇഥൈല്‍ ആല്‍ക്കഹോള്‍ അടങ്ങിയതും ഡ്രഗ് ലൈസന്‍സ് നേടിയതുമായ ഉല്‍പ്പന്നത്തെ ചാപ്റ്റര്‍ ഹെഡ്ഡിംഗ് 3004നു കീഴിലായി തരംതിരിക്കണമെന്ന് വിപ്രോ എന്‍റര്‍പ്രൈസസ് ആവശ്യപ്പെട്ടിരുന്നു
ന്യൂഡെല്‍ഹി: ഹാന്‍ഡ് സാനിറ്റൈസറുകള്‍ ഒരു മരുന്നായി കണക്കാക്കാനാകില്ലെന്ന് ജിഎസ്ടി അതോറിറ്റി ഫോര്‍ അഡ്വാന്‍സ് റൂളിംഗ്സിന്‍റെ (എഎആര്‍) കര്‍ണാടക ബെഞ്ചിന്‍റെ ഉത്തരവ്. ഇതോടെ സാനിറ്റൈസറുകള്‍ 18 ശതമാനം ജിഎസ്ടിക്ക് കീഴില്‍ വരുമെന്നതില്‍ വ്യക്തത വന്നിരിക്കുകയാണ്. വിപ്രോ എന്‍റര്‍പ്രൈസസാണ് കഴിഞ്ഞ ജൂണില്‍ അതോറിറ്റിയെ സമീപിച്ച് ഹാന്‍ഡ് സാനിറ്റൈസറുകളുടെ ഉചിതമായ വിഭാഗീകരണം വ്യക്തമാക്കണമെന്നും ജിഎസ്ടിയില്‍ അവ്യക്തത നീക്കണമെന്നും ആവശ്യപ്പെട്ടത്.
സോപ്പ്, ടോയ്ലറ്ററി, ബള്‍ബുകള്‍ തുടങ്ങിയ ഉപഭോക്തൃ ഉല്‍പന്നങ്ങള്‍ നിര്‍മ്മിക്കുന്ന വിപ്രോ എന്‍റര്‍പ്രൈസസ്, കൊറോണ മഹാമാരിയുടെ പശ്ചാത്തലത്തില്‍ വലിയ തോതില്‍ ഹാന്‍ഡ് സാനിറ്റൈസറുകള്‍ നിര്‍മ്മിക്കാനും വിപണനം ചെയ്യാനും തുടങ്ങിയിരുന്നു. ഇന്ത്യയിലെ ടെക് ഭീമന്മാരില്‍ ഒരാളായി അറിയപ്പെടുന്ന വിപ്രോ ഗ്രൂപ്പിന്‍റെ ഭാഗമാണ് കമ്പനി.
95 ശതമാനം ഇഥൈല്‍ ആല്‍ക്കഹോള്‍ അടങ്ങിയിരിക്കുന്നതും ഡ്രഗ് ലൈസന്‍സ് നേടിയതുമായ ഉല്‍പ്പന്നത്തെ ചാപ്റ്റര്‍ ഹെഡ്ഡിംഗ് 3004നു കീഴിലായി തരംതിരിക്കണമെന്ന് കമ്പനി ഹര്‍ജിയില്‍ പറഞ്ഞിരുന്നു. ഈ ചാപ്റ്ററില്‍ ചികിത്സാ അല്ലെങ്കില്‍ രോഗപ്രതിരോധ മൂല്യമുള്ള മരുന്നുകളാണ് ഉള്‍ക്കൊള്ളുന്നത്. പേന്‍ കൊല്ലാന്‍ ഉപയോഗിക്കുന്ന ഹെയര്‍ ഓയില്‍ അല്ലെങ്കില്‍ അയോഡിന്‍ ക്ലീനിംഗ് സൊല്യൂഷനുകള്‍ എന്നിവയെയെല്ലാം വിവിധ കോടതി ഉത്തരവുകള്‍ മരുന്നുകളായി പരിഗണിച്ചിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി.
എന്നാല്‍, ഒരു രോഗിയില്‍ ഇതിനകം നിലവിലുള്ള ഒരു രോഗത്തിന് ചികിത്സ നല്‍കാത്തതിനാല്‍ ഹാന്‍ഡ് സാനിറ്റൈസറുകളെ ഒരു ചികിത്സാ ഏജന്‍റ് എന്ന് വിളിക്കാന്‍ കഴിയില്ലെന്ന് എഎആര്‍ ബെഞ്ച് ഉത്തരവില്‍ നിരീക്ഷിച്ചു. രണ്ടാമതായി, ഈ ഉല്‍പ്പന്നം ഏതെങ്കിലും രോഗത്തെ തടയാന്‍ പ്രത്യേകമായി ഉള്ളതല്ലെന്നും സോപ്പിന് പകരം എന്നു കണക്കാക്കാവുന്നതാണെന്നും അതോറിറ്റി വിലയിരുത്തുന്നു. കൂടാതെ, ഇതിനെ പോളിയോ ഡ്രോപ്പ്സ്, കോവാക്സിന്‍ എന്നിങ്ങനെയുള്ള രോഗപ്രതിരോധ വസ്തുക്കളുമായും താരതമ്യപ്പെടുത്താനാകില്ലെന്നും 18 ശതമാനം ജിഎസ്ടി ബാധകമാണെന്നും എഎആര്‍ വിശദീകരിച്ചു.