എഡിസണ്‍ അവാര്‍ഡ് ജേതാക്കളില്‍ സൗദി അറേബ്യയിലെ സാബികും
1 min readതോമസ് ആല്‍വ എഡിസണിന്റെ പേരിലുള്ള അവാര്‍ഡ് ലോകത്തിലെ ഏറ്റവും മികച്ച കണ്ടുപിടിത്തങ്ങള്‍ക്കും സേവനങ്ങള്‍ക്കും പ്രമുഖ ബിസിനസുകാര്‍ക്കുമായി ഏര്‍പ്പെടുത്തിയ അവാര്‍ഡാണ്
റിയാദ്: സൗദി ബേസിക് ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷന്‍ (സാബിക്) എഡിസണ്‍ അവാര്‍ഡിന് അര്‍ഹരായി. തോമസ് ആല്‍വ എഡിസണിന്റെ പേരിലുള്ള അവാര്‍ഡ് ലോകത്തിലെ ഏറ്റവും മികച്ച കണ്ടുപിടിത്തങ്ങള്‍ക്കും സേവനങ്ങള്‍ക്കും പ്രമുഖ ബിസിനസുകാര്‍ക്കുമായി ഏര്‍പ്പെടുത്തിയ അവാര്‍ഡാണ്. മെഡിക്കല്‍ ഉപകരണങ്ങളുടെയും എക്വിപ്‌മെന്റ് ഹൗസിംഗുകളുടെയും കാലാവധി മെച്ചപ്പെടുത്താന്‍ ആവശ്യമായ തരത്തില്‍ അസാധാരണമായ രാസ പ്രതിരോധ ശേഷിയോട് കൂടിയ LNP ELCRES CRX കോപോളിമെര്‍ എന്ന പുതിയ ഉല്‍പ്പന്നത്തിന്റെ കണ്ടെത്തലാണ് സാബികിനെ എഡിസണ്‍ അവാര്‍ഡിന് അര്‍ഹമാക്കിയത്.
കോവിഡ്-19 പകര്‍ച്ചവ്യാധി ചെറുക്കുന്നതിനായുള്ള കടുത്ത അണുനാശിനി ഉപയോഗം മൂലമുള്ള കേടുപാടുകളില്‍ നിന്നും ഉപകരണങ്ങള്‍ക്ക് സംരക്ഷണം നല്‍കാന്‍ സാബികിന്റെ ഈ പുതിയ കണ്ടെത്തല്‍ നേട്ടമാകും. കടുത്ത അണുനാശിനികള്‍ ഉപയോഗിച്ചുള്ള നിരന്തരമായ വൃത്തിയാക്കല്‍ മൂലം പെട്ടന്ന് കേടുവരുന്ന റെസിനുകള്‍ക്ക് ഏറ്റവും മികച്ച ബദലാണ് ഉപകരണ നിര്‍മാതാക്കളെ സംബന്ധിച്ചെടുത്തോളം തങ്ങളുടെ ഈ ഉല്‍പ്പന്നമെന്ന് സാബികിലെ പ്രോഡക്ട് മാനേജ്‌മെന്റ് ലീഡറായ ദര്‍പന്‍ പരീഖ് കഴിഞ്ഞ വര്‍ഷം ഈ ഉല്‍പ്പന്നം പുറത്തിറക്കിയ വേളയില്‍ പറഞ്ഞിരുന്നു. പൊട്ടലുകളെയും വിള്ളലുകളെയും നിറം മങ്ങലിനെയും കോപോളിമറുകള്‍ പരമാവധി പ്രധിരോധിക്കുമെന്നും അങ്ങനെ ഉപകരണത്തിന്റെ കാലാവധി വര്‍ധിപ്പിക്കാനും നേരത്തെയുള്ള മാറ്റിവാങ്ങല്‍ ഒഴിവാക്കാനും കഴിയും. ആരോഗ്യരംഗത്ത് കോപോളിമറുകളുടെ അസാധാരണ പ്രകടനം കണക്കിലെടുത്ത് രാസവസ്തു ഉപയോഗം കൂടുതലുള്ള വ്യാവസായിക മേഖലയ്ക്ക് യോജിച്ച തരത്തിലുള്ള നിലവാരം കൂടിയ ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കാനുള്ള ശ്രമത്തിലാണ് കമ്പനിയെന്നും പരീഖ് പറഞ്ഞിരുന്നു.
എഡിസണ്‍ അവാര്‍ഡ് സ്റ്റിയറിംഗ് കമ്മിറ്റിയുടെ സമഗ്രമായ വിലയിരുത്തലുകള്‍ക്ക് ശേഷം ഉല്‍പ്പന്ന നിര്‍മാണം, ഡിസൈന്‍, എഞ്ചിനീയറിംഗ്, സയന്‍സ്, മാര്‍ക്കറ്റിംഗ്, വിദ്യാഭ്യാസം അടക്കമുള്ള മേഖലകളില്‍ നിന്നുള്ള 3,000ത്തോളം ഇന്നവേഷന്‍ ലീഡേഴ്‌സ് ചേര്‍ന്നാണ് അവാര്‍ഡ് ജേതാക്കളെ തെരഞ്ഞെടുത്തത്. കോവിഡ്-19 ഇന്നവേഷന്‍ വിഭാഗത്തിന്റെ ഭാഗമായ അണനാശക ഏജന്റ് വിഭാഗത്തില്‍ സില്‍വര്‍ അവാര്‍ഡാണ് സാബികിന് ലഭിച്ചിരിക്കുന്നത്.
നൂതനമായ കണ്ടുപിടിത്തങ്ങളിലൂടെയും ഉല്‍പ്പന്ന നിര്‍മാണ രീതികളിലൂടെയും അസാധാരണ നേട്ടങ്ങളിലൂടെയും ലോകത്തെ തന്നെ മാറ്റിമറിച്ച തോമസ് ആല്‍വ എഡിസണിന്റെ പേരിലുള്ള ഈ അവാര്‍ഡ് 1987 മുതലാണ് നല്‍കിത്തുടങ്ങിയത്. എഡിസണ്‍ യൂണിവേഴ്‌സ് ആണ് അവാര്‍ഡിന്റെ സംഘാടകര്‍.
ബ്രാന്‍ഡ് ഫിനാന്‍സിന്റെ 2021 കെമിക്കല്‍സ്, ഗ്ലോബല്‍ 500 റിപ്പോര്‍ട്ടുകളില്‍ രാസ വ്യവസായ രംഗത്തെ ഏറ്റവും മൂല്യമേറിയ രണ്ടാമത്തെ ബ്രാന്‍ഡായി സാബിക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഈ നേട്ടത്തില്‍ ഏറെ അഭിമാനമുണ്ടെന്നാണ് സാബിക് വൈസ് ചെയര്‍മാനും സിഇഒയുമായ യൂസഫ് അല്‍ ബെന്യാന്‍ അന്ന് പറഞ്ഞത്. ബ്രാന്‍ഡ് ഫിനാന്‍സ് റിപ്പോര്‍ട്ട് അനുസരിച്ച് 4.02 ബില്യണ്‍ ഡോളറാണ് സാബികിന്റെ ബ്രാന്‍ഡ് മൂല്യം. 7.29 ബില്യണ്‍ ഡോളര്‍ മൂല്യവുമായി ജര്‍മന്‍ കമ്പനിയായ ബിഎഎസ്എഫ് ആണ് സാബികിന് മുമ്പില്‍.