സാബിക് ലോകത്തിലെ രണ്ടാമത്തെ മൂല്യമേറിയ കെമിക്കൽ ബ്രാൻഡ്
1 min readലോകത്തിലെ ഏറ്റവും മൂല്യമേറിയ കെമിക്കൽ ബ്രാൻഡ് എന്ന നേട്ടം ജർമ്മനിയിലെ ബിഎഎസ്എഫ് സ്വന്തമാക്കി
റിയാദ്: രാസ വ്യവസായ മേഖലയിലെ ഈ വർഷത്തെ രണ്ടാമത്തെ മൂല്യമേറിയ കെമിക്കൽ ബ്രാൻഡായി സൌദി ബേസിക് ഇൻഡസ്ട്രീസ് കോർപ്പറേഷൻ (സാബിക്) തെരഞ്ഞെടുക്കപ്പെട്ടു. ബ്രാൻഡ് പട്ടികയിൽ കഴിഞ്ഞ വർഷം മൂന്നാംസ്ഥാനത്തായിരുന്നു സാബിക്. ബ്രാൻഡ് ഫിനാൻസാണ് 2021 കെമിക്കൽസ് 25, ഗ്ലോബൽ 500 റിപ്പോർട്ടുകൾ പുറത്തുവിട്ടത്.
അമേരിക്കൻ കനമ്പനിയായ ഡൊവിനെ പിന്തള്ളിയാണ് സാബിക് പട്ടികയിൽ രണ്ടാംസ്ഥാനത്ത് എത്തിയത്. റാങ്കിംഗിൽ നില മെച്ചപ്പെടുത്തിയെങ്കിലും സാബികിന്റെ ബ്രാൻഡ് മൂല്യത്തിൽ നേരിയ ഇടിവുണ്ടായിട്ടുണ്ട്. കമ്പനിയുടെ ബ്രാൻഡ് മൂല്യം 2020ലെ 4.33 ബില്യൺ ഡോളറിൽ നിന്നും 4.02 ബില്യൺ ഡോളറായാണ് കുറഞ്ഞതെന്ന് ബ്രാൻഡ് ഫിനാൻസ് വ്യക്തമാക്കി.
ജർമ്മനിയിലെ ബിഎഎസ്എഫ് ആണ് ലോകത്തിലെ ഏറ്റവും മൂല്യമേറിയ കെമിക്കൽ ബ്രാൻഡ്. ബിഎഎസ്എഫിന്റെ മൂല്യത്തിൽ 8 ശതമാനം ഇടിവാണ് ഒരു വർഷത്തിനിടെ ഉണ്ടായത്. 2020ൽ 7.89 ബില്യൺ ഡോളർ ആയിരുന്ന ബിഎഎസ്എഫിന്റെ ബ്രാൻഡ് മൂല്യം 2021ൽ 7.29 ബില്യൺ ഡോളറായി കുറഞ്ഞു.
2030ഓടെ ലോകത്തിലെ ഏറ്റവും വലിയ പെട്രോകെമിക്കൽ കമ്പനി ആകാൻ ലക്ഷ്യമിടുന്ന സാബിക് അതിന് വേണ്ടി കഴിഞ്ഞ വർഷം പല തന്ത്രപ്രധാന പങ്കാളിത്തങ്ങളും രൂപീകരിക്കുകയും ലോകത്തിലെ തന്നെ ഏറ്റവും വലിയ എണ്ണ, പ്രകൃതിവാതക കമ്പനിയായ സൌദി അരാംകോയുടെ കെമിക്കൽ വിഭാഗവുമായി സഹകരണം ആരംഭിക്കുകയും ചെയ്തിരുന്നു.
റാങ്കിംഗ് മെച്ചപ്പെടുത്താൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് സാബിക് വൈസ് ചെയർമാനും സിഇഒയുമായ യൂസഫ് അൽ-ബെന്യാൻ പറഞ്ഞു. ലോകത്തിലെ ഒന്നാം നമ്പർ കെമിക്കൽ ഉൽപ്പാദകരായി മാറുകയെന്ന ലക്ഷ്യത്തിലേക്കുള്ള നിർണായക ചുവടുവെപ്പാണിതെന്നും ഉപഭോക്താക്കൾക്കിടയിലും ഓഹരിയുടമകൾക്കിടയിലും സാബികിനുള്ള മികച്ച പ്രതിച്ഛായയുടെ പ്രതിഫലനമാണെന്നും അൽ-ബെന്യാൻ കൂട്ടിച്ചേർത്തു.