January 3, 2025

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

കൊവിഡിനെതിരായ പോരാട്ടം റോയല്‍ എന്‍ഫീല്‍ഡ് 20 കോടി രൂപ അനുവദിച്ചു

ഐഷര്‍ ഗ്രൂപ്പ് കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ച 50 കോടി രൂപയ്ക്ക് പുറമെയാണിത്

ന്യൂഡെല്‍ഹി: കൊവിഡിനെ നേരിടുന്നതിനാവശ്യമായ ചികിത്സാ സൗകര്യങ്ങള്‍ ഒരുക്കുന്നതിനും ഗ്രാമീണ ജനതയുടെ ജീവിത പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനുമായി ഐഷര്‍ ഗ്രൂപ്പിന്റെ ഭാഗമായ റോയല്‍ എന്‍ഫീല്‍ഡ് 20 കോടി രൂപ നീക്കിവെച്ചു. ഐഷര്‍ ഗ്രൂപ്പ് കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ച 50 കോടി രൂപയ്ക്ക് പുറമെയാണിത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 39,000 കുടുംബങ്ങള്‍ക്ക് ഭക്ഷ്യധാന്യങ്ങളുമെത്തിച്ചു.

ഡെല്‍ഹി എയിംസിലെ ജയപ്രകാശ് നാരായണ്‍ അപ്പക്‌സ് ട്രോമാ സെന്ററില്‍ ഓക്‌സിജന്‍ പ്ലാന്റ് സ്ഥാപിക്കാന്‍ ധനസഹായം ചെയ്തു. തമിഴ്‌നാട്ടിലെ ആറ് സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് ഓക്‌സിജന്‍ ജനറേറ്ററുകളും ആറ് സര്‍ക്കാര്‍ ആശുപത്രികള്‍, രണ്ട് ചാരിറ്റബിള്‍ ഹോസ്പിറ്റലുകള്‍, മുപ്പത് പബ്ലിക് ഹെല്‍ത്ത് സെന്ററുകള്‍ എന്നിവിടങ്ങളിലേക്ക് ഗുരുതര രോഗങ്ങള്‍ ചികിത്സിക്കുന്നതിനുള്ള ഉപകരണങ്ങളും നല്‍കി. റോയല്‍ എന്‍ഫീല്‍ഡ് ഉടമകള്‍ പതിവായി യാത്ര ചെയ്യുന്ന ലേ, ലഡാക്ക്, കുളു എന്നിവിടങ്ങളിലെ ആശുപത്രികളില്‍ ഓക്‌സിജന്‍ കോണ്‍സണ്‍ട്രേറ്ററുകളും സിലിണ്ടറുകളും എത്തിച്ചു.

ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ജമ്മു കശ്മീര്‍ എന്നിവിടങ്ങളിലെ കുഗ്രാമങ്ങളില്‍ പാവപ്പെട്ട ജനവിഭാഗങ്ങള്‍ക്ക്  ജീവിതമാര്‍ഗം കണ്ടെത്തുന്നതിന് സന്നദ്ധ സംഘടനകളുമായി ചേര്‍ന്ന് പദ്ധതികള്‍ ആസൂത്രണം ചെയ്യുകയാണ്. സൈന്യത്തിന്റെ സേവനവും ഇതിനായി ഉപയോഗപ്പെടുത്തും. റോയല്‍ എന്‍ഫീല്‍ഡുമായി ദീര്‍ഘകാല ബന്ധമുളള ഇന്ത്യന്‍ ആര്‍മിക്ക് നൂറ് ഓക്‌സിജന്‍ കോണ്‍സണ്‍ട്രേറ്ററുകള്‍, കൊവിഡ് 19 കിറ്റുകള്‍, മറ്റ് മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവ നല്‍കി.

തമിഴ്‌നാട്ടില്‍ കൊവിഡ് മൂലം ജോലി നഷ്ടപ്പെട്ട അഞ്ഞൂറിലധികം വനിതകള്‍ക്ക് പകരം ജോലി ലഭ്യമാക്കുന്നതിന് തൊഴില്‍ പരിശീലനം നല്‍കി. തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ട് കോടി രൂപയും ഓക്‌സിജന്‍ സംഭരണത്തിനായി ഡല്‍ഹി സര്‍ക്കാരിന് ഒരു കോടി രൂപയും നല്‍കി.

Maintained By : Studio3