122 വനങ്ങള്‍ തീര്‍ത്ത മലയാളി; ഇത് നായര്‍ജിയുടെ ‘ഗ്രീന്‍ മിഷന്‍’

വെളുത്ത മുണ്ടും ഷര്‍ട്ടും, കൂടെ പാളത്തൊപ്പി…ഇതാണ് നായര്‍ജിയെന്ന ആര്‍ കെ നായരുടെ സ്ഥിരമായുള്ള വേഷം. കാസര്‍ഗോഡ് നിന്ന് കര്‍ണാടകയിലേക്കും അവിടെനിന്ന് ജോലി തേടി മുംബൈയിലേക്കും വണ്ടി കയറി രാധാകൃഷ്ണന്‍ നായര്‍ വിജയിച്ച സംരംഭകനായി മാറിയെങ്കിലും അദ്ദേഹത്തിന്റെ നിയോഗം മറ്റൊന്നായിരുന്നു. നിരര്‍ത്ഥകമായ വികസനത്തിന്റെ പേര് പറഞ്ഞ് നൂറുകണക്കിന് വര്‍ഷം പഴക്കമുള്ള മരങ്ങള്‍ വെട്ടിമുറിക്കപ്പെടുമ്പോള്‍, ജീവജാലങ്ങളുടെ ആവാസവ്യവസ്ഥ തകര്‍ക്കപ്പെടുമ്പോള്‍, ആഗോള താപനവും കാലാവസ്ഥ വ്യതിയാനവും കൊടുമ്പിരികൊള്ളുമ്പോള്‍ ആര്‍ കെ നായര്‍ രാജ്യം മുഴുവന്‍ ഓടി നടന്ന് കാടുകള്‍ സൃഷ്ടിക്കുകയാണ്. ഏത് ഭൂമിയിലും വനവല്‍ക്കരണം സാധ്യമാക്കിയ നായര്‍ജി ഇതിനോടകം 122 വനങ്ങളാണ് സൃഷ്ടിച്ചത്. ഗുജറാത്തില്‍ സ്ഥിതി ചെയ്യുന്ന ലോകത്തിലെ ഏറ്റവും വലിയ മിയാവാക്കി ഫോറസ്റ്റായ സ്മൃതിവനവും അദ്ദേഹം സൃഷ്ടിച്ചതാണ്. അഞ്ച് ലക്ഷത്തിലധികം വൃക്ഷങ്ങളാണ് അവിടെയുള്ളത്. ഭൂഗര്‍ഭ ജലസ്രോതസ് ശക്തിപ്പെട്ടതും താപനില കുറഞ്ഞതും ജൈവവൈവിധ്യവുമെല്ലാം അതിന്റെ സ്വാഭാവിക ഫലങ്ങളാകുന്നു. ഒരൊറ്റ മനുഷ്യന്‍ നൂറിലധികം വനങ്ങള്‍ വെച്ചുപിടിപ്പിച്ച കഥയാണിത്…
അടുത്തിടെ വ്യവസായ പ്രമുഖന്‍ ആനന്ദ് മഹീന്ദ്ര ഒരു വിഡിയോ പങ്കുവെച്ച് ട്വീറ്റ് ചെയ്തത് വൈറലായിരുന്നു. കാസര്‍ഗോഡ് വേരുകളുള്ള ഡോ. രാധാകൃഷ്ണന്‍ നായരെന്ന ആര്‍ കെ നായരെക്കുറിച്ചായിരുന്നു ട്വീറ്റ്. ലോകം ആഗോള താപനത്തിന്റെയും കാലാവസ്ഥാ വ്യതിയാനത്തിന്റെയും കെടുതികള്‍ അനുഭവിക്കുന്ന കാലത്ത് ഇന്ത്യയുടെ ഗ്രീന്‍ ഹീറോ ആയി മാറിയ ആര്‍ കെ നായര്‍ അങ്ങനെ വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞു.
ഭൂമിയുടെ ഹൃദയമാണ് കാടുകളെന്ന തിരിച്ചറിഞ്ഞ ശേഷം 122 വനങ്ങളാണ് ആര്‍ കെ നായര്‍ വെച്ചുപിടിപ്പിച്ചത്. മഹീന്ദ്ര ട്വീറ്റ് ചെയ്തത് അതില്‍ ഏറ്റവും ശ്രദ്ധേയമായ, ലോകത്തിലെ ഏറ്റവും വലിയ മിയാവാക്കി ഫോറസ്‌റ്റെന്നറിയപ്പെടുന്ന ഗുജറാത്തിലെ കച്ചില്‍ സ്ഥിതി ചെയ്യുന്ന സ്മൃതിവനത്തെക്കുറിച്ചായിരുന്നു. 5 ലക്ഷത്തോളം മരങ്ങളുള്ള 470 ഏക്കറില്‍ സ്ഥിതി ചെയ്യുന്നതാണ് കച്ചിലെ മിയാവാക്കി ഫോറസ്റ്റ്. കുറഞ്ഞ സ്ഥലത്ത് കൂടുതല്‍ വൃക്ഷത്തൈകള്‍ അതിവേഗം നട്ടുവളര്‍ത്തുന്ന ജപ്പാന്‍ മാതൃകയാണ് മിയാവാക്കി. എന്നാല്‍ താന്‍ തുടങ്ങിയത് മിയാവാക്കി രീതിയിലായിരുന്നെങ്കിലും തീര്‍ത്തും തദ്ദേശീയമായ മാതൃകയിലാണ് ഇപ്പോള്‍ വനനിര്‍മിതിയെന്ന് പറയുന്നു ആര്‍ കെ നായര്‍. ഭാരതവനം മാതൃകയെന്ന് ഇതിനെ വിശേഷിപ്പിക്കാനാണ് നായര്‍ക്കിഷ്ടം.
കാസര്‍ഗോഡാണ് സ്വദേശമെങ്കിലും ചെറുപ്പത്തില്‍ തന്നെ കര്‍ണാടകയിലേക്കും അവിടെ നിന്ന് മുംബൈയിലേക്കും പിന്നീട് ഗുജറാത്തിലേക്കും കുടിയേറിയ വിജയിച്ച സംരംഭകനാണ് ആര്‍ കെ നായര്‍. പെരിയ കുഞ്ഞമ്പു നായരയുടേയും ബദിയഡുക്ക മുനിലൂരിലെ പല്ലായ്‌ക്കൊടി കമലാക്ഷിയുടേയും മകനയാണ് ആര്‍ കെ നായരുടെ ജനനം. പന്ത്രണ്ടാം ക്ലാസ് തോറ്റ ശേഷം ചെറിയ ജോലികളെല്ലാം ചെയ്തായിരുന്നു ജീവിതം. ഫാക്റ്ററി മാനേജരായാണ് ഉമര്‍ഗാവില്‍ വരുന്നത്. എട്ട് ഭാഷകളറിയാം. ഗാര്‍മെന്റ് ഇന്‍ഡസ്ട്രിയില്‍ 10 വര്‍ഷം ജോലി ചെയ്തു. പിന്നീടാണ് സൗപര്‍ണിക എക്‌സ്‌പോര്‍ട്‌സ് എന്ന സംരംഭത്തിന് തുടക്കമിടുന്നത്. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഉള്‍പ്പടെ 20,00ത്തിലധികം പേരെ ട്രൈബല്‍ മേഖലകളില്‍ നിന്ന് കൊണ്ടുവന്നു സ്‌കില്‍ ട്രെയ്‌നിംഗ് കൊടുത്ത സംരംഭം മികച്ച രീതിയില്‍ സാമൂഹ്യ ഇടപെടലുകളും നടത്തുന്നുണ്ട്.
റോഡ് നിര്‍മാണത്തിനായി 179 വന്‍മരങ്ങള്‍ ഗുജറാത്തിലെ ഉമര്‍ഗാവ് എന്ന സ്ഥലത്ത് മുറിച്ചുമാറ്റിയതു കണ്ടപ്പോഴാണ് വ്യവസായി ആയ നായര്‍ തന്റെ നിയോഗം തിരിച്ചറിഞ്ഞത്. കൂടും മുട്ടകളും നഷ്ടപ്പെട്ട പക്ഷികളുടെ കരച്ചില്‍ അദ്ദേഹത്തെ വല്ലാതെ വിഷമിപ്പിച്ചു. മരം മുറിക്കുമ്പോള്‍ അവിടെ ഇല്ലാതാകുന്നത് വലിയൊരു ആവാസവ്യവസ്ഥയും വൈവിധ്യവുമാണെന്ന ബോധ്യം അദ്ദേഹത്തിനുണ്ടായി. അങ്ങനെയാണ് തന്റെ കര്‍മവും ധര്‍മവും എന്താണെന്ന് നായര്‍ തിരിച്ചറിയുന്നത്. ‘2011ലായിരുന്നു അത്. റോഡ് വികസനത്തിന്റെ പേരില്‍ 100ലധികം വര്‍ഷം പഴക്കമുള്ള മരങ്ങളാണ് വെട്ടിമാറ്റിയത്. പക്ഷികള്‍ എന്റെ മുഖം നോക്കി സംസാരിക്കുന്നതുപോലെ തോന്നി. അന്നാണ് ഞാന്‍ പക്ഷികളും മൃഗങ്ങളും സസ്യങ്ങളുമെല്ലാം സംസാരിക്കുമെന്ന് തിരിച്ചറിയുന്നത്. അന്ന് ഞാന്‍ വിചാരിച്ചു, ആരും നശിപ്പിക്കാത്ത സ്ഥലങ്ങളില്‍ നിങ്ങള്‍ക്കായി ഞാന്‍ വനങ്ങള്‍ നിര്‍മിക്കുമെന്ന്. അങ്ങനെയാണ് ആദ്യ വനം പിറന്നത്. അവിടെ പക്ഷികള്‍ വന്നു. ജൈവവൈവിധ്യം വന്നു. അങ്ങനെ അതിന് ശ്രദ്ധ കിട്ടിത്തുടങ്ങി. ചൂടിനെ പ്രതിരോധിക്കാന്‍ ആ വനത്തിന് സാധിച്ചു. നായര്‍ജിയുടെ വനങ്ങങ്ങളെക്കുറിച്ച് റിപ്പോര്‍ട്ടുകള്‍ വന്നുതുടങ്ങി. അങ്ങനെ പ്രശസ്തമാകാന്‍ തുടങ്ങി. നിരവധി വ്യവസായങ്ങള്‍ വനമുണ്ടാക്കാന്‍ വേണ്ടി വിളിക്കാന്‍ തുടങ്ങി. അജിത് പേപ്പര്‍ മില്‍ എന്ന കമ്പനി വിളിച്ചു. അവര്‍ക്ക് സിഎസ്ആര്‍ ഫണ്ടുണ്ട്. പ്രൊജക്റ്റ് ഉണ്ടാക്കാന്‍ പറഞ്ഞു അവര്‍. സിഎസ്ആര്‍ ഫണ്ട് കിട്ടണമെങ്കില്‍ എന്‍ജിഒ വേണം, അങ്ങനെയാണ് ഫോറസ്റ്റ് ക്രിയേറ്റേഴ്‌സിന് തുടക്കമാകുന്നത്. അവര്‍ക്കായി വനം നിര്‍മിച്ചു. വളരെ വായുമലിനീകരണമുള്ള മേഖലയായിരുന്നു അത്. എന്നാല്‍ മികച്ച മാറ്റമാണ് വനം ഉണ്ടാക്കിയത്. അതിന് ശേഷമാണ് വലിയ രീതിയില്‍ വനനിര്‍മിതി തുടങ്ങിയത്,’ നായര്‍ ഓര്‍ത്തെടുക്കുന്നു.
12 സംസ്ഥാനങ്ങളില്‍ 122ലധികം വനങ്ങള്‍ വെച്ചുപിടിപ്പിച്ച് മുന്നേറുകയാണ് ആര്‍ കെ നായര്‍. 32 ലക്ഷത്തിലധികം വൃക്ഷങ്ങള്‍ നട്ടുകഴിഞ്ഞു. പാളത്തൊപ്പിയും വെള്ള മുണ്ടും ഷര്‍ട്ടുമാണ് എപ്പോഴും വേഷം. കര്‍ഷകനും പ്രകൃതി സ്‌നേഹിയും മലയാളിയുമാണെന്ന അടയാളമാണത്.
സുഹൃത്തായ ദീപന്‍ ജെയ്‌നുമൊത്താണ് സംരംഭം തുടങ്ങിയത്. 2014ലാണ് ഔപചാരികമായ തുടക്കം. ഒരേക്കര്‍ സ്ഥലം വാങ്ങിയാണ് വൃക്ഷത്തൈകള്‍ നട്ടത്. 1500ഓളം വൃക്ഷത്തൈകളാണ് തുടക്കത്തില്‍ നട്ടത്. പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. കൂടെ കൂടാന്‍ താല്‍പ്പര്യമുള്ളവരെയെല്ലാം കൂട്ടി. കോര്‍പ്പറേറ്റ് കമ്പനികളുടെ സാമൂഹ്യ പ്രതിബദ്ധതാ ഫണ്ട് (സിഎസ്ആര്‍ തുക) ഉപയോഗപ്പെടുത്തിയാണ് വനനിര്‍മിതിയെന്ന് ആര്‍ കെ നായര്‍ പറയുന്നു.
ഛത്തീസ്ഗഡില്‍ കടല്‍ക്കരയില്‍ വലിയൊരു കാടുണ്ടാക്കി. ഒരു ലക്ഷത്തി മൂവായിരം മരങ്ങള്‍ നട്ടു. വൃക്ഷങ്ങള്‍ ഉയര്‍ന്നതിന്റെ ഫലമെന്നോണം അവിടെ ഭൂഗര്‍ഭജലസ്രോതസ് ശക്തിപ്പെട്ടതായി അദ്ദേഹം പറയുന്നു. ‘അവിടെ ഗ്രൗണ്ട് വാട്ടര്‍ ലെവല്‍ വളരെ കൂടി. 160 അടി കുഴിക്കുമ്പോഴായിരുന്നു സാധാരണ കുഴല്‍ക്കിണറുകളില്‍ വെള്ളം കണ്ടിരുന്നത്. വനവല്‍ക്കരണം നടന്നതോടു കൂടി 12 ഫീറ്റില്‍ തന്നെ വെള്ളം കണ്ടുതുടങ്ങി. അനവധി പക്ഷികള്‍ വന്ന് കൂടുക്കൂട്ടാന്‍ തുടങ്ങി. ഉരകങ്ങളും നിരവധി വന്നു. ഇതെല്ലാം കണ്ടപ്പോള്‍ പ്രകൃതിയോടുള്ള സ്‌നേഹം വല്ലാതെ കൂടി, വനവല്‍ക്കരണം എനിക്ക് അഭിനിവേശമായി. ഞാന്‍ എവിടെ യാത്ര ചെയ്യുമ്പോഴും ഇപ്പോള്‍ കാടാണ് കൂടുതല്‍ നോക്കാറുള്ളത്.
ഗുജറാത്ത്, കര്‍ണാടക, രാജസ്ഥാന്‍, മഹാരാഷ്ട്ര, ആന്ധ്ര പ്രദേശ്, തെലങ്കാന, ഉത്തര്‍ പ്രദേശ്, ബംഗാള്‍, ഡല്‍ഹി, ഛത്തീസ്ഗഡ് എന്നിങ്ങനെ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ ചെന്ന് കാടുകള്‍ സൃഷ്ടിച്ചു നായര്‍. ഇന്ത്യയുടെ ഗ്രീന്‍ ഹീറോ എന്ന വിശേഷണം ജനങ്ങളും നയരൂപകര്‍ത്താക്കളും നായര്‍ക്ക് നല്‍കി.
വൃക്ഷത്തൈകള്‍ നടുക മാത്രമല്ല അദ്ദേഹം ചെയ്യുന്നത്. അത് കാടാകും വരെ പരിപാലിക്കുക കൂടിയാണ്. കോടി വൃക്ഷങ്ങള്‍ നടുകയെന്ന വിശാല ലക്ഷ്യവുമായാണ് നായര്‍ മുന്നേറുന്നത്. സര്‍ക്കാരും കോര്‍പ്പറേറ്റുകളും വ്യക്തികളുമെല്ലാം അദ്ദേഹത്തിന് പിന്തുണ നല്‍കാറുണ്ട്. നായരും സുഹൃത്ത് ദീപന്‍ ജെയിനും നയിക്കുന്ന ഫോറസ്റ്റ് ക്രിയേറ്റേഴ്‌സ് വനം സൃഷ്ടിക്കല്‍ പ്രക്രിയ വളരെ ഭംഗിയായി നിര്‍വഹിക്കുന്നു.
ഓര്‍മകളുടെ വനം
2001 ജനുവരി 26നാണ് ലോകത്തെ തന്നെ ഞെട്ടിച്ച ഗുജറാത്ത് ഭൂകമ്പമുണ്ടാകുന്നത്. 13805 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. മരണപ്പെട്ട ഓരോരുത്തരുടെയും സ്മരണയ്ക്ക് ഒരു മരം നടണമെന്ന കാഴ്ച്ചപ്പാടിലാണ് സ്മൃതി വനം എന്ന പദ്ധതി അന്ന് ഗുജറാത്ത് ഭരിച്ചിരുന്ന നരേന്ദ്ര മോദി സര്‍ക്കാര്‍ അവതരിപ്പിച്ചത്. കച്ചിലെ ഭുജോ ദംഗര്‍ എന്ന സ്ഥലമായിരുന്നു സ്മാരകത്തിന് തെരഞ്ഞെടുത്തത്. പലവിധ സംവിധാനങ്ങളോട് കൂടിയ മെമോറിയല്‍ പാര്‍ക്കാണ് ഡിസൈന്‍ ചെയ്തത്. അതിലെ ഏറ്റവും പ്രധാന ഘടകം വനമായിരുന്നു. 470 ഏക്കറിലാണ് സ്മൃതി വന്‍ പദ്ധതി സ്ഥിതി ചെയ്യുന്നത്. 2004ല്‍ വിഭാവനം ചെയ്ത പദ്ധതിയാണെങ്കിലും വനനിര്‍മിതി നടന്നിരുന്നില്ല. ആ നിയോഗവും എത്തിച്ചേര്‍ന്നത് ആര്‍ കെ നായരിലേക്കായിരുന്നു. നരേന്ദ്ര മോദി പ്രധാനമന്ത്രിയായ ശേഷമാണ് അതെന്ന് അദ്ദേഹം പറയുന്നു. ഓരോ പ്രദേശത്തിന്റെയും തനത് കാലാവസ്ഥയും പ്രകൃതിയുമെല്ലാം മനസിലാക്കി അനുയോജ്യമായ രീതിയില്‍ മാത്രമാണ് വൃക്ഷങ്ങള്‍ നടുന്നതെന്ന് നായര്‍ പറയുന്നു.
കടല്‍ക്കരയില്‍ ഉമര്‍ഗാവില്‍ 120,000 വൃക്ഷത്തൈകള്‍ നട്ട് കാടുണ്ടാക്കി. 2021ല്‍. അങ്ങനെയാണ് ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റ് സമീപിക്കുന്നത്. അവിടുന്നാണ് കച്ചിലേക്ക് വിളിച്ചത്. സ്മൃതി വനത്തിന്റെ ഭൂമിയില്‍ കാടുണ്ടാക്കാന്‍ പറ്റില്ലെന്നായിരുന്നു പൊതുവേയുള്ള ധാരണ. ‘470 ഏക്കറിന്റെ പര്‍വത പ്രദേശമാണ്. വെല്ലുവിളി നിറഞ്ഞ പ്രദേശങ്ങളില്‍ കാടുണ്ടാക്കാന്‍ സാധിക്കുമെന്നത് എന്റെ ആത്മവിശ്വാസമായിരുന്നു. എല്ലാവരും പറഞ്ഞു അവിടെ കാടുണ്ടാക്കാന്‍ സാധ്യമല്ലെന്ന്. ഞാന്‍ പറഞ്ഞു, വനമുണ്ടാക്കുന്ന കല എന്റെ കര്‍മമാണെന്ന്. ഞാന്‍ ചെയ്യുമെന്ന് പറഞ്ഞു. 2021 ജൂലൈയില്‍ വനവല്‍ക്കരണം തുടങ്ങി, ആദ്യ ഘട്ടത്തില്‍ 223555 ചെടികള്‍ നടത്തു. 2022 ഓഗസ്റ്റ് 28ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വന്ന് സ്മൃതിവനം ഉദ്ഘാടനം ചെയ്തു. അപ്പോഴേക്കും 16 അടി ഉയരത്തില്‍ കാട് വളര്‍ന്നു. അതിന് ശേഷവും തുടര്‍ച്ചയായി ചെടികള്‍ നട്ടു. 525000, മരങ്ങളായി. 40,000 വൃക്ഷത്തൈകള്‍ കൂടി ഉടന്‍ നടും. ജൈവവൈവിധ്യം ശക്തിപ്പെട്ടു, നിരവധി പക്ഷികള്‍ വന്നു, മൂന്ന് ചെക്ക് ഡാമില്‍ സ്വാഭാവികമായ മല്‍സ്യങ്ങള്‍ വളര്‍ന്നു, വൈവിധ്യം നിറഞ്ഞ ഉരകങ്ങള്‍ എത്താന്‍ തുടങ്ങി….ആയിരക്കണക്കിന് പക്ഷികള്‍ എത്തിത്തുടങ്ങി. ഗുജറാത്ത് സര്‍ക്കാര്‍ നടത്തിയ സര്‍വേയില്‍ സ്മൃതി വനത്തിന്റെ ഫലമായി ഉണ്ടായ ജൈവവൈവിധ്യത്തെക്കുറിച്ചും പാരിസ്ഥിക ഗുണങ്ങളെക്കുറിച്ചും വ്യക്തമായി പറയുന്നുണ്ട്. സ്മൃതിവനത്തിന്റെ പേരില്‍ നാസയുടെ കോണ്‍ഫറന്‍സില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കാനും എനിക്ക് സാധിച്ചു. വനമുണ്ടാക്കിയ ശേഷം താപനിലയില്‍ കുറവുണ്ടായതായും റിപ്പോര്‍ട്ടുകള്‍വന്നു.’ഇന്ന് ഗുജറാത്തിലെ സ്മൃതി വനത്തില്‍ 5 ലക്ഷത്തോളം വൃക്ഷങ്ങളുണ്ട്. 50ഓളം ചെക്ക് ഡാമുകളും സണ്‍സെറ്റ് പോയിന്റും എട്ട് കിലോമീറ്റര്‍ പാത്ത് വേയും, 1.2 കിലോമീറ്റര്‍ റോഡുമെല്ലാം ഉള്‍പ്പെടുന്ന വമ്പന്‍ പദ്ധതിയാണ് സ്മൃതി വന്‍. ഒരു മെഗാവാട്ടിന്റെ സോളാര്‍ പ്ലാന്റും ഇവിടെയുണ്ട്. 2022 ഓഗസ്റ്റ് 28നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി സ്മൃതി വന്‍ മെമോറിയല്‍ പാര്‍ക്ക് രാഷ്ട്രത്തിന് സമര്‍പ്പിച്ചത്. ലോകത്തിലെ ഏറ്റവും വലിയ മിയാവാക്കി ഫോറസ്‌റ്റെന്നാണ് ഇതറിയപ്പെടുന്നത്. ലോകത്തിലെ മികച്ച സ്മാരകങ്ങള്‍ക്ക് യുനെസ്‌കോ നല്‍കുന്ന പ്രിക്‌സ് വേര്‍സൈലസ് പുരസ്‌കാരം നേടാനും സ്മൃതി വനത്തിന് സാധിച്ചു.
12 സംസ്ഥാനങ്ങളില്‍ 122ലധികം വനങ്ങള്‍ വെച്ചുപിടിപ്പിച്ച് മുന്നേറുകയാണ് ആര്‍ കെ നായര്‍. 32 ലക്ഷത്തിലധികം വൃക്ഷങ്ങള്‍ നട്ടുകഴിഞ്ഞു. പാളത്തൊപ്പിയും വെള്ള മുണ്ടും ഷര്‍ട്ടുമാണ് എപ്പോഴും വേഷം. കര്‍ഷകനും പ്രകൃതി സ്‌നേഹിയും മലയാളിയുമാണെന്ന അടയാളമാണത്. 2030 ആകുമ്പോഴേക്കും 100 കോടി മരങ്ങള്‍ നടുകയെന്ന ലക്ഷ്യവുമായാണ് ആര്‍ നായര്‍ മുന്നോട്ടുപോകുന്നത്. അതിലൂടെ പാരിസ്ഥിതിക സംരക്ഷണത്തിനായും കാലാവസ്ഥ വ്യതിയാനത്തിനെതിരെയും തന്റേതായ രീതിയില്‍ ഇടപെടല്‍ നടത്താമെന്ന് അദ്ദേഹം കരുതുന്നു.
എന്താണ് മിയാവാക്കി വനം?
പരിസ്ഥിതി പ്രവര്‍ത്തകനും യോകോഹാമ സര്‍വകലാശാലയിലെ പ്രൊഫസറുമായിരുന്ന ലോക പ്രശസ്ത ജപ്പാനിസ്റ്റ് സസ്യ ശാസ്ത്രജ്ഞന്‍ അകിര മിയാവാക്കി വികസിപ്പിച്ചെടുത്ത വനവല്‍ക്കരണരീതിയാണ് മിയാവാക്കി വനം.
കേരളത്തിലെ കാവുകളുടെ ജപ്പാനീസ് പതിപ്പെന്ന് വിശേഷിപ്പിക്കപ്പെടുന്നു ഇവ. മിയാവാക്കി വനങ്ങള്‍ നഗരങ്ങള്‍ വനവല്‍ക്കരിക്കുന്നതിനും അതുവഴി അവിടത്തെ താപ നില കുറയ്ക്കുന്നതിനും സഹായകരമാണെന്നാണ് വിലയിരുത്തപ്പെടുന്നത്.
പ്രാദേശിക ആവാസ വ്യവസ്ഥയില്‍ വളരുന്ന വലുതും ചെറുതുമായ മരങ്ങളുടെ വൈവിധ്യമേറിയ ശേഖരമാണ് മിയാവാക്കി വനങ്ങളിലുണ്ടാകുക. തൊണ്ണൂറ്റി മൂന്ന് വയസ് വരെ ജീവിച്ച മിയാവാക്കി ഇതിനായി, അവസാന കാലത്തും 1700 ഇടങ്ങളിലായി നാല് കോടി സസ്യങ്ങള്‍ വെച്ചുപിടിപ്പിച്ചെന്നാണ് കണക്ക്. സ്വാഭാവിക വനങ്ങളോട് കിട പിടിയ്ക്കുന്ന കാടുകള്‍ വളരെ കുറഞ്ഞ കാലം കൊണ്ട് നഗര മേഖലയില്‍ സൃഷ്ടിക്കാന്‍ മിയാവാക്കി ശൈലി സഹായിക്കുന്നു.
തനിയെ രൂപപ്പെടുന്ന കാടുകളെക്കാള്‍ വളരെ ഉയര്‍ന്ന വളര്‍ച്ച നിരക്കാണ് മിയാവാക്കി വനങ്ങളുടെ സവിശേഷത. ശരാശരി 10 – 15 വര്‍ഷം കൊണ്ട് 150 വര്‍ഷം പ്രായമുള്ള സ്വാഭാവിക വനങ്ങള്‍ക്ക് തുല്ല്യമായ ഒരു കാട് രൂപപ്പെടുത്താന്‍ ഇതു വഴി സാധിക്കുന്നു. ചെടികള്‍ നടുന്നതിലെ പ്രത്യേകതകളാണ് ഇതിന് കാരണം.
ഒരു ചതുരശ്ര മീറ്ററില്‍ 3 – 4 ചെടികളാണ് വേണ്ടത്. വള്ളി ചെടികള്‍, കുറ്റി ചെടികള്‍, ചെറു മരങ്ങള്‍, വന്‍ മരങ്ങള്‍ എന്നിവ ഇട കലര്‍ത്തി നടുന്നത് വഴി വനത്തിനുള്ള പല തട്ടിലുള്ള ഇലച്ചാര്‍ത്ത് ഉറപ്പാക്കുന്നു. അടുപ്പിച്ച് നടുമ്പോള്‍ ചെടികള്‍ സൂര്യ പ്രകാശത്തിന് വേണ്ടിയുള്ള മത്സരത്തില്‍ കൂടുതല്‍ ഉയരത്തില്‍ വളരുവാന്‍ ചെടികള്‍ ശ്രമിക്കുന്നു.
ഓരോ സ്ഥലത്തും സ്വാഭാവികമായി വളരുന്ന ചെടികളും മറ്റും കണ്ടെത്തിയാണ് മിയാവാക്കി വനം സൃഷ്ടിക്കല്‍. തിരഞ്ഞെടുത്ത ചെടികള്‍ ചട്ടികളിലാക്കി പ്രത്യേക നടില്‍ മിശ്രിതത്തില്‍ നിറക്കുന്നു.ചട്ടികളില്‍ നിശ്ചിത വളര്‍ച്ചയെത്തിയ ചെടികള്‍ അവ നടാനുദ്ദേശിക്കുന്ന സ്ഥലത്ത് കുറച്ച് ദിവസം സൂക്ഷിക്കുന്നു. അവിടത്തെ സൂഷ്മ കാലാവസ്ഥയുമായി പൊരുത്തപ്പെടുവാന്‍ വേണ്ടിയാണിത്.