Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

സംരംഭകരെ ഏറ്റവുമധികം ആകര്‍ഷിക്കുന്ന ലോകത്തിലെ പ്രമുഖ നഗരങ്ങളില്‍ റിയാദും

പട്ടികയില്‍ ലണ്ടനാണ് ഒന്നാംസ്ഥാനത്ത്, സിഡ്‌നി, കേപ്ടൗണ്‍ എന്നീ നഗരങ്ങള്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി

റിയാദ്: സംരംഭകരെ ഏറ്റവുമധികം ആകര്‍ഷിക്കുന്ന ലോകത്തിലെ പതിനാലാമത്തെ നഗരം റിയാദ് ആണെന്ന് പഠന റിപ്പോര്‍ട്ട്. യുകെ ആസ്ഥാനമായ കാര്‍ഡ് പേയ്‌മെന്റ് കമ്പനിയായ ദോജോ നടത്തിയ പഠനത്തിലാണ് സൗദി തലസ്ഥാനം മുന്‍പന്തിയിലെത്തിയത്.

പുതിയതായി രജിസ്റ്റര്‍ ചെയ്ത ബിസിനസുകളുടെ എണ്ണം, ബിസിനസ് തുടങ്ങുന്നതിനാവശ്യമായ ചിലവ്, ആളോഹരി ജിഡിപി, ജനസംഖ്യയില്‍ അഭ്യസ്തവിദ്യരായ ആളുകളുടെ ശതമാനക്കണക്ക്, പുതിയ ബിസിനസുകള്‍ തുടങ്ങുന്നത് സംബന്ധിച്ച ഗുഗിള്‍ സെര്‍ച്ച് റിസള്‍ട്ട് എന്നീ അഞ്ച് ഘടകങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് സംരംഭകര്‍ സംരംഭങ്ങള്‍ തുടങ്ങാന്‍ ഏറ്റവുമധികം ആഗ്രഹിക്കുന്ന നഗരങ്ങളുടെ പട്ടിക തയ്യാറാക്കിയത്.

500ല്‍ 328 പോയിന്റാണ് റിയാദ് സ്വന്തമാക്കിയത്. കഴിഞ്ഞ വര്‍ഷം റിയാദില്‍ 12,116 പുതിയ ബിസിനസുകളാണ് രജിസ്റ്റര്‍ ചെയ്തത്. എങ്ങനെ ബിസിനസ് ആരംഭിക്കാമെന്ന 1,470 ഗുഗിള്‍ സര്‍ച്ചുകളാണ് റിയാദില്‍ നിന്ന് വന്നത്. മാത്രമല്ല, എങ്ങനെ ഒരു പുതിയ ബിസിനസിന് ഫണ്ട് ചെയ്യാമെന്ന ഗൂഗിള്‍ സെര്‍ച്ചില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 14 ശതമാനം വര്‍ധനയും കഴിഞ്ഞ വര്‍ഷം റിയാദില്‍ രേഖപ്പെടുത്തി.

ലണ്ടനാണ് ലോകത്തില്‍ സംരംഭകരെ ഏറ്റവും കൂടുതല്‍ ആകര്‍ഷിക്കുന്ന നഗരം. 481 പോയിന്റാണ് ലണ്ടന്‍ നേടിയത്. സിഡ്‌നി (402), കേപ്ടൗണ്‍ (384) ന്യൂയോര്‍ക്ക് (379) എന്നീ രാജ്യങ്ങള്‍ തുടര്‍സ്ഥാനങ്ങളിലെത്തി. പട്ടികയിലെ ആദ്യ ഇരുപത് സ്ഥാനങ്ങളില്‍ ഇടം നേടിയ പശ്ചിമേഷ്യയിലെ ഏക നഗഗരമാണ് റിയാദ്.

Maintained By : Studio3