ഏപ്രിലില്‍ റീട്ടെയ്ല്‍ വില്‍പ്പനയില്‍ 49% ഇടിവ്
1 min readപശ്ചിമ ഇന്ത്യയിലെ ചില്ലറ വ്യാപാരികള്‍ ഏപ്രിലില്‍ 72 ശതമാനം ഇടിവാണ് ബിസിനസില്‍ നേരിട്ടത്
ന്യൂഡെല്‍ഹി: ഇന്ത്യയിലെ കോവിഡ് -19 ന്‍റെ രണ്ടാം തരംഗവും തുടര്‍ന്ന് വിവിധ സംസ്ഥാനങ്ങള്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളും വസ്ത്രങ്ങള്‍, പാദരക്ഷകള്‍, പേഴ്സണല്‍ കെയര്‍ ഉല്‍പ്പന്നങ്ങള്‍, ഇലക്ട്രോണിക്സ്, ദ്രുത-സേവന റെസ്റ്റോറന്‍റുകള്‍ എന്നീ മേഖലകളിലെ ചില്ലറ വ്യാപാരികള്‍ക്ക് വലിയ രീതിയില്‍ തിരിച്ചടി നല്‍കിയെന്ന് റിപ്പോര്‍ട്ട്. 2019 ഏപ്രിലുമായി താരതമ്യപ്പെടുത്തുമ്പോള്‍ 2021 ഏപ്രിലില്‍ വില്‍പ്പനയില്‍ 49 ശതമാനം കുറവുണ്ടായെന്ന് റീട്ടെയിലേഴ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ നടത്തിയ പ്രതിമാസ സര്‍വെയുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
വ്യത്യസ്ത ഉല്‍പ്പന്ന വിഭാഗങ്ങളിലെ 63 പേരെ ഉള്‍പ്പെടുത്തിയാണ് സര്‍വെ നടത്തിയത്. ഇന്ത്യയിലുടനീളമുള്ള ചില്ലറ വ്യാപാരികള്‍ക്ക് ലോക്ക്ഡൗണുകളും നിയന്ത്രണങ്ങളും പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. 2020 ഏപ്രിലില്‍ രാജ്യവ്യാപക ലോക്ക്ഡൗണ്‍ നിലവിലുണ്ടായിരുന്നു എന്നതിനാലാണ് 2109 ഏപ്രിലുമായുള്ള താരതമ്യത്തില്‍ റിപ്പോര്‍ട്ട് തയാറാക്കിയിട്ടുള്ളത്.
സ്പോര്‍ട്സ് ഗുഡ്സ് റീട്ടെയിലര്‍മാരാണ് കുത്തനെയുള്ള ഇടിവ് നേരിട്ടത്. 2019 ഏപ്രിലിനെ അപേക്ഷിച്ച് 2021 ഏപ്രിലില്‍ ഇവരുടെ ബിസിനസില്‍ 66 ശതമാനം ഇടിവുണ്ടായി. ഉപഭോക്തൃ ഡ്യൂറബിളുകള്‍ വിഭാഗങ്ങളിലുംം ഇലക്ട്രോണിക്സ് ഉല്‍പ്പന്നങ്ങളിലവും ബിസിനസ്സ് 31% കുറഞ്ഞു. സര്‍വേയില്‍ ഉള്‍പ്പെടുത്തിയ വിഭാഗങ്ങളില്‍ ഏറ്റവും കുറവ് ഇടിവ് രേഖപ്പെടുത്തിയത് ഈ വിഭാഗത്തിലാണ്.
പശ്ചിമ ഇന്ത്യയിലെ ചില്ലറ വ്യാപാരികള്‍ ഏപ്രിലില്‍ 72 ശതമാനം ഇടിവാണ് ബിസിനസില്‍ നേരിട്ടത്. വാണിജ്യ പ്രധാനമായ മഹാരാഷ്ട്ര പോലുള്ള സംസ്ഥാനങ്ങളില്‍ പല ജില്ലകളിലും ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നതാണ് ഇതിന് കാരണം. കിഴക്കന്‍ ഇന്ത്യയിലെ ചില്ലറ വ്യാപാരികളുടെ ബിസിനസിനെയാണ് ഏപ്രിലില്‍ രണ്ടാം തരംഗം ഏറ്റവും കുറവ് ബാധിച്ചത്. ഉത്തരേന്ത്യയിലുള്ളവര്‍ ഏപ്രിലില്‍ 45 ശതമാനം ഇടിവ് ബിസിനസില്‍ കണ്ടു. 2019 ഏപ്രിലുമായുള്ള താരതമ്യത്തില്‍ 40 ശതമാനം ഇടിവുണ്ടായെവന്നാണ് ദക്ഷിണേന്ത്യയില്‍ നിന്നുള്ള വ്യാപാരികള്‍ പറഞ്ഞത്.