November 9, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഉത്തരവാദിത്ത-ജെന്‍ഡര്‍ ഇന്‍ക്ലൂസീവ് ടൂറിസം അന്താരാഷ്ട്ര വനിതാ സമ്മേളനനം നവംബര്‍ 30-ന്

1 min read

തിരുവനന്തപുരം: ടൂറിസം മേഖലയില്‍ സ്ത്രീ പ്രാതിനിധ്യം വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ കേരളം നടപ്പാക്കുന്ന സ്ത്രീസൗഹാര്‍ദ്ദ വിനോദസഞ്ചാര പദ്ധതി ആഗോള ശ്രദ്ധയില്‍ എത്തിക്കുന്നതിനായി ഉത്തരവാദിത്ത ടൂറിസം മിഷന്‍ സൊസൈറ്റി അന്താരാഷ്ട്ര സമ്മേളനം സംഘടിപ്പിക്കുന്നു. യുഎന്‍ വിമനിന്‍റെ പങ്കാളിത്തത്തോടെയുള്ള ഗ്ലോബല്‍ വിമന്‍ കോണ്‍ഫറന്‍സ് ഓണ്‍ റെസ്പോണ്‍സിബിള്‍ ആന്‍ഡ് ജെന്‍ഡര്‍ ഇന്‍ക്ലൂസീവ് ടൂറിസം നവംബര്‍ 30, ഡിസംബര്‍ 1, 2 തീയതികളില്‍ മൂന്നാറിലാണ് നടക്കുക. കേരളത്തില്‍ നടന്നുവരുന്ന സ്ത്രീസൗഹാര്‍ദ്ദ വിനോദസഞ്ചാര പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന സംഘടനകള്‍, സ്ഥാപനങ്ങള്‍, പ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ കൂട്ടായ്മ സൃഷ്ടിക്കുക, പരസ്പര സഹകരണത്തോടെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോകുക, ഈ മേഖലയിലുള്ള മാതൃകകള്‍ ആഗോളതലത്തില്‍ അവതരിപ്പിക്കുക, അനുയോജ്യമായ മാതൃകകളും ആശയങ്ങളും ഉള്‍ക്കൊള്ളുക എന്നിവയാണ് സമ്മേളനം ലക്ഷ്യമിടുന്നത്. ടൂറിസം മേഖലയില്‍ സ്ത്രീ പ്രാതിനിധ്യം വര്‍ധിപ്പിക്കുകയും സ്ത്രീസുരക്ഷ ഉറപ്പാക്കുകയും ലക്ഷ്യമിട്ട് ഇന്ത്യയില്‍ ആദ്യമായി സ്ത്രീസൗഹാര്‍ദ്ദ ടൂറിസം പദ്ധതി നടപ്പിലാക്കിയ സംസ്ഥാനം കേരളമാണ്. യുഎന്‍ വിമന്‍-ഇന്ത്യയുടെ സാങ്കേതിക സഹകരണത്തോടെ സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഉത്തരവാദിത്ത ടൂറിസം മിഷന്‍ സൊസൈറ്റിയാണ് ഈ പദ്ധതി നടപ്പാക്കുന്നത്. ഡെസ്റ്റിനേഷന്‍ സേഫ്റ്റി സ്റ്റഡി, ജെന്‍ഡര്‍ ഓഡിറ്റ്, പരിശീലന പരിപാടികള്‍ തുടങ്ങിയവയ്ക്കാണ് യുഎന്‍ വിമനിന്‍റെ സഹകരണം ലഭ്യമാക്കുന്നത്. ഈ പദ്ധതിയിലൂടെ സംസ്ഥാനത്തെ ടൂറിസം മേഖല കൈവരിച്ച നേട്ടങ്ങളും സ്ത്രീസൗഹൃദ ടൂറിസം പ്രവര്‍ത്തനങ്ങളും ഉച്ചകോടിയില്‍ ചര്‍ച്ചയാകും. കേരളത്തിലെ സ്ത്രീസൗഹാര്‍ദ ടൂറിസം മാതൃകയെക്കുറിച്ച് ഈ മേഖലയിലെ വിദഗ്ധര്‍ കാഴ്ചപ്പാടുകള്‍ പങ്കിടുകയും തുടര്‍പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുകയും ചെയ്യും. സംസ്ഥാനത്തെ വിനോദസഞ്ചാര മേഖലയില്‍ തൊഴിലവസരങ്ങളില്‍ ഉള്‍പ്പെടെ സ്ത്രീകളുടെ പങ്കാളിത്തം വര്‍ധിപ്പിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. വിനോദസഞ്ചാരത്തിലൂടെയുള്ള സ്ത്രീശാക്തീകരണമാണ് വനിതാ സൗഹാര്‍ദ ടൂറിസം പദ്ധതി സാധ്യമാക്കുന്നത്. സ്ത്രീകള്‍ ഒറ്റയ്ക്കും കൂട്ടായും യാത്രകള്‍ നടത്തുന്ന പ്രവണത വര്‍ധിച്ചിട്ടുണ്ട്. ഇതിന് പ്രോത്സാഹനം നല്‍കാനും ഇതിലൂടെ സാധിക്കും. സ്ത്രീസഞ്ചാരികള്‍ക്ക് സുരക്ഷിതമായ ലക്ഷ്യസ്ഥാനമാണ് കേരളം. സ്ത്രീകളെ അടിസ്ഥാനമാക്കിയുള്ള ടൂറിസം കേന്ദ്രങ്ങള്‍ സൃഷ്ടിക്കാനും പദ്ധതി ലക്ഷ്യമിടുന്നു മന്ത്രി പറഞ്ഞു. അനുഭവവേദ്യ, സുസ്ഥിര ടൂറിസം മാതൃകയുടെ ഭാഗമായി വില്ലേജ് എക്സ്പീരിയന്‍ഷ്യല്‍ ടൂറിസം പാക്കേജുകള്‍, എക്സ്പീരിയന്‍ഷ്യല്‍ സ്റ്റേ പാക്കേജുകള്‍, ആര്‍ടി വില്ലേജുകള്‍, സ്ട്രീറ്റ് തുടങ്ങി നിരവധി പങ്കാളിത്ത ടൂറിസം വികസന പദ്ധതികളാണ് കേരളം നടപ്പാക്കിയതെന്ന് ടൂറിസം സെക്രട്ടറി കെ. ബിജു പറഞ്ഞു. സ്ത്രീസൗഹാര്‍ദ്ദ ടൂറിസം ഇനിഷ്യേറ്റീവ് പദ്ധതി ഇത്തരത്തിലുള്ള മറ്റൊരു മാതൃകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സാധാരണക്കാരായ സ്ത്രീകളെ ടൂറിസം രംഗത്തേക്ക് ആകര്‍ഷിച്ചുകൊണ്ട് ഈ മേഖലയിലെ വനിതാ പങ്കാളിത്തം ഉയര്‍ത്തുന്നതിനും സ്ത്രീ സൗഹാര്‍ദ്ദ ടൂറിസം കേന്ദ്രങ്ങള്‍ രൂപീകരിക്കുന്നതിനുമുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയാണെന്ന് ടൂറിസം ഡയറക്ടര്‍ ശിഖ സുരേന്ദ്രന്‍ പറഞ്ഞു. സുരക്ഷിതവും ശുചിത്വമുള്ള ലക്ഷ്യസ്ഥാനങ്ങള്‍ ഉറപ്പാക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

  സ്വിഗ്ഗി ഐപിഒ നവംബര്‍ 6 മുതല്‍

സ്ത്രീസൗഹാര്‍ദ്ദ വിനോദസഞ്ചാര പദ്ധതിയുമായി ബന്ധപ്പെട്ട് ഇതുവരെ 18000 – ത്തോളം സ്ത്രീകള്‍ ഉത്തരവാദിത്ത ടൂറിസം മിഷന്‍ സൊസൈറ്റിയില്‍ രജിസ്റ്റര്‍ ചെയ്തെന്ന് സിഇഒ കെ. രൂപേഷ് കുമാര്‍ പറഞ്ഞു. ഈ പദ്ധതിയിലൂടെ കമ്മ്യൂണിറ്റി ടൂര്‍ ലീഡര്‍, ടൂര്‍ ഓപ്പറേറ്റര്‍, ഡ്രൈവര്‍മാര്‍, ഹോംസ്റ്റേകള്‍, റെസ്റ്റോറന്‍റ് മേഖലകളില്‍ സ്ത്രീകള്‍ നേതൃത്വം നല്‍കുന്ന സംരംഭങ്ങള്‍ തുടങ്ങാനാകും. ഇവയെല്ലാം ഏകോപിപ്പിച്ച് ഒരു സ്ത്രീസൗഹാര്‍ദ്ദ ടൂറിസം ശൃംഖല രൂപീകരിക്കുന്നതിന് വേണ്ട നടപടികള്‍ ആര്‍ടി മിഷന്‍ സൊസൈറ്റി ചെയ്തു വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി. ആര്‍ടി മിഷന്‍ സൊസൈറ്റിയില്‍ രജിസ്റ്റര്‍ ചെയ്ത ആകെ യൂണിറ്റുകളില്‍ 17631 (70%) യൂണിറ്റുകള്‍ സ്ത്രീകളുടെ ഉടമസ്ഥതയിലുള്ളതോ സ്ത്രീകള്‍ നയിക്കുന്നതോ ആണ്. ഈ യൂണിറ്റുകളെയെല്ലാം സ്ത്രീസൗഹാര്‍ദ്ദ ടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ടൂറിസം രംഗത്ത് ജെന്‍ഡര്‍ ഓഡിറ്റ് നടപ്പാക്കുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനമാണ് കേരളം. നിലവില്‍ ആറ് കേന്ദ്രങ്ങളില്‍ ജെന്‍ഡര്‍ ഓഡിറ്റ് നടന്നുവരുന്നു. പുതുതായി 10 കേന്ദ്രങ്ങളില്‍ക്കൂടി ഈ സാമ്പത്തിക വര്‍ഷം ഓഡിറ്റ് നടപ്പിലാക്കും. 68 കേന്ദ്രങ്ങളില്‍ സേഫ്റ്റി ഓഡിറ്റ് പൂര്‍ത്തിയാക്കി. കേരളം നടപ്പാക്കുന്ന ഈ മാതൃക ഉച്ചകോടിയില്‍ ചര്‍ച്ചയാകും. പ്രാദേശിക മേഖലയിലെ സ്ത്രീകളെ ടൂറിസം പ്രവര്‍ത്തനങ്ങളുടെ ഭാഗമാക്കാന്‍ സഹായിക്കുന്നതാണ് ജെന്‍ഡര്‍ ഓഡിറ്റ്. സ്ത്രീകള്‍ നടത്തുന്ന ടൂറിസം പ്രവര്‍ത്തനങ്ങളിലൂടെ കൂടുതല്‍ സ്ത്രീകളെ ടൂറിസം മേഖലയുമായി ബന്ധിപ്പിക്കാനും ടൂറിസത്തിലൂടെ സ്ത്രീശാക്തീരണം, ദാരിദ്ര്യ ലഘൂകരണം, പാര്‍ശ്വവത്കൃത ജനസമൂഹത്തിന്‍റെ ഉന്നമനം എന്നിവ സാധ്യമാക്കുകയെന്ന ലക്ഷ്യത്തോടെ 2022 ഒക്ടോബര്‍ 26 നാണ് കേരളം സ്ത്രീസൗഹാര്‍ദ്ദ ടൂറിസം പദ്ധതിക്ക് തുടക്കമിട്ടത്. ജെന്‍ഡര്‍ ഇന്‍ക്ലൂസീവ് ടൂറിസം എന്ന യുഎന്‍ ഡബ്ല്യുടിഒ ആശയത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ പദ്ധതി. ഇതിന്‍റെ ഭാഗമായി എക്സ്ക്ലൂസീവ് വിമണ്‍ ടൂറുകള്‍ നടത്തുന്ന വിവിധ യൂണിറ്റുകള്‍ കെആര്‍ടിഎം സൊസൈറ്റിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സ്ത്രീകള്‍ നയിക്കുന്ന ഹോംസ്റ്റേകള്‍, സ്ത്രീകളുടെ സുവനീര്‍ യൂണിറ്റുകള്‍ എന്നിങ്ങനെ വിവിധ സ്ത്രീകേന്ദ്രീകൃത പ്രവര്‍ത്തനങ്ങളും സൊസൈറ്റി നടത്തിവരുന്നു.

  സ്വിഗ്ഗി ഐപിഒ നവംബര്‍ 6 മുതല്‍
Maintained By : Studio3