Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഉത്തരവാദിത്ത ടൂറിസം ജനകീയ പരിപാടിയാക്കും

1 min read

കോട്ടയം: സാക്ഷരത പ്രസ്ഥാനം, ജനകീയാസൂത്രണം എന്നിവയുടെ മാതൃകയില്‍ ഉത്തരവാദിത്ത ടൂറിസത്തെ ജനകീയ പരിപാടിയാക്കുമെന്ന് ടൂറിസം-പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. കുമരകത്ത് നടന്ന ആഗോള ഉത്തരവാദിത്ത ടൂറിസം ഉച്ചകോടിയുടെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉച്ചകോടിയിലെ നിര്‍ദ്ദേശങ്ങള്‍ ക്രോഡീകരിച്ച് സര്‍ക്കാര്‍ തയ്യാറാക്കിയ പ്രഖ്യാപനരേഖ മന്ത്രി പുറത്തിറക്കി. കേരള ടൂറിസത്തിന് ചരിത്രനിമിഷമാണെന്ന് അദ്ദേഹം പറഞ്ഞു. ജനകീയ പരിപാടിയാകുന്നതോടെ ഉത്തരവാദിത്ത ടൂറിസത്തിന്‍റെ സാധ്യതകള്‍ വ്യാപകമാവുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഉത്തരവാദിത്ത ടൂറിസത്തിന്‍റെ മുന്‍നിര നേതാക്കളായിരുന്ന പരേതരായ മുന്‍ ടൂറിസം മന്ത്രി കോടിയേരി ബാലകൃഷ്ണന്‍, മുന്‍ കുമരകം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്  ജി സി ദാമോദരന്‍ എന്നിവരെ അനുസ്മരിച്ചു.

ടൂറിസം പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ എസ് ശ്രീനിവാസ്, അന്താരാഷ്ട്ര ഉത്തരവാദിത്ത ടൂറിസം കേന്ദ്രം സ്ഥാപകന്‍ ഹാരോള്‍ഡ് ഗുഡ്വിന്‍ എന്നിവര്‍ പ്രഖ്യാപനരേഖയില്‍ ഒപ്പിട്ടു. ആഗോള ഉത്തരവാദിത്ത ടൂറിസം മുന്നേറ്റത്തിന് ഈ ഉച്ചകോടി ശക്തിപകരുമെന്ന് കേരള ടൂറിസം ഡയറക്ടര്‍ പി ബി നൂഹ് പറഞ്ഞു. ഉത്തരവാദിത്ത ടൂറിസം മിഷന്‍ സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ കെ രൂപേഷ് കുമാര്‍ നന്ദി രേഖപ്പെടുത്തി. കെടിഎം പ്രസിഡന്‍റ് ബേബിമാത്യു സംബന്ധിച്ചു.

  ഡിഫന്‍സ് പ്രൈമിംഗ് കണ്ടെത്തലുമായി ആര്‍ജിസിബി ശാസ്ത്രജ്ഞര്‍

സാമൂഹ്യസുരക്ഷ, സാമ്പത്തിക ഉത്തരവാദിത്തം, പാരിസ്ഥിതിക ഉത്തരവാദിത്തം എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായാണ് പ്രഖ്യാപനരേഖ തയ്യാറാക്കിയിട്ടുള്ളത്. ജനങ്ങള്‍ക്ക് മെച്ചപ്പെട്ട ജീവിതവും സഞ്ചാരികള്‍ക്ക് മെച്ചപ്പെട്ട സഞ്ചാര അനുഭവവും എന്നതാണ് പ്രഖ്യാപനത്തിന്‍റെ പ്രമേയം.

പ്രദേശത്തെ ടൂറിസം വികസനവുമായി ബന്ധപ്പെട്ട് നയരൂപീകരണത്തില്‍ പ്രദേശവാസികള്‍ക്ക് കൂടുതല്‍ പങ്കാളിത്തം നല്‍കുമെന്ന് സാമൂഹ്യസുരക്ഷ ഉത്തരവാദിത്ത പ്രഖ്യാപന രേഖയില്‍ പറയുന്നു. യുഎന്‍ വിമന്‍ ധാരണാപത്രത്തിന്‍റെ ചുവടുപിടിച്ച് ടൂറിസം പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വനിതാസൗഹൃദമാക്കും. ഉത്തരവാദിത്ത ടൂറിസം സംരംഭങ്ങളില്‍ വനിതകളുടെ പ്രാതനിധ്യം കൂട്ടുന്നതിനായി പഞ്ചായത്തുകളുമായി ചേര്‍ന്ന് പ്രത്യേക പരിഗണന നല്‍കും. ലിംഗനീതി ഉറപ്പാക്കും.

ടൂറിസം കേന്ദ്രങ്ങള്‍ ഭിന്നശേഷി സൗഹൃദമാക്കുന്നതിനോടൊപ്പം ഈ വിഭാഗങ്ങള്‍ക്കുള്ള തൊഴിലവസരവും ഈ മേഖലയില്‍ സൃഷ്ടിക്കണമെന്ന് പ്രഖ്യാപനരേഖ പറയുന്നു. അരിക്വത്കരിക്കപ്പെട്ട സമൂഹത്തിന് കൂടുതല്‍ പരിഗണന നല്‍കും. ടൂറിസം എല്ലാവര്‍ക്കും പ്രാപ്യമായ ഒന്നാക്കും. ലൈംഗികചൂഷണത്തിനും കുട്ടികളെ ചൂഷണം ചെയ്യുന്നതിനുമെതിരെ പോരാടും.

  രാഷ്ട്രപതി പത്മശ്രീ പുരസ്കാരം സമ്മാനിച്ചു

സാംസ്ക്കാരിക വൈവിദ്ധ്യത്തിനെ പ്രോത്സാഹിപ്പിക്കുകയും സാമൂഹ്യ സന്തുലിതാവസ്ഥ നിലനിറുത്തുകയും ചെയ്യും.ആരോഗ്യ-വിദ്യാഭ്യാസ പുരോഗതിക്ക് സംഭാവന നല്‍കും. പ്രാദേശികജനതയുടെ ഉന്നമനം കൂടി കണക്കിലെടുത്ത് ടൂറിസം മേഖലയില്‍ നവസാങ്കേതിക വിദ്യ സമന്വയിപ്പിക്കും. അതിഥിയുടെ സംസ്ക്കാരം, ഭാഷ, വേഷം എന്നിവ ബഹുമാനിക്കാനുള്ള ബോധവത്കരണം പ്രദേശവാസികള്‍ക്ക് നല്‍കുമെന്നും പ്രഖ്യാപനരേഖയുടെ സാമൂഹ്യസുരക്ഷാ വിഭാഗത്തില്‍ പറയുന്നു.

ഉത്തരവാദിത്ത ടൂറിസത്തിലുണ്ടാകാവുന്ന വാണിജ്യ അപകടസാധ്യതകളെക്കുറിച്ച് പ്രദേശവാസികളിലും ചെറുകിട സംരംഭകരിലും ബോധവത്കരണം നടത്തും. പ്രദേശവാസികള്‍ക്ക് ടൂറിസം പ്രവര്‍ത്തനത്തില്‍ കൂടുതല്‍ പ്രാതിനിധ്യം ഉറപ്പാക്കും. ടൂറിസത്തെ ദാരിദ്ര്യനിര്‍മ്മാര്‍ജ്ജന പരിപാടിയില്‍ സഹായിക്കുന്ന ഘടകമാക്കി മാറ്റും. ടൂറിസം പ്രദേശത്തെ പ്രശസ്തമാക്കുന്നതും വാണിജ്യസാധ്യതയുള്ളതുമാക്കുന്ന ഉത്പന്നങ്ങള്‍ നിര്‍മ്മിക്കും.

പ്രകൃതിദത്തവും സാംസ്ക്കാരിക സമ്പന്നവും, സാമൂഹ്യപ്രതിബദ്ധത ഉയര്‍ത്തിപ്പിടിക്കുന്നതുമായ രീതിയില്‍ ടൂറിസത്തെ മാര്‍ക്കറ്റ് ചെയ്യും. അന്താരാഷ്ട്രനിലവാരമുള്ള ബിസിനസ് മാതൃകകള്‍ സ്വീകരിക്കും. ജീവനക്കാര്‍ക്കും ഉയര്‍ന്ന നിലവാരം ഉറപ്പാക്കുമെന്ന് സാമ്പത്തിക ഉത്തരവാദിത്ത പ്രഖ്യാപനരേഖയില്‍ പറയുന്നു.

  ഉത്തര്‍പ്രദേശിലെ വാരാണസിയില്‍ 1780 കോടിയിലധികം രൂപയുടെ വികസന പദ്ധതികള്‍

ഹരിതവാതകം പുറംതള്ളുന്നത് തടയാനായി പാരമ്പര്യേതര ഊര്‍ജ്ജ ഉപയോഗം, മണ്ണില്‍ അലിയുന്ന വസ്തുക്കളുടെ ഉപയോഗം എന്നിവ ത്വരിതപ്പെടുത്തും. പ്ലാസ്റ്റിക് നിര്‍മ്മാര്‍ജ്ജനം, പാരിസ്ഥിതിക സന്തുലനം എന്നിവയ്ക്ക മുന്‍ഗണന നല്‍കും. പുനരുപയോഗത്തിനും സംസ്ക്കരണത്തിനും ഊന്നല്‍. സമഗ്ര ഡിസൈന്‍ നയം ഇക്കാര്യത്തില്‍ നടപ്പാക്കും. കഴിയുന്നത്ര പഴയ കെട്ടിടങ്ങള്‍ നവീകരിക്കാന്‍ ശ്രമിക്കണം.

പ്രകൃതിയുടെ സന്തുലിതാവസ്ഥ നഷ്ടപ്പെടുത്താതെയുള്ള ടൂറിസം വികസനം നടപ്പാക്കും. സുസ്ഥിര വികസനത്തെക്കുറിച്ച് ടൂറിസം പങ്കാളികള്‍ക്കിടയില്‍ അവബോധം വളര്‍ത്തും. പ്രകൃതി സംരംക്ഷണ വിദഗ്ധരുടെ സേവനം ലഭ്യമാക്കും.

നിര്‍മ്മാണം, രൂപകല്‍പ്പന, വാസ്തുകല, മാലിന്യസംസ്ക്കരണം, ജൈവകൃഷി എന്നിവ നടപ്പാക്കാനും ഹരിത മൂല്യങ്ങള്‍ പ്രചരിപ്പിക്കുന്നതിനും മറ്റ് സര്‍ക്കാര്‍ വകുപ്പുകളുടെ സഹായം തേടും. കാര്‍ബണ്‍രഹിത ടൂറിസം പ്രദേശങ്ങള്‍ സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്ന് പാരിസ്ഥിതിക പ്രഖ്യാപനരേഖ വിഭാവനം ചെയ്യുന്നു.

രാജ്യത്തിനകത്തും പുറത്തുനിന്നുമായി വന്ന 90 ഓളം വിദഗ്ധര്‍ 12 സെഷനുകളിലായി നടത്തിയ ചര്‍ച്ചകള്‍ കൂടി അടിസ്ഥാനമാക്കിയാണ് ഉത്തരവാദിത്ത ടൂറിസത്തിന്‍റെ ഭാവിയെക്കരുതി കാലാനുസൃതമായ പരിഷ്ക്കാരങ്ങള്‍ പ്രഖ്യാപിച്ചത്.

Maintained By : Studio3