November 22, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഉത്തരവാദിത്ത നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കുക സംസ്ഥാനത്തിന്‍റെ നയം.: മന്ത്രി പി. രാജീവ്

തിരുവനന്തപുരം: വ്യാവസായിക വികസനത്തിനായി കേരളത്തിനും തമിഴ് നാടിനും പരസ്പര പൂരകമായ സഹകരണം പല തലങ്ങളിലും സാധ്യമാണെന്ന് വ്യവസായ, നിയമ, കയര്‍ വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു. ഇതിനായി ഇരുസംസ്ഥാനങ്ങളിലേയും വിഭവങ്ങളും കഴിവുകളും ഉപയോഗപ്പെടുത്തുന്നതിലൂടെ ഒരുമിച്ച് വളരാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്‍റ് കോര്‍പ്പറേഷനും (കെഎസ്ഐഡിസി) കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയും (സിഐഐ) സംയുക്തമായി ചെന്നൈയില്‍ സംഘടിപ്പിച്ച നിക്ഷേപകരുമായുള്ള കൂടിക്കാഴ്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ പൊതുവെ വ്യവസായ സൗഹൃദ അന്തരീക്ഷമാണുള്ളത്. കേരളത്തിലെ വ്യവസായരംഗം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ആവശ്യമായ ഭൂമിയുടെ ലഭ്യതക്കുറവാണ്. അതിനുള്ള കാരണം ഇവിടുത്തെ ഉയര്‍ന്ന ജനസാന്ദ്രതയാണ്. ഈ പ്രശ്ന പരിഹരിക്കുന്നതിനും വിവിധ മേഖലകളില്‍ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള സംരംഭങ്ങള്‍ പുതുതായി കൊണ്ടുവരാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

  സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ ഇന്നവേഷന്‍ ആന്‍ഡ് ഒണ്‍ട്രപ്രണര്‍ഷിപ്പ് ഡെവലപ്മെന്‍റ് സെന്‍റര്‍ പുതിയ ആയിരത്തോളം സ്ഥാപനങ്ങളില്‍ കൂടി

ഭൂമി ലഭ്യതയുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി വ്യാവസായിക സൗഹൃദ പദ്ധതികള്‍ സംസ്ഥാനത്ത് നടപ്പാക്കുന്നുണ്ട്. സ്വകാര്യ വ്യവസായ പാര്‍ക്കുകളും കാമ്പസ് വ്യവസായ പാര്‍ക്കുകളും പ്രോത്സാഹിപ്പിക്കുന്നത് ഇതിന്‍റെ ഭാഗമാണ്. ലാന്‍ഡ് അലോട്ട്മെന്‍റ് നയത്തിലെ ഭേദഗതി അനുസരിച്ച് കുറഞ്ഞത് 10 ഏക്കര്‍ വ്യാവസായിക ഭൂമി ആവശ്യമുള്ള പദ്ധതികള്‍ക്ക് 60 വര്‍ഷത്തേക്ക് പാട്ടവ്യവസ്ഥയില്‍ നല്കാനുമാകും. ഓരോ പ്രദേശത്തേയും ഭൂമി ലഭ്യതയെക്കുറിച്ചുള്ള വിവരങ്ങള്‍ നല്കുന്ന ലാന്‍ഡ് പൂളിംഗ് പോളിസിയും വലിയ ചുവടുവയ്പ്പാണ്. പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സ്ഥല ഉടമകളുടെ സമ്മതപ്രകാരം ഭൂമി നല്കുന്നതിനും അടിസ്ഥാന സൗകര്യ വികസനത്തിനും ഇതിലൂടെ സാധിക്കും. വ്യവസായങ്ങള്‍ തുടങ്ങാനും മുന്നോട്ട് കൊണ്ടു പോകാനുമുള്ള സേവനങ്ങള്‍ ലഭ്യമാക്കുന്ന ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ കാര്യക്ഷമമാണ്.

  ആര്‍ജിസിബി, കൊച്ചിന്‍ കാന്‍സര്‍ റിസര്‍ച്ച് സെന്‍റർ സഹകരണം

കേരള വ്യവസായ വാണിജ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്, കെഎസ്ഐഡിസി മാനേജിംഗ് ഡയറക്ടര്‍ എസ്‌. ഹരികിഷോര്‍ എന്നിവരും കേരളത്തിലെ നിക്ഷേപ സാധ്യതകളെക്കുറിച്ച് സംസാരിച്ചു. സിഐഐ തമിഴ് നാട് ഘടകം ചെയര്‍മാന്‍ ശ്രീവത്സ് റാം, സിഐഐ കേരള ഘടകം ചെയര്‍മാന്‍ വിനോദ് മഞ്ഞില, വ്യവസായി ശ്രീനാഥ് വിഷ്ണു എന്നിവരും യോഗത്തില്‍ സംസാരിച്ചു. ഇരു സംസ്ഥാനങ്ങളുടെയും വ്യാവസായിക മേഖലയ്ക്ക് പുത്തന്‍ ഉണര്‍വേകാന്‍ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം സഹായകമാകുമെന്ന് ചോദ്യങ്ങള്‍ക്ക് ഉത്തരമായി മന്ത്രി പറഞ്ഞു. 20 കി.മീ പരിധിയില്‍ ലോജിസ്റ്റിക് പാര്‍ക്കുകള്‍ തുറക്കാനുള്ള പദ്ധതിയും സര്‍ക്കാരിനുണ്ട്. റേറ്റിംഗ് ഏജന്‍സികളുടെ മൂല്യനിര്‍ണ്ണയം അനുസരിച്ച് ഏഷ്യയിലെ ഏറ്റവും മികച്ച സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റം കേരളത്തിനുണ്ട്. ഐടി സ്ഥാപനങ്ങള്‍ക്ക് കിട്ടുന്ന ആനുകൂല്യങ്ങള്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്കും ലഭ്യമാണ്. വ്യവസായ ലൈസന്‍സുകള്‍ എളുപ്പത്തില്‍ ലഭ്യമാക്കുന്ന സംരംഭങ്ങളെക്കുറിച്ചും മന്ത്രി വിശദീകരിച്ചു. സംസ്ഥാനത്ത് കഴിഞ്ഞ രണ്ട് വര്‍ഷവും മൂന്ന് മാസവും കൊണ്ട് 2.65 ലക്ഷം എംഎസ്എംഇകള്‍ രജിസ്റ്റര്‍ ചെയ്തു എന്നത് ശ്രദ്ധേയമാണ്. ഉത്തരവാദിത്ത നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കുമെന്നതാണ് സംസ്ഥാനത്തിന്‍റെ നയം.

  ബിനാലെ ആറാം പതിപ്പ് 2025 ഡിസംബര്‍ 12 മുതല്‍

സാങ്കേതികവിദ്യയുടെയും മനുഷ്യവിഭവശേഷിയുടെയും സമന്വയത്തിലൂടെയാണ് സംസ്ഥാനത്തിന്‍റെ വികസന മോഡലുകള്‍ നടപ്പിലാക്കുന്നതെന്ന് കേരള വ്യവസായ വാണിജ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ് പറഞ്ഞു. കേരളത്തിന്‍റെ വ്യവസായ വികസന മാതൃക അതുല്യമാണെന്ന് വിനോദ് മഞ്ഞില പറഞ്ഞു. കേരളത്തിന്‍റെ വ്യാവസായിക നയത്തിന്‍റെ പ്രത്യേകതകളെക്കുറിച്ച് കെഎസ്ഐഡിസി മാനേജിംഗ് ഡയറക്ടര്‍ എസ്. ഹരികിഷോര്‍ സംസാരിച്ചു.

Maintained By : Studio3