December 6, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

10 കോടി കടന്ന് എന്‍എസ്ഇയില്‍ രജിസ്റ്റര്‍ ചെയ്ത നിക്ഷേപകരുടെ എണ്ണം

1 min read

കൊച്ചി: നാഷണല്‍ സ്റ്റോക് എക്സ്ചേഞ്ചില്‍ (എന്‍എസ്ഇ) രജിസ്റ്റര്‍ ചെയ്ത നിക്ഷേപകരുടെ എണ്ണം 2024 ആഗസ്റ്റ് എട്ടിന് പത്തു കോടി കടന്നു. ഉപഭോക്താക്കള്‍ക്ക് ഒന്നിലേറെ ട്രേഡിങ് മെമ്പര്‍ രജിസ്ട്രേഷന്‍ നടത്താനാവുന്നതിനാല്‍ ഇതുവരെയുള്ള ആകെ ക്ലൈന്‍റ് രജിസ്ട്രേഷന്‍ 19 കോടിയിലും എത്തിയിട്ടുണ്ട്. എന്‍എസ്ഇയിലെ നിക്ഷേപക രജിസ്ട്രേഷന്‍ വര്‍ധിച്ചു വരുന്ന പ്രവണതയാണ് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ദൃശ്യമാകുന്നത്. പ്രവര്‍ത്തനമാരംഭിച്ച് 14 വര്‍ഷങ്ങള്‍ കൊണ്ടാണ് എക്സ്ചേഞ്ചിലെ നിക്ഷേപക രജിസ്ട്രേഷന്‍ ഒരു കോടിയിലെത്തിയത്. അടുത്ത ഒരു കോടി രജിസ്ട്രേഷന്‍ ഏഴു വര്‍ഷം കൊണ്ടും തുടര്‍ന്നുള്ള ഒരു കോടി രജിസ്ട്രേഷന്‍ മൂന്നര വര്‍ഷം കൊണ്ടും അതിനു ശേഷമുള്ള ഒരു കോടി രജിസ്ട്രേഷന്‍ ഒരു വര്‍ഷത്തിനു മേല്‍ സമയം കൊണ്ടുമാണുണ്ടായത്. ഇങ്ങനെ 2021 മാര്‍ച്ചിലാണ് 25 വര്‍ഷം കൊണ്ട് നാലു കോടി രജിസ്ട്രേഷന്‍ ഉണ്ടായത്. പക്ഷേ തുടര്‍ന്നുള്ള ഓരോ കോടി രജിസ്ട്രേഷനും ശരാശരി 6-7 മാസങ്ങളിലാണ് കൈവരിക്കാനായത്. ഏറ്റവും ഒടുവിലെ ഒരു കോടി രജിസ്ട്രേഷന്‍ അഞ്ചു മാസത്തിനു മേല്‍ സമയത്തിലുമുണ്ടായി. പ്രതിദിനം ശരാശരി 50,000 മുതല്‍ 78,000 വരെ പുതിയ രജിസ്ട്രേഷനാണ് ഇപ്പോള്‍ നടക്കുന്നത്. ഡിജിറ്റലൈസേഷന്‍, നിക്ഷേപ അവബോധം, എല്ലാവരേയും സാമ്പത്തിക സേവനങ്ങളില്‍ ഉള്‍പ്പെടുത്താനുള്ള നീക്കങ്ങള്‍ തുടങ്ങിയ മേഖലകളിലെ വളര്‍ച്ച പുതിയ നിക്ഷേപകരുടെ കടന്നു വരവ് വേഗത്തിലാക്കി. വിപണിയുടെ സുസ്ഥിര പ്രകടനവും ഇതിനു പിന്‍ബലമേകി.

  വസന്തോത്സവം -2024': ഡിസംബര്‍ 24 മുതല്‍
Maintained By : Studio3