ഇന്ത്യയുടെ ഉപഭോഗ, നിക്ഷേപ ആവശ്യകതയില്‍ വീണ്ടെടുപ്പ്
1 min readവ്യോമയാനം, ഹോസ്പിറ്റാലിറ്റി, റീട്ടെയില്‍ മേഖലകള്‍ ഉള്‍പ്പെടെയുള്ളവയില്‍ നെഗറ്റീവ് വീക്ഷണം നിലനിര്‍ത്തുന്നു
ന്യൂഡെല്‍ഹി: കൊറോണ മൂലമുള്ള നിയന്ത്രണങ്ങള്‍ ലഘൂകരിക്കപ്പെടുന്നതിന്‍റെ പശ്ചാത്തലത്തില്‍, ഇന്ത്യയിലെ ധനകാര്യേതര കോര്‍പ്പറേറ്റുകളെ സംബന്ധിച്ച കാഴ്ചപ്പാട് സുസ്ഥിരം എന്ന നിലയില്‍ നിലനിര്‍ത്തുകയാണെന്ന് മൂഡീസ് ഇന്‍വെസ്റ്റേഴ്സ് സര്‍വീസ് വ്യക്തമാക്കി. ഉപഭോഗവും നിക്ഷേപവും ഉയര്‍ത്താന്‍ ലക്ഷ്യമിട്ടുള്ള സര്‍ക്കാരിന്‍റെ ഉത്തേജന നടപടികള്‍, മികച്ച ഫണ്ടിംഗ് അന്തരീക്ഷം. എന്നിവയെല്ലാം മൂഡിസ് ചൂണ്ടിക്കാണിക്കുന്നു. മൂഡിസിന്‍റെ ഇന്ത്യന്‍ അഫിലിയേറ്റ് സ്ഥാപനമായ ഐസിആര്‍എ-യും ഓട്ടോ, ടെക്സ്റ്റൈല്‍സ് പോലുള്ള ചില മേഖലകള്‍ സംബന്ധിച്ച തങ്ങളുടെ കാഴ്ചപ്പാട് നെഗറ്റീവില്‍ നിന്ന് സുസ്ഥിരം എന്നതിലേക്ക് മാറ്റിയിട്ടുണ്ട്.
“വ്യക്തിഗത മൊബിലിറ്റി വാഹനങ്ങള്‍ക്കായുള്ള വര്‍ദ്ധിച്ചുവരുന്ന മുന്‍ഗണന, സര്‍ക്കാരിന്‍റെ പുതിയ വോളണ്ടറി വെഹിക്കിള്‍ സ്ക്രാപ്പേജ് പോളിസി എന്നിവ വാഹന ആവശ്യകതയെ സഹായിക്കും. അഫോഡബിള്‍ വിഭാഗത്തിലെ വീടുകള്‍ക്കുള്ള നികുതി ആനുകൂല്യങ്ങള്‍, സൗകര്യപ്രദമായ ജോലി ക്രമീകരണങ്ങളിലേക്കുള്ള മാറ്റം എന്നിവ ഭവന നിര്‍മാണ മേഖലയില്‍ ആവശ്യകതയെ മുന്നോട്ട് നയിക്കും,” മൂഡീസ് അസോസിയേറ്റ് മാനേജിംഗ് ഡയറക്ടര്‍ വികാസ് ഹാലന്‍ പറഞ്ഞു.
അടിസ്ഥാന സൗകര്യ ചെലവുകള്‍ക്കൊപ്പം ഭവന, വാഹന മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിക്കുന്നത് മറ്റ് പ്രധാന വ്യവസായങ്ങളായ സ്റ്റീല്‍, ഓയില്‍, ഗ്യാസ്, സിമന്‍റ് എന്നിവയിലെ ആവശ്യകതയും വര്‍ധിപ്പിക്കും. കുറഞ്ഞ പലിശനിരക്കും ആഭ്യന്തര ഉല്‍പാദനം വര്‍ദ്ധിപ്പിക്കുന്നതിനുള്ള സര്‍ക്കാര്‍ പരിഷ്കാരങ്ങളും കോര്‍പ്പറേറ്റുകളുടെ ക്രെഡിറ്റ് പ്രൊഫൈലുകളെ സഹായിക്കുമെന്ന് മൂഡിസും ഐസിആര്‍എ-യും ചേര്‍ന്ന് പുറത്തിറക്കിയ സംയുക്ത പ്രസ്താവനയില്‍ പറയുന്നു.
പേയ്മെന്‍റ് മൊറട്ടോറിയങ്ങള്‍, അധിക ഫണ്ടിംഗ് ലൈനുകള്‍, ഒറ്റത്തവണ പുനഃ ക്രമീകരണ അവസരങ്ങള്‍ എന്നിവ നല്‍കിയത് വെല്ലുവിളി നിറഞ്ഞ അന്തരീക്ഷത്തില്‍ മുന്നോട്ടുപോകുന്നതിന് ടെക്സ്റ്റൈല്‍സ്, ഹെല്‍ത്ത് കെയര്‍, ഓട്ടോ അനുബന്ധ വ്യവസായങ്ങള്‍ എന്നിവയെ പ്രാപ്തമാക്കിയെന്ന് ഐസിആര്‍എ വിലയിരുത്തുന്നു. കൂടാതെ, കുറഞ്ഞ ഇന്‍പുട്ട് വിലകളും കമ്പനികളുടെ പ്രവര്‍ത്തന, മൂലധന ചെലവുകള്‍ കര്‍ശനമായി നിയന്ത്രിച്ചതും പണമൊഴുക്ക് നിലനിര്‍ത്താന്‍ സഹായകമായിട്ടുണ്ട്.
ലോക്ക്ഡൗണുകളുടെയും അണുബാധയുടെയും ഭീഷണി വീണ്ടും ചിലയിടങ്ങളില്‍ ഉയര്‍ന്നു വരുന്നു എന്നത് പരിഗണിച്ച് വ്യോമയാനം, ഹോസ്പിറ്റാലിറ്റി, റീട്ടെയില്‍ മേഖലകള്‍ ഉള്‍പ്പെടെയുള്ളവയില്‍ നെഗറ്റീവ് വീക്ഷണം നിലനിര്‍ത്തുന്നു.