November 22, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

പതിനായിരം രൂപയില്‍ താഴെ 5ജി ഫോണുകള്‍ അവതരിപ്പിക്കുമെന്ന് റിയല്‍മി

15,000 രൂപയില്‍ കൂടുതല്‍ വിലയുള്ള എല്ലാ പുതിയ ഉല്‍പ്പന്നങ്ങളും സമീപഭാവിയില്‍ 5ജി ഓണ്‍ലി ആയിരിക്കും  

ഇന്ത്യയില്‍ പതിനായിരം രൂപയില്‍ താഴെ വില വരുന്ന 5ജി ഫോണുകള്‍ അവതരിപ്പിക്കാന്‍ റിയല്‍മി തയ്യാറെടുക്കുന്നു. റിയല്‍മി ഇന്ത്യ സിഇഒ മാധവ് ഷെത്താണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അടുത്ത വര്‍ഷമായിരിക്കും ഇത്തരം ഫോണുകള്‍ വിപണിയിലെത്തുന്നത്. മാത്രമല്ല, 15,000 രൂപയില്‍ കൂടുതല്‍ വിലയുള്ള തങ്ങളുടെ എല്ലാ പുതിയ ഉല്‍പ്പന്നങ്ങളും സമീപ ഭാവിയില്‍ 5ജി ഓണ്‍ലി ആയിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം റിയല്‍മി എക്‌സ്50 പ്രോ 5ജി പുറത്തിറക്കിയാണ് ചൈനീസ് കമ്പനി ഇന്ത്യയില്‍ 5ജി ഉല്‍പ്പന്ന അവതരണം തുടങ്ങിയത്. ഇതേതുടര്‍ന്ന് ഈയിടെ കൂടുതല്‍ 5ജി ഫോണുകള്‍ പുറത്തിറക്കി. റിയല്‍മി 8 5ജി, റിയല്‍മി നാര്‍സോ 30 പ്രോ 5ജി, റിയല്‍മി എക്‌സ്7 മാക്‌സ് 5ജി തുടങ്ങിയ മോഡലുകളാണ് അവതരിപ്പിച്ചത്.

2021 ല്‍ ഇന്ത്യയിലെ 5ജി ലീഡറായി മാറുകയാണ് ലക്ഷ്യമെന്ന് ഷെത്ത് പറഞ്ഞു. പ്രീമിയം മോഡലുകളില്‍ നിന്നുമാറി ഈ സാങ്കേതികവിദ്യ സാധാരണക്കാര്‍ക്കു കൂടി ലഭ്യമാക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 5ജി സ്ട്രാറ്റജിയുടെ ഭാഗമായി അടുത്ത സാമ്പത്തിക പാദത്തില്‍ റിയല്‍മി ജിടി സീരീസ് ഇന്ത്യയില്‍ അവതരിപ്പിക്കും. ഒന്നിലധികം റിയല്‍മി ജിടി മോഡലുകള്‍ വിപണിയിലെത്തും.

ഈ വര്‍ഷം മാര്‍ച്ചില്‍ ചൈനയില്‍ റിയല്‍മി ജിടി 5ജി അവതരിപ്പിക്കുകയും ജൂണില്‍ യൂറോപ്പ്, പോളണ്ട്, റഷ്യ, സ്‌പെയിന്‍, തായ്‌ലന്‍ഡ് ഉള്‍പ്പെടെയുള്ള ആഗോള വിപണികളില്‍ ലഭ്യമാക്കുകയും ചെയ്തിരുന്നു. റിയല്‍മി ജിടി നിയോ, റിയല്‍മി ജിടി നിയോ ഫ്‌ളാഷ് എന്നിവയും റിയല്‍മി ജിടി സീരീസിന്റെ ഭാഗമാണ്. ഭാവിയില്‍ റിയല്‍മി ജിടി മാസ്റ്റര്‍ എഡിഷന്‍ പുറത്തിറക്കുന്നതോടെ ഈ ലൈനപ്പ് വിപുലീകരിക്കാമെന്നും കമ്പനി പ്രതീക്ഷിക്കുന്നു.

റിയല്‍മി ജിടി സീരീസ് കൂടാതെ ഈ വര്‍ഷം നാര്‍സോ സീരീസില്‍ പുതിയ 5ജി ഫോണുകള്‍ വികസിപ്പിക്കുന്നതും കമ്പനിയുടെ പദ്ധതിയാണ്. നാര്‍സോ സീരീസിലെ ഏറ്റവും പുതിയ 5ജി ഫോണ്‍ എന്ന നിലയില്‍ കഴിഞ്ഞ മാസം റിയല്‍മി നാര്‍സോ 30 5ജി അവതരിപ്പിച്ചിരുന്നു.

ഇന്ത്യയില്‍ 30,000 രൂപയില്‍ കൂടുതല്‍ വില വരുന്ന തങ്ങളുടെ എല്ലാ ഫോണുകളും 5ജി ആയിരിക്കുമെന്ന് ഈ വര്‍ഷമാദ്യം റിയല്‍മി വാഗ്ദാനം ചെയ്തിരുന്നു. ഇതു പിന്നീട് 15,000 രൂപയില്‍ കൂടുതല്‍ വില വരുന്ന എല്ലാ പുതിയ ഫോണുകളും 5ജി ആയിരിക്കുമെന്ന് വ്യക്തമാക്കുകയുണ്ടായി. തങ്ങളുടെ എല്ലാ ഫോണുകളും 5ജിയിലേക്ക് മാറുന്നത് എപ്പോഴായിരിക്കുമെന്ന് പറയുന്നത് ബുദ്ധിമുട്ടാണെന്ന് ഷെത്ത് പ്രസ്താവിച്ചു. ഏകദേശം 100 ഡോളര്‍ (ഏകദേശം 7,500 രൂപ) നിരക്കില്‍ 5ജി ഫോണ്‍ പുറത്തിറക്കുമെന്ന് കഴിഞ്ഞ മാസം അദ്ദേഹം വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞയാഴ്ച്ച, റിയല്‍മി പുതുതായി ‘1+5+ടി’ സ്ട്രാറ്റജി പ്രഖ്യാപിച്ചിരുന്നു. സ്മാര്‍ട്ട്‌ഫോണ്‍ കൂടാതെ ടിഡബ്ല്യുഎസ് ഇയര്‍ബഡുകള്‍, വെയറബിളുകള്‍, ടിവികള്‍, ലാപ്ടോപ്പുകള്‍, ടാബ്ലറ്റുകള്‍ എന്നീ അഞ്ച് ഐഒടി ഉല്‍പ്പന്ന വിഭാഗങ്ങള്‍, ഐഒടി സ്റ്റാര്‍ട്ടപ്പുകളെ പിന്തുണയ്ക്കുന്നതിന് ഒരു ഓപ്പണ്‍ പാര്‍ട്ണര്‍ പ്ലാറ്റ്‌ഫോം എന്നിവയാണ് ഈ സ്ട്രാറ്റജിയില്‍ ഉള്‍പ്പെടുന്നത്.

നിലവില്‍ വിവിധ ടെലികോം ഓപ്പറേറ്റര്‍മാര്‍ രാജ്യത്ത് 5ജി പരീക്ഷണങ്ങള്‍ നടത്തുന്നുണ്ടെങ്കിലും വാണിജ്യാടിസ്ഥാനത്തില്‍ ലഭ്യമാക്കിതുടങ്ങിയിട്ടില്ല. ആകെ സ്മാര്‍ട്ട്ഫോണ്‍ ഉപയോക്താക്കളുടെ 26 ശതമാനം പേര്‍ ഇതിനകം തന്നെ 5ജി ആവശ്യപ്പെടുന്നതായി ഗവേഷണ സ്ഥാപനമായ കൗണ്ടര്‍പോയന്റ് വ്യക്തമാക്കുന്നു. ഇന്ത്യയില്‍ ഒരു ഫോണിന്റെ ശരാശരി റീപ്ലേസ്‌മെന്റ് നിരക്ക് 24 മാസമാണ്. ഉപയോക്താക്കളില്‍ പലരും 5ജി ആവശ്യപ്പെടുന്നതിന്റെ പ്രധാന കാരണം ഇതാണ്. ഇപ്പോള്‍ പണം മുടക്കുമ്പോള്‍ തങ്ങളുടെ ഫോണ്‍ അല്ലെങ്കില്‍ ഡിവൈസ് ഫ്യൂച്ചര്‍ റെഡി ആയിരിക്കണമെന്ന് ഉപയോക്താക്കള്‍ ആഗ്രഹിക്കുന്നതായി കൗണ്ടര്‍പോയന്റ് അസോസിയേറ്റ് ഡയറക്റ്റര്‍ തരുണ്‍ പഥക് പറഞ്ഞു.

Maintained By : Studio3