ഇന്ത്യയുടെ വാക്സിന്‍ ഉല്‍പ്പാദനത്തിന് ക്വാഡിന്‍റെ സാമ്പത്തിക സഹായം
ന്യൂഡെല്‍ഹി: ക്വാഡ് രാജ്യങ്ങളുടെ ആദ്യ യോഗം ചേരും. ഇന്ത്യയുടെ കോവിഡ് വാക്സിന്‍ ഉല്‍പ്പാദന ശേഷി കൂട്ടുന്നതിന് ക്വാഡ് അംഗങ്ങള്‍ സാമ്പത്തിക സഹായം നല്‍കുമെന്ന് യുഎസ് വ്യക്തമാക്കിയിട്ടുണ്ട്.
യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍, ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്കോട്ട് മോറിസണ്‍, ജാപ്പനീസ് പ്രധാനമന്ത്രി യോഷിഹിദെ സുഗ, ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരാണ് യോഗത്തില്‍ പങ്കെടുക്കുന്നത്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡനും കണ്ടുമുട്ടുന്ന ആദ്യ യോഗം കൂടിയായിരിക്കും ഇത്. ജനുവരിയില്‍ ബൈഡന്‍ അധികാരമേറ്റ ശേഷം ഇത്തരമൊരു പരിപാടി നടന്നിട്ടില്ല.
യുഎസും ജപ്പാനും മറ്റ് രാജ്യങ്ങളും തമ്മിലായിരിക്കും കോവിഡ് വാക്സിന്‍ ശേഷി കൂട്ടുന്നതിന്‍റെ ഭാഗമായുല്ള സാമ്പത്തിക കരാര്‍ ഉണ്ടാകുക. അമേരിക്കന്‍ ഫാര്‍മ കമ്പനികളായ നൊവാക്സ്, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ തുടങ്ങിയവയ്ക്കായി വാക്സിന്‍ നിര്‍മിക്കുന്ന ഇന്ത്യന്‍ കമ്പനികള്‍ക്കാകും പ്രധാനമായും സാമ്പത്തിക സഹായം ലഭിക്കുക.
ഇന്‍ഡോ പസിഫിക് മേഖലയില്‍ സമാധാനവും സമൃദ്ധിയും സ്ഥിരതയും ലക്ഷ്യമിട്ടാണ് ക്വാഡ് രാജ്യങ്ങളുടെ പ്രവര്‍ത്തനമെന്നാണ് മോറിസണ്‍ വ്യക്തമാക്കിയത്. എന്നാല്‍ ചൈനയുടെ ബഹുതല അധിനിവേശത്തിനെതിരെയുള്ള കൂട്ടായ്മ എന്ന നിലയിലാണ് ക്വാഡ് പ്രസക്തമാകുന്നത്. മേഖലയില്‍ ചൈനയുടെ കടന്നു കയറ്റം തടയുകയെന്ന രാഷ്ട്രീയ താല്‍പ്പര്യം കൂടി അതിനുണ്ട്.
യോഗം സംബന്ധിച്ച് മോദിയും മോറിസണും തമ്മില്‍ ഫെബ്രുവരി 18ന് സംസാരിച്ചിരുന്നു. ഇക്കാര്യം മോദി തന്‍റെ ട്വിറ്റര്‍ പേജില്‍ കുറിക്കുകയും ചെയ്തു. ഇന്‍ഡോ പസിഫിക് മേഖലയിലെ എല്ലാ വെല്ലുവിളികളെയും കണക്കിലെടുക്കുമ്പോള്‍ ഇന്ത്യ ഒരു നിര്‍ണായക പങ്കാളിയാണെന്ന് കഴിഞ്ഞ മാസം യുഎസ് പ്രസ്താവന ഇറക്കിയിരുന്നു. യുഎസ് നാഷണല്‍ സെക്യൂരിറ്റി അഡ്വൈസര്‍ ജേക്ക് സുള്ളിവന്‍ ഇത് സംബന്ധിച്ച് വ്യക്തമാക്കുകയും ചെയ്തു.