ഖത്തറിന് ഇനി കടപ്പത്രം വില്‍ക്കേണ്ട ആവശ്യമില്ലെന്ന് ധനമന്ത്രി അലി അല്‍ കുവൈരി
1 min read
എണ്ണവില പ്രതീക്ഷയ്ക്ക് അപ്പുറത്ത് എത്തിയതോടെ ആദ്യപാദത്തില്‍ രാജ്യത്തിന് മികച്ച വരുമാനം സ്വന്തമാക്കാനായി
ദോഹ: എണ്ണവില വര്‍ധന മൂലം വരുമാനം കൂടിയ സാഹചര്യത്തില്‍ ബജറ്റ് കമ്മി നികത്തുന്നതിനായി ഖത്തറിന് കടപ്പത്ര വിപണിയെ സമീപിക്കേണ്ട ആവശ്യമില്ലെന്ന് ധനമന്ത്രി അലി അല്‍ കുവൈറി. ആകര്‍ഷകമായ ആദായം ലഭിക്കുന്നതടക്കമുള്ള മികച്ച അവസരങ്ങള്‍ ഉള്ളപ്പോള്‍ മാത്രമേ ഇനി പുതിയ കടപ്പത്രം പുറത്തിറക്കുകയുള്ളുവെന്ന് ഖത്തര്‍ ധനമന്ത്രി ബ്ലൂംബര്‍ഗ് ടിവിയോട് പ്രതികരിച്ചു.
ബജറ്റ് തയ്യാറാക്കിയ സമയത്ത് എണ്ണവില നാല്‍പ്പത് ഡോളറിലായിരുന്നുവെന്നും ഈ വര്‍ഷത്തേക്ക് 34 ബില്യണ്‍ ഖത്തര്‍ റിയാല്‍ കമ്മിായണ് പ്രതീക്ഷിച്ചിരുന്നതെന്നും കുവൈരി പറഞ്ഞു. എന്നാല്‍ എണ്ണവില ശരിയായ ദിശയില്‍ പോയതോടെ ഒന്നാംപാദത്തില്‍ വളരെ മികച്ച വരുമാനമുണ്ടാക്കാന്‍ സാധിച്ചുവെന്ന് അദ്ദേഹം വ്യക്തമാക്കി. തുടര്‍ന്നും വൈവിധ്യവല്‍ക്കരണത്തിന് ഊന്നല്‍ നല്‍കുമെന്നും ഭാവിയില്‍ മൂല്യവര്‍ധിത നികുതി ഏര്‍പ്പെടുത്തുന്നതിനുള്ള സാധ്യതകളെ കുറിച്ച് പഠിച്ച് വരികയാണെന്നും മന്ത്രി പറഞ്ഞു.
മുന്‍ ധനമന്ത്രി അലി ശെരീഫ് അല്‍ എമാദിയെക്കുറിച്ചുള്ള അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും അമ്പേഷണസംഘം റിപ്പോര്‍ട്ട് സമര്‍പ്പിച്ചാല്‍ അത് പുറത്തുവിടുമെന്നും അല്‍ കുവൈരി പറഞ്ഞു. അധികാര ദുര്‍വിനിയോഗം, പൊതുഫണ്ടുകള്‍ വകമാറ്റല്‍ തുടങ്ങിയ ആരോപണങ്ങളെ തുടര്‍ന്ന് ഈ വര്‍ഷം തുടക്കത്തിലാണ് അല്‍ എമാദി അറസ്റ്റിലാകുന്നത്. വളരെ സുതാര്യമായ നീതിന്യായ സംവിധാനമാണ് ഖത്തറിലുള്ളതെന്നും എമാദിക്കെതിരായ അന്വേഷണത്തിന്റെ പൂര്‍ണ്ണവിവരങ്ങള്‍ ലഭ്യമായാല്‍ പൊതുജനങ്ങളെ അറിയിക്കുമെന്നും കുവൈരി പറഞ്ഞു.
