ഉല്‍പ്പാദനത്തിന് തയ്യാറായി റെനോ കൈഗര്‍
കണ്‍സെപ്റ്റ് മോഡലുമായി എണ്‍പത് ശതമാനത്തോളം സാമ്യമുള്ളതാണ് ഉല്‍പ്പാദനത്തിന് തയ്യാറായ കാര്‍
പ്രൊഡക്ഷന്‍ റെഡി രൂപത്തില്‍ ഒടുവില്‍ റെനോ കൈഗര്‍ പ്രത്യക്ഷപ്പെട്ടു. കണ്‍സെപ്റ്റ് മോഡലുമായി എണ്‍പത് ശതമാനത്തോളം സാമ്യമുള്ളതാണ് ഉല്‍പ്പാദനത്തിന് തയ്യാറായ കാര്‍. ഇന്ത്യന്‍ വിപണിക്കായി പ്രത്യേകം രൂപകല്‍പ്പന ചെയ്തതാണ് റെനോ കൈഗര്‍. റെനോ നിസാന്‍ സഖ്യത്തിന്റെ ചെന്നൈ പ്ലാന്റില്‍ നിര്‍മിക്കും. ഈ വര്‍ഷം മധ്യത്തോടെ ഇന്ത്യയില്‍ വില്‍പ്പന ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
സിഎംഎഫ് എ പ്ലസ് പ്ലാറ്റ്‌ഫോമില്‍ നിര്‍മിക്കുന്ന സബ്‌കോംപാക്റ്റ് എസ്‌യുവിയാണ് റെനോ കൈഗര്‍. റെനോ ട്രൈബറിനുശേഷം ഇതേ പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്ന രണ്ടാമത്തെ റെനോ മോഡലാണ് കൈഗര്‍. ഈയിടെ വിപണിയില്‍ അവതരിപ്പിച്ച നിസാന്‍ മാഗ്‌നൈറ്റ് മോഡലിന്റെ ഫ്രഞ്ച് സഹോദരനാണ് നാല് മീറ്ററില്‍ താഴെ നീളം വരുന്ന റെനോ കൈഗര്‍.
നിസാന്‍ മാഗ്‌നൈറ്റ് ഉപയോഗിക്കുന്ന അതേ എന്‍ജിനുകളാണ് റെനോ കൈഗറിന്റെ ഓപ്ഷനുകള്‍. 98 ബിഎച്ച്പി കരുത്തും 160 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന 1.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിന്‍, 71 ബിഎച്ച്പി കരുത്തും 96 എന്‍എം ടോര്‍ക്കും പുറപ്പെടുവിക്കുന്ന 1.0 ലിറ്റര്‍, 3 സിലിണ്ടര്‍, നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എന്‍ജിന്‍ എന്നിവയാണ് ഓപ്ഷനുകള്‍. 5 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സ് കൂടാതെ എഎംടി, സിവിടി എന്നിവയായിരിക്കും ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍. സെഗ്മെന്റില്‍ ഇതാദ്യമായി ഇക്കോ, നോര്‍മല്‍, സ്‌പോര്‍ട്ട് എന്നീ മൂന്ന് ഡ്രൈവിംഗ് മോഡുകള്‍ ലഭിച്ചു.
മാരുതി സുസുകി വിറ്റാര ബ്രെസ, ടൊയോട്ട അര്‍ബന്‍ ക്രൂസര്‍, ടാറ്റ നെക്‌സോണ്‍, കിയ സോണറ്റ്, ഹ്യുണ്ടായ് വെന്യൂ, നിസാന്‍ മാഗ്‌നൈറ്റ് മോഡലുകളാണ് ഇന്ത്യയിലെ സബ്‌കോംപാക്റ്റ് എസ്‌യുവി സെഗ്മെന്റില്‍ എതിരാളികളായി വരുന്നത്.