മൂന്ന് ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളുമായി പ്രിവെയ്ല്‍ ഇലക്ട്രിക്
എലീറ്റ്, ഫൈനസ്, വൊള്‍ഫറി എന്നീ മൂന്ന് പ്രീമിയം ഇലക്ട്രിക് സ്‌കൂട്ടറുകള്‍ അവതരിപ്പിച്ചു
ന്യൂഡെല്‍ഹി: ഓട്ടോമോട്ടീവ് സൊലൂഷന്‍ സ്റ്റാര്‍ട്ടപ്പായ പ്രിവെയ്ല്‍ ഇലക്ട്രിക് പുതുതായി എലീറ്റ്, ഫൈനസ്, വൊള്‍ഫറി എന്നീ മൂന്ന് പ്രീമിയം ഇലക്ട്രിക് സ്‌കൂട്ടറുകള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. യഥാക്രമം 1,29,999 രൂപയും 99,999 രൂപയും 89,999 രൂപയുമാണ് വില. ഈ വര്‍ഷം മാര്‍ച്ചിലാണ് പ്രിവെയ്ല്‍ ഇലക്ട്രിക് എന്ന ഇവി സ്റ്റാര്‍ട്ട്അപ്പ് സ്ഥാപിച്ചത്. ഹേമന്ത് ഭട്ടാണ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍.
മൂന്ന് സ്‌കൂട്ടറുകളും വളരെ ഭാരം കുറഞ്ഞവയാണ്. ബാറ്ററി ഇല്ലാതെ ഇവയുടെ ഭാരം 89 കിലോഗ്രാം മാത്രമാണ്. ഫൈനസ്, വൊള്‍ഫറി മോഡലുകള്‍ക്ക് 1000 വാട്ട് മോട്ടോര്‍ ലഭിച്ചപ്പോള്‍ 1000 വാട്ട്, 2000 വാട്ട് എന്നീ രണ്ട് വകഭേദങ്ങളില്‍ എലീറ്റ് ലഭിക്കും. മൊബീല്‍ ഫോണുകള്‍ ചാര്‍ജ് ചെയ്യുന്നതിന് ബില്‍റ്റ് ഇന്‍ ചാര്‍ജിംഗ് പോര്‍ട്ടുകള്‍ സജ്ജീകരിച്ചു. എല്‍ഇഡി ഹെഡ്ലൈറ്റുകള്‍ ലഭിച്ചതാണ് സ്‌കൂട്ടറുകള്‍. മൂന്ന് മോഡലുകള്‍ക്കും മൂന്ന് വര്‍ഷ വാറന്റി ലഭിക്കും.
ഇരുനൂറ് കിലോഗ്രാം വരെ ഭാരം വഹിച്ചുകൊണ്ട് മണിക്കൂറില്‍ 80 കിമീ വരെ വേഗത കൈവരിക്കാന്‍ കഴിയുന്ന ഇലക്ട്രിക് സ്‌കൂട്ടറാണ് എലീറ്റ്. ലിഥിയം അയണ്‍ ബാറ്ററി സ്വാപ്പ് ചെയ്യാന്‍ കഴിയും. സിംഗിള്‍ ചാര്‍ജില്‍ 110 കിമീ വരെ സഞ്ചരിക്കാം. നാവിഗേഷന്‍, കണ്‍ട്രോള്‍, വിനോദ ആവശ്യങ്ങള്‍ക്കായി എല്‍സിഡി ഡിസ്‌പ്ലേ നല്‍കി. ഇതുവഴി ഇഷ്ടഗാനങ്ങള്‍ കേള്‍ക്കാനും കൈതൊടാതെ ഫോണ്‍ കോളുകള്‍ സ്വീകരിക്കാനും കഴിയും.
ഇരുനൂറ് കിലോഗ്രാം വരെ ഭാരം വഹിച്ചുകൊണ്ട് മണിക്കൂറില്‍ 60 കിമീ വരെ വേഗത കൈവരിക്കാന്‍ കഴിയുന്ന ഇലക്ട്രിക് സ്‌കൂട്ടറാണ് ഫൈനസ്. ലിഥിയം അയണ്‍ ബാറ്ററി പൂര്‍ണമായി ചാര്‍ജ് ചെയ്താല്‍ 110 കിമീ വരെ സഞ്ചരിക്കാന്‍ കഴിയും. പൂര്‍ണമായും ചാര്‍ജ് ചെയ്യുന്നതിന് നാല് മണിക്കൂര്‍ മതി. ബാറ്ററി സ്വാപ്പ് ചെയ്യാന്‍ കഴിയും.
ഇരുനൂറ് കിലോഗ്രാം വരെ ഭാരം വഹിച്ചുകൊണ്ട് മണിക്കൂറില്‍ 50 കിമീ വരെ വേഗത കൈവരിക്കാന്‍ കഴിയുന്ന ഇലക്ട്രിക് സ്‌കൂട്ടറാണ് വൊള്‍ഫറി. ലിഥിയം അയണ്‍ ബാറ്ററി പൂര്‍ണമായി ചാര്‍ജ് ചെയ്താല്‍ 110 കിമീ വരെ സഞ്ചരിക്കാന്‍ കഴിയും. ബാറ്ററി പൂര്‍ണമായും ചാര്‍ജ് ചെയ്യുന്നതിന് നാല് മണിക്കൂര്‍ മതി.