ആസാമില്‍ അഞ്ച് മെഗാ പ്രോജക്റ്റുകള്‍ ഉദ്ഘാടനം ചെയ്തു
1 min readതെരഞ്ഞെടുപ്പ് തീയതികള്‍ മാര്‍ച്ച് ആദ്യം പ്രഖ്യാപിച്ചേക്കും: മോദി
ഗുവഹത്തി: ആസാം, പശ്ചിമ ബംഗാള്‍, തമിഴ്നാട്, കേരളം, പുതുച്ചേരി എന്നിവിടങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് തീയതി മാര്‍ച്ച് ആദ്യ വാരത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചേക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സൂചന നല്‍കി.
3,222 കോടി രൂപയുടെ അഞ്ച് ഊര്‍ജ്ജ, വിദ്യാഭ്യാസ അടിസ്ഥാന സൗകര്യ പദ്ധതികള്‍ മോദി ഉദ്ഘാടനം ചെയ്തുകൊണ്ട് കിഴക്കന്‍ ആസാമിലെ ധേമാജി ജില്ലയിലെ സിലാപത്താറില്‍ നടന്ന പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മോദി, “കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മാര്‍ച്ച് 4 നായിരുന്നു പ്രഖ്യാപനം. അതിനാല്‍ മാര്‍ച്ച് ആദ്യ വാരത്തില്‍ എപ്പോള്‍ വേണമെങ്കിലും പ്രഖ്യാപനമുണ്ടാകാം ” പ്രധാനമന്ത്രി പറഞ്ഞു. “തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിക്കുന്നതിനുമുമ്പ് ആസാം, പശ്ചിമ ബംഗാള്‍, തമിഴ്നാട്, കേരളം, പുതുച്ചേരി എന്നിവിടങ്ങളിലേക്ക് കഴിയുന്നത്ര യാത്ര ചെയ്യാനാണ് എന്‍റെ ശ്രമം, “മോദി പറഞ്ഞു.
സംസ്ഥാനത്തിന്‍റെ സമഗ്ര വികസനത്തിനും ജനങ്ങളുടെ പരമാവധി ക്ഷേമത്തിനും കേന്ദ്രവും ആസാം സര്‍ക്കാരും ഒരുമിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. പ്രാദേശിക ജനങ്ങള്‍ക്ക് പ്രാദേശിക ഭാഷയില്‍ മെഡിക്കല്‍, എഞ്ചിനീയറിംഗ് വിദ്യാഭ്യാസം നേടാന്‍ കഴിയുന്ന ദേശീയ വിധ്യാഭ്യാസ നയം സംസ്ഥനത്ത് ഉടന്‍ നടപ്പാക്കും. സ്വാതന്ത്ര്യലബ്ധിക്കുശേഷം പതിറ്റാണ്ടുകളായി രാജ്യം ഭരിച്ചവര്‍ വിശ്വസിച്ചത് ദിസ്പൂര്‍ ഡെല്‍ഹിയില്‍ നിന്ന് വളരെ അകലെയാണെന്നാണ്. ഡെല്‍ഹി ഇപ്പോള്‍ വിദൂരമല്ല, അത് നിങ്ങളുടെ പടിവാതില്‍ക്കല്‍ നില്‍ക്കുന്നു. ബ്രഹ്മപുത്ര നദിയുടെ വടക്കന്‍ തീരത്തോട് ഒരു ചിറ്റമ്മനയമാണ് മുന്‍ സര്‍ക്കാരുകള്‍ പുലര്‍ത്തിയത്. കണക്റ്റിവിറ്റി, ആരോഗ്യം, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യങ്ങള്‍, വ്യവസായം എന്നിവ ഇവിടെ അവഗണിക്കപ്പെട്ടു.
ആസാമിലെ ഗ്യാസ്, ഓയില്‍ മേഖലയില്‍പ്രധാനമന്ത്രി ആരംഭിച്ച പദ്ധതികളില്‍ 95,000 കോടി രൂപ നിക്ഷേപിക്കുമെന്ന് കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ അറിയിച്ചു.പാര്‍ലമെന്‍റില്‍ ആസാമിനെ പ്രതിനിധീകരിച്ച പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്‍റെ നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാര്‍ ഗ്യാസും എണ്ണ വിഭവങ്ങളും രാജ്യത്തിന്‍റെ പ്രയോജനത്തിനായി വിനിയോഗിക്കാന്‍ ഒന്നും ചെയ്തില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ ഓയിലിന്‍റെ ബൊംഗൈഗാവ് റിഫൈനറിയിലെ ഐഎന്‍ഡിമാക്സ് യൂണിറ്റ്, മധുബാനിലെ ഓയില്‍ ഇന്ത്യ ലിമിറ്റഡിന്‍റെ സെക്കന്‍ഡറി ടാങ്ക് ഫാം, ടിന്‍സുകിയ ജില്ലയിലെ ഹെബെഡ വില്ലേജില്‍ ഗ്യാസ് കംപ്രസര്‍ സ്റ്റേഷന്‍ എന്നിവ പ്രധാനമന്ത്രി രാഷ്ട്രത്തിനായി സമര്‍പ്പിച്ചു. ധേമാജി എഞ്ചിനീയറിംഗ് കോളേജിന്‍റെ ഉദ്ഘാടനം നടത്തിയ പ്രധാനമന്ത്രി മോദി അതേ ജില്ലയിലെ സുല്‍കുചി എഞ്ചിനീയറിംഗ് കോളേജിന് തറക്കല്ലുമിട്ടു.