പ്രതിരോധ ഉല്‍പ്പന്ന നിര്‍മാണത്തിന് സ്വകാര്യ സംരംഭങ്ങളെ ക്ഷണിച്ച് മോദി
ന്യൂഡെല്‍ഹി: പ്രതിരോധ ഇനങ്ങളുടെ ഉല്‍പ്പാദനത്തിലും രൂപകല്‍പ്പനയിലും വികസനത്തിലും സ്വകാര്യ മേഖല മുന്നോട്ടുവരണമെന്നും ഇതിലൂടെ രാജ്യത്തിന്‍റെ ഖ്യാതി ആഗോള തലത്തില്‍ പ്രചരിപ്പിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിരോധ മേഖലയിലെ കേന്ദ്ര ബജറ്റ് പ്രഖ്യാപനങ്ങള്‍ ഫലപ്രദമായി നടപ്പാക്കുന്നതു സംബന്ധിച്ച ഒരു വെബിനാറില്‍ സംസാരിച്ച പ്രധാനമന്ത്രി, പ്രതിരോധ മൂലധന ബജറ്റില്‍ ഒരു വിഹിതം ആഭ്യന്തര സംഭരണത്തിനായി നീക്കിവച്ചിട്ടുണ്ടെന്നും പറഞ്ഞു.
പ്രതിരോധവുമായി ബന്ധപ്പെട്ട 100 സുപ്രധാന ഇനങ്ങളുടെ പട്ടിക ഇന്ത്യ തയ്യാറാക്കിയിട്ടുണ്ട്. രാജ്യത്തെ ആഭ്യന്തര വ്യവസായത്തിന്‍റെ സഹായത്തോടെ മാത്രമേ ഇവ നിര്‍മ്മിക്കാന്‍ കഴിയുകയുള്ളൂവെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇതിനായി സര്‍ക്കാര്‍ ഒരു കാലപരിധി നിശ്ചയിച്ചിട്ടുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തില്‍ ഈ ആവശ്യങ്ങള്‍ നിറവേറ്റാനുള്ള ശേഷി പ്രാപ്തമാക്കുന്ന തരത്തില്‍ വ്യാവസായിക ലോകത്തിന് ആസൂത്രണം ചെയ്യാന്‍ കഴിയും.
‘ഇത് ഔദ്യോഗിക ഭാഷ അനുസരിച്ച് ഒരു നെഗറ്റീവ് പട്ടികയാണ്, എന്നാല്‍ സ്വാശ്രയത്വത്തിന്‍റെ ഭാഷയില്‍ ഇത് ഒരു പോസിറ്റീവ് ലിസ്റ്റാണ്. നമ്മുടെ സ്വന്തം ഉല്‍പ്പാദന ശേഷി വര്‍ദ്ധിപ്പിക്കാന്‍ പോകുന്നതിന്‍റെ പോസിറ്റീവ് ലിസ്റ്റാണിത്. ഇത് ഇന്ത്യയില്‍ തന്നെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള പട്ടികയാണ്,’ മോദി പറഞ്ഞു.