സീറ്റ് വിഭജനത്തില്‍ അതൃപ്തി; പിസി ചാക്കോ കോണ്‍ഗ്രസില്‍നിന്നും രാജിവെച്ചു
ന്യൂഡെല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ എംപിയുമായിരുന്ന പിസി ചാക്കോ പാര്‍ട്ടിയില്‍നിന്നും രാജിവെച്ചു.നാല് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന് പാര്‍ട്ടി തയ്യാറെടുക്കുന്ന ഈ സാഹചര്യത്തില്‍ മുതിര്‍ന്ന ഒരുനേതാവില്‍നിന്നും ഉണ്ടായ ഈ നടപടി കോണ്‍ഗ്രസിന് തിരിച്ചടിയായി. പാര്‍ട്ടി ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിക്ക് രാജിക്കത്ത് അയച്ചതായും കോണ്‍ഗ്രസില്‍ തുടരുന്നത് ബുദ്ധിമുട്ടാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിലെ സീറ്റ് വിതരണം സംബന്ധിച്ച തര്‍ക്കമാണ് ചാക്കോ പുറത്തുപോകാന്‍ കാരണമായതെന്ന് പറയുന്നു.ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ള സീറ്റ് വിഭജനത്തില് അദ്ദേഹം പരസ്യമായി അതൃപ്തി അറിയിച്ചിരുന്നു.
‘കോണ്‍ഗ്രസില്‍ ജനാധിപത്യം അവശേഷിക്കുന്നില്ല. സ്ഥാനാര്‍ത്ഥി പട്ടിക സംസ്ഥാന കോണ്‍ഗ്രസ് കമ്മിറ്റിയുമായി ചര്‍ച്ച ചെയ്തിട്ടില്ല. സോണിയ ഗാന്ധിക്ക് ഞാന്‍ രാജി അയച്ചിട്ടുണ്ട്, “ചാക്കോ പറഞ്ഞു. നിശബ്ദ കാഴ്ചക്കാരനായി തുടരുന്നതിന് അദ്ദേഹം നേതൃത്വത്തെ കുറ്റപ്പെടുത്തി. കേരളത്തില്‍ കോണ്‍ഗ്രസ് നേതാവാകുക എന്നത് ദുഷ്ക്കരമാണ്. പകരം ഏതെങ്കിലും ഗ്രൂപ്പില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ മാത്രമാണ് കഴിയുക.
ഇന്ന് രമേശ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും വ്യത്യസ്ത ഗ്രൂപ്പുകളെ പ്രതിനിധീകരിക്കുന്നു. ഇവരെ ഒന്നിച്ചുകൊണ്ടുപോകുന്നതിനാണ് നേതൃത്വം ശ്രമിക്കുന്നത്. മറ്റൊന്നും അവര്‍ കാണുന്നില്ല. തന്‍റെ രാജി പാര്‍ട്ടിയുടെ കണ്ണുതുറപ്പിക്കുന്നതായി പ്രവര്‍ത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.