ബലൂചിസ്ഥാനില്‍ അടിച്ചമര്‍ത്തലിന് കളമൊരുങ്ങുന്നു
ന്യൂഡെല്‍ഹി: ഹസാര വംശത്തില്‍പ്പെട്ട ഖനിത്തൊഴിലാളികളെ കൊലപ്പെടുത്തിയതിനെത്തുടര്‍ന്ന് തീവ്രവാദത്തിനെതിരെ ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍ പാക്കിസ്ഥാന്‍ അക്രമം അഴിച്ചുവിടുന്നു. ന്യൂനപക്ഷ സമുദായത്തില്‍ നിന്നുള്ള 11 കല്‍ക്കരി ഖനിത്തൊഴിലാളികളെ കൊലപ്പെടുത്തിയവരെ കണ്ടെത്താന്‍ പ്രവിശ്യയില്‍ തീവ്രവാദികള്‍ക്കെതിരെ വലിയ തോതിലുള്ള പ്രവര്‍ത്തനം ആരംഭിച്ചതായി ബലൂചിസ്ഥാന്‍ ആഭ്യന്തരമന്ത്രി മിര്‍ സിയാവല്ല ലാംഗോവ് പറഞ്ഞു. ഇതുവഴി ഒരു അടിച്ചമര്‍ത്തലാണ് അധികൃതര്‍ ലക്ഷ്യമിടുന്നതെന്ന് വ്യക്തം.
ജനുവരി മൂന്നിന് മച്ച് പ്രദേശത്താണ് കൂട്ടക്കൊല നടന്നത്. എന്നാല്‍ പാക് സര്‍ക്കാരിന്റെ ഇപ്പോഴുള്ള നീക്കം തങ്ങളെ തകര്‍ക്കുന്നതിനാണെന്ന് ബലൂച് പ്രവിശ്യയിലെ സ്വാതന്ത്ര്യ സമര പ്രവര്‍ത്തകര്‍ കരുതുന്നു. ‘സുരക്ഷാ ഉദ്യോഗസ്ഥര്‍ പാവപ്പെട്ട ബലൂച്ച് നിവാസികളുടെ വീടുകളില്‍ നഗ്‌നമായി ആക്രമണം നടത്തുകയും അധിനിവേശ പ്രദേശത്തെ ഒരു പൗരനെപ്പോലെ പെരുമാറുകയും ചെയ്യുന്നു. കൊളോണിയല്‍ ചിന്തകളും ഭ്രാന്തും ഇപ്പോഴും അവരുടെ മനസ്സില്‍ ഉണ്ട്. സോഷ്യല്‍ മീഡിയയിലൂടെ ഞങ്ങള്‍ വഞ്ചകരെ തുറന്നുകാട്ടും,’ പഷ്തൂണ്‍ തഹാഫുസ് മൂവ്‌മെന്റ് പ്രവര്‍ത്തകന്‍ ഇഹതേഷാം അഫ്ഗാന്‍ പറയുന്നു.
ബലൂചിസ്ഥാനിലെ പ്രമുഖ ആക്റ്റിവിസ്റ്റുകള്‍ നിരപരാധികളായ നാട്ടുകാരെ ലക്്ഷ്യമാക്കി വലിയ സൈനിക നടപടി നേരത്തെതന്നെ പ്രതീക്ഷിച്ചതാണ്്. കാണാതായവര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയായ വിബിഎംപിയുടെ വൈസ് ചെയര്‍പേഴ്സണ്‍ മമ ഖദീര്‍ ബലോചിനെപ്പോലെയുള്ളവര്‍ ഇത് മുമ്പുതന്നെ തുറന്നു പറഞ്ഞിരുന്നു. ”ബലൂചിസ്ഥാനില്‍ ഉടനീളം രഹസ്യ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്, എന്നാല്‍ ഇപ്പോള്‍ മത തീവ്രവാദത്തിന്റെ പേരില്‍ ബലൂചുകളെ പരസ്യമായി ലക്ഷ്യം വയ്ക്കും,” ഖദീര്‍ ബലൂചിസ്ഥാന്‍ പോസ്റ്റ് ഉദ്ധരിച്ച് പറയുന്നു.
ബലൂചിസ്ഥാനിലെ ചെറുത്തുനില്‍പ്പിന്റെ അന്തരീക്ഷം പാക്കിസ്ഥാന്‍ കൈകാര്യം ചെയ്യുന്ന രീതി അന്താരാഷ്ട്ര സമുഹം ഇന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഈ വിഷയത്തില്‍ ഇസ്ലാമബാദ് കടുത്ത അന്താരാഷ്ട്ര സമ്മര്‍ദം നേരിടുന്നുണ്ട്. ഇക്കാരണത്താല്‍ ബലൂച് നിവാസികളോടുള്ള പാക്കിസ്ഥാന്റെ മനോഭാവം കൂടുതല്‍ ആക്രമണസ്വാഭാവം കൈവരിക്കുന്നു.
കഴിഞ്ഞമാസം ടൊറന്റോയില്‍ പ്രമുഖ ബലൂച് ആക്റ്റിവിസ്റ്റായ കരിമ ബലൂച് നിഗൂഢമായ സാഹചര്യങ്ങളില്‍ മരണമടഞ്ഞിരുന്നു.ഇതിനെത്തുടര്‍ന്ന് ബലൂചിസ്ഥാനിലും അന്തര്‍ദ്ദേശീയമായും ഉയര്‍ന്നുവരുന്ന ശബ്ദങ്ങളില്‍ നിന്ന് ലോകശ്രദ്ധ തിരിച്ചുവിടാനാണ് ഖനിതൊഴിലാളികളെ കൊലപ്പെടുത്തിയതെന്ന് ബലൂച് നാഷണല്‍ മൂവ്മെന്റ് (ബിഎന്‍എം) ചെയര്‍മാന്‍ ഖലീല്‍ ബലൂച് ആരോപിച്ചിരുന്നു. എന്നാല്‍ പാക്കിസ്ഥാനെതിരായ ചെറുത്തുനില്‍പ്പ് തുടരുകതന്നെ ചെയ്യുമെന്ന് ബലൂച് സംഘടനകള്‍ വ്യക്തമാക്കുന്നു.