സീറ്റില്ല; പ്രതിഷേധിച്ച് എന്‍ഡിഎ വിട്ടു
1 min readപിസി തോമസ് ഇനി ജോസഫ് വിഭാഗത്തില്
തിരുവനന്തപുരം: മുന്‍ കേന്ദ്രമന്ത്രിയും കേരള കോണ്‍ഗ്രസ് നേതാവുമായ പിസി തോമസ് എന്‍ഡിഎ വിട്ടു. അദ്ദേഹത്തിന്‍റെ പാര്‍ട്ടി ഇനി കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തില്‍ ലയിക്കും. ബുധനാഴ്ച കോട്ടയം കടുത്തുരുത്തിയില്‍ സിറ്റിംഗ് നിയമസഭാംഗമായ മോന്‍സ് ജോസഫിന്‍റെ തെരഞ്ഞെടുപ്പ് റാലിയിലാണ് ലയനം. ‘ഞങ്ങള്‍ ഒന്നാകാന്‍ തീരുമാനിച്ചു, ഞങ്ങള്‍ ബ്രാക്കറ്റ് ഇല്ലാത്ത പാര്‍ട്ടിയായ കേരള കോണ്‍ഗ്രസ് എന്നറിയപ്പെടും-തോമസ് പറഞ്ഞു.
എന്‍ഡിഎയില്‍ ആവശ്യപ്പെട്ട സീറ്റുകള്‍ ലഭിക്കാതെ വന്നതിനാലാണ് മുന്നണി വിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. 2016 ല്‍ പാര്‍ട്ടിക്ക് എന്‍ഡിഎ നാലു സീറ്റുകള്‍ നല്‍കിയിരുന്നു. സഖ്യകക്ഷിയായിരുന്നിട്ടും ഒരു സീറ്റുപോലും അവര്‍ നല്‍കിയില്ല.അവര്‍ എന്നോട് പാലയില്‍ നിന്ന് മത്സരിക്കാന്‍ ആവശ്യപ്പെട്ടിരുന്നു, പക്ഷേ എനിക്ക് വ്യക്തിപരമായ പ്രശ്നങ്ങളുള്ളതിനാല്‍ മത്സരിക്കേണ്ടെന്ന് തീരുമാനിച്ചു. എന്നാല്‍ എന്തുകൊണ്ടാണ് ഒരു സീറ്റും നല്‍കാതിരുന്നതെന്ന് അറിയില്ലെന്നും തോമസ് കൂട്ടിച്ചേര്‍ത്തു.
കേരള രാഷ്ട്രീയത്തില്‍, ഇപ്പോള്‍ അര ഡസന്‍ കേരള കോണ്‍ഗ്രസ് പാര്‍ട്ടികളുണ്ട്, അവ വിവിധ നേതാക്കളുടെ പേരിടുകയും ബ്രാക്കറ്റുകളില്‍ എഴുതുകയും ചെയ്യുന്നു. തോമസിന്‍റെ പാര്‍ട്ടി – കേരള കോണ്‍ഗ്രസ് – കഴിഞ്ഞ മാസം ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎയുടെ ഭാഗമായി തിരിച്ചെത്തിയിരുന്നു. എന്നാല്‍ തോമസ് ആഗ്രഹിച്ചതുപോലെ കാര്യങ്ങള്‍ നടന്നില്ല,അതാണ് ഇപ്പോള്‍ അദ്ദേഹം എന്‍ഡിഎയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചത്.
‘രണ്ട് ഇലകള്‍’ ചിഹ്നം ലഭിക്കാന്‍ ആവര്‍ത്തിച്ച് നിയമപരമായ ശ്രമങ്ങള്‍ നടത്തിയിട്ടും അത് പരാജയപ്പെട്ടതാണ് ജോസഫ് തോമസിനെ കൂട്ടിക്കൊണ്ടുപോകാന്‍ തീരുമാനിച്ചതിന്‍റെ ഒരു കാരണം. തോമസ് കേരളാ കോണ്‍ഗ്രസ് സ്ഥാപകന്‍ പി ടി ചാക്കോയുടെ മകനും ‘തോമസ് ഒരു മുതിര്‍ന്ന നേതാവും കേരള കോണ്‍ഗ്രസ് കുടുംബത്തിലെ അംഗവുമാണ് എന്നതാണ് അടുത്തകാരണം. ‘നേതാക്കള്‍ക്കിടയില്‍ കുറച്ച് ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്. അങ്ങനെയാണ് ലയിപ്പിക്കാനുള്ള തീരുമാനം എടുത്തത്. പുതിയ പാര്‍ട്ടിയില്‍ തോമസിന് ഒരു പ്രധാന സ്ഥാനം നല്‍കും, “മോന്‍സ് ജോസഫ് പറഞ്ഞു. ഇതുവഴി അദ്ദേഹം ഒരു യുഡിഎഫ് നേതാവാകുകയാണ്.