നേപ്പാളില്‍ സഖ്യസര്‍ക്കാര്‍ രൂപീകരണശ്രമം ഊര്‍ജിതം
1 min readകാഠ്മണ്ഡു: നേപ്പാള്‍ പ്രധാനമന്ത്രി കെ പി ശര്‍മ്മ ഒലി വിശ്വാസവോട്ടെടുപ്പില്‍ പരാജയപ്പെട്ട് മണിക്കൂറുകള്‍ക്ക് ശേഷം പ്രസിഡന്‍റ് ബിദ്യാ ദേവി ഭണ്ഡാരി വ്യാഴാഴ്ചയ്ക്കുള്ളില്‍ സഖ്യ സര്‍ക്കാര്‍ രൂപീകരിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികളോട് ആവശ്യപ്പെട്ടു.ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 76 (2) അനുസരിച്ച് ഒരു രാഷ്ട്രീയ പാര്‍ട്ടിയ്ക്കും സഭയില്‍ ഭൂരിപക്ഷം ഇല്ലാത്തതിനാല്‍, സഖ്യസര്‍ക്കാര്‍ രൂപീകരിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികളോട് പ്രസിഡന്‍റ് ആവശ്യപ്പെടുകയായിരുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാള്‍ (മാവോയിസ്റ്റ് സെന്‍റര്‍) സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച ശേഷം, ഭരണഘടനാ വ്യവസ്ഥ അനുസരിച്ച് ഒലി സഭയില്‍ വിശ്വാസ വോട്ടെടുപ്പ് നടത്താന്‍ നിര്‍ദ്ദേശിച്ചിരുന്നു.തിങ്കളാഴ്ച സഭയില്‍ ഹാജരായ 232 നിയമസഭാംഗങ്ങളില്‍ 93 അംഗങ്ങള്‍ ഒലിയെ അനുകൂലിച്ചു, എന്നാല്‍ 124 അംഗങ്ങള്‍ അദ്ദേഹത്തിനെതിരെ വോട്ട് ചെയ്തു.15 അംഗങ്ങള്‍ നിഷ്പക്ഷത പാലിച്ചു. അധികാരത്തില്‍ തുടരണമെങ്കില്‍ ഒലി 136 വോട്ടുകള്‍ നേടേണ്ടതുണ്ടായിരുന്നു.ഒലി ഇപ്പോള്‍ കെയര്‍ടേക്കര്‍ പ്രധാനമന്ത്രിയായി തുടരുകയാണ്.
ആര്‍ട്ടിക്കിള്‍ 76 (2) പ്രകാരം വ്യാഴാഴ്ച രാത്രി ഒന്‍പത് മണിയോടെ പാര്‍ലമെന്‍റില്‍ ഭൂരിപക്ഷമുള്ള ജനപ്രതിനിധിസഭയിലെ അംഗത്തെ പ്രധാനമന്ത്രിയായി നിയമിക്കും. അതിനായുള്ള അവകാശവാദം അവതരിപ്പിക്കാനാണ് പ്രസിഡന്‍റ് ബിദ്യാദേവി ഭണ്ഡാരി ജനപ്രതിനിധിസഭയില്‍ ഉള്ള പാര്‍ട്ടികളോട് ആവശ്യപ്പെട്ടത്.പ്രസിഡന്‍റ് ഓഫീസില്‍ നിന്നുള്ള ആഹ്വാനത്തോടെ, ഇപ്പോള്‍ സഖ്യ സര്‍ക്കാര്‍ രൂപീകരിക്കേണ്ടത് പ്രതിപക്ഷ പാര്‍ട്ടികളാണ്. മൂന്ന് പ്രതിപക്ഷ പാര്‍ട്ടികളായ നേപ്പാളി കോണ്‍ഗ്രസ്, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാള്‍ (മാവോയിസ്റ്റ് സെന്‍റര്‍), ജനത സമാജ്ബാദി പാര്‍ട്ടി (ജെഎസ്പി) എന്നിവയ്ക്ക് അഭിപ്രായഭിന്നതയില്ലെങ്കില്‍ അവര്‍ സര്‍ക്കാര്‍ രൂപീകരണ പ്രക്രിയ ആരംഭിക്കേണ്ടതുണ്ട്. വോട്ടിംഗ് പ്രക്രിയയില്‍ നിഷ്പക്ഷത പാലിച്ച ജെഎസ്പി ചെയര്‍മാന്‍ മാന്ത താക്കൂര്‍ പുതിയ സര്‍ക്കാറില്‍ ചേരാന്‍ വിസമ്മതിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് അദ്ദേഹം പ്രസ്താവന ഇറക്കിയിട്ടുണ്ട്. എന്നാല്‍ മറ്റൊരു മാധേസി നേതാവ് ജെഎസ്പി ചെയര്‍മാന്‍ കൂടിയായ ഉപേന്ദ്ര യാദവ് ഒലിക്കെതിരെ വോട്ട് ചെയ്യുകയും സഖ്യ സര്‍ക്കാരില്‍ ചേരാന്‍ സമ്മതിക്കുകയും ചെയ്തിട്ടുണ്ട്.
പ്രധാന പ്രതിപക്ഷ നേപ്പാളി കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാളും (മാവോയിസ്റ്റ് സെന്‍റര്‍) യഥാക്രമം 61 ഉം 49 ഉം വോട്ടുകള്‍ നിയന്ത്രിക്കുന്നു.എന്നാല്‍ 32 വോട്ടുകളുള്ള 32 വോട്ടുകളുള്ള ജനത സമാജ്ബാദി പാര്‍ട്ടി ഭിന്നിച്ചു. പാര്‍ട്ടിയുടെ പൂര്‍ണ്ണമായ 32 വോട്ടുകള്‍ ഇല്ലാതെ, ബദല്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള സാധ്യത ഇല്ലാതാകുകയും സഭയിലെ ഏറ്റവും വലിയ പാര്‍ട്ടിയുടെ നേതാവായി ഒലിയെ വീണ്ടും പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കുകയും ചെയ്യും.
ഒല ഉടന്‍ തന്നെ സ്ഥാനമൊഴിയുകയും ബദല്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് വഴിയൊരുക്കുകയും ചെയ്യണമെന്ന് നേരത്തെ സിപിഎന്‍-മാവോയിസ്റ്റ് മുതിര്‍ന്ന നേതാവ് ഗണേഷ് ഷാ പറഞ്ഞിരുന്നു. സിപിഎന്‍-മാവോയിസ്റ്റ് നേപ്പാളി കോണ്‍ഗ്രസുമായും ഒലിക്കെതിരെ വോട്ട് ചെയ്ത മറ്റ് പാര്‍ട്ടികളുമായും കൈകോര്‍ത്ത് സഖ്യസര്‍ക്കാര്‍ രൂപീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒലിയുടെ പരാജയത്തിന് ശേഷം ബദല്‍ സര്‍ക്കാര്‍ രൂപീകരിക്കുന്ന പ്രക്രിയ ആരംഭിക്കണമെന്ന് നേപ്പാളി കോണ്‍ഗ്രസ് പ്രസിഡന്‍റ് ഷേര്‍ ബഹാദൂര്‍ ഡ്യൂബ, സിപിഎന്‍-മാവോയിസ്റ്റ് സെന്‍റര്‍ ചെയര്‍മാന്‍ ‘പ്രചണ്ഡ’, ജനത സമാജ്വാദി പാര്‍ട്ടി ചെയര്‍മാന്‍ ഉപേന്ദ്ര യാദവ് എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.സഭയില്‍ പ്രതിനിധീകരിക്കുന്ന രണ്ടോ അതിലധികമോ രാഷ്ട്രീയ പാര്‍ട്ടികളുടെ സഹായത്തോടെ ഒരു സഖ്യ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 76 ഉപവകുപ്പ് 2 ല്‍ വ്യവസ്ഥയുണ്ട്.