November 22, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

‘ഓപ്പണ്‍’; ഒരു യൂണികോണ്‍ വീരഗാഥ

1 min read

കേരളത്തില്‍ നിന്നുള്ള ആദ്യ യൂണികോണും രാജ്യത്തെ 100ാമത് യൂണികോണുമായ ഒരു മലയാളി സംരംഭത്തിന്റെ കഥ പറയുകയാണ് അതിന്റെ സാരഥികള്‍…നിയോബാങ്കിംഗ് എന്നെല്ലാം നമ്മള്‍ കേള്‍ക്കുന്നതിന് മുമ്പേ നിയോബാങ്കിംഗ് സ്റ്റാര്‍ട്ടപ്പായി രംഗപ്രവേശം ചെയ്ത മലയാളി സംരംഭമാണ് ഓപ്പണ്‍. ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് മുന്നില്‍ വിശാലമായ ലോകം തുറന്നിട്ടു ഓപ്പണ്‍ എന്ന സ്റ്റാര്‍ട്ടപ്പ്. പെരിന്തല്‍മണ്ണ സ്വദേശികളായ അനീഷ് അച്യുതനും ഭാര്യ മബേല്‍ ചാക്കോയും ഡീന ജേക്കബും അജീഷ് അച്യുതനും ചേര്‍ന്ന് തുടക്കമിട്ട ഓപ്പണ്‍, ചെറുകിട, ഇടത്തരം സ്ഥാപനങ്ങള്‍ക്ക് അവരുടെ ബിസിനസ് പേമെന്റുകള്‍ ബാങ്കുമായി കണക്റ്റ് ചെയ്ത് വളരെ എളുപ്പത്തില്‍ മാനേജ് ചെയ്യാനുള്ള അവസരമൊരുക്കുകയാണ്. 35 ലക്ഷത്തിലധികം ചെറുകിട, ഇടത്തരം സംരംഭങ്ങളെ ശാക്തീകരിക്കുന്നു ഈ മലയാളി കമ്പനി. ലോകത്തെ ഏറ്റവും വേഗത്തില്‍ വളരുന്ന ബിസിനസ് പേമെന്റ്‌സ് പ്ലാറ്റ്‌ഫോമാണ് ഓപ്പണ്‍. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്ന് പേമെന്റ് അഗ്രിഗേറ്റര്‍, പേമെന്റ് ഗേറ്റ് വേ ലൈസന്‍സുകളും ലഭിച്ചുകഴിഞ്ഞു ഇവര്‍ക്ക്. എന്നാല്‍ ഇവര്‍ എങ്ങനെ കേരളത്തില്‍ നിന്നുള്ള ആദ്യ യൂണികോണായി മാറി? ആ കഥ ഫ്യൂച്ചര്‍ കേരള വായനക്കാര്‍ക്കായി പങ്കുവെക്കുന്നു ഓപ്പണ്‍ സാരഥികള്‍.

ശരിക്കും എന്താണ് ഓപ്പണ്‍ മണി? ലളിതമായ ഭാഷയില്‍ ഒന്ന് വിശദമാക്കാമോ?
2017ല്‍ സ്ഥാപിതമായ ഓപ്പണ്‍ (www.open.money) ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കുമായുള്ള ഏഷ്യയിലെ ആദ്യത്തെ നിയോ ബാങ്കിംഗ് പ്ലാറ്റ്ഫോമാണ്. ബിസിനസുകള്‍ക്ക് അവരുടെ ഫിനാന്‍സ് സംബന്ധമായ കാര്യങ്ങള്‍ ഓട്ടോമേറ്റ് ചെയ്യാന്‍ സഹായിക്കുന്നു ഓപ്പണ്‍ മണി. ബാങ്കിംഗ്, പേയ്മെന്റുകള്‍, കളക്ഷന്‍ മുതല്‍ എക്കൗണ്ടിംഗ്, എക്‌സ്പന്‍സ് മാനേജ്‌മെന്റ്, ടാക്‌സ് പേമെന്റ്, പേറോള്‍ വരെ ഒറ്റ പ്ലാറ്റ്‌ഫോമിലൂടെ മാനേജ് ചെയ്യാന്‍ സംരംഭങ്ങള്‍ക്ക് സാധിക്കുമെന്നതാണ് ഓപ്പണ്‍ മണിയുടെ പ്രത്യേകത.

നിയോഡിജിറ്റല്‍ ബാങ്കിംഗിലൂടെ എന്തെല്ലാം പരിഹാരങ്ങളാണ് ഓപ്പണ്‍ മണി ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത്?
ഓപ്പണ്‍ മണി ഉപയോഗിച്ച്, ഏതൊരു ചെറുകിട ബിസിനസിനും അവരുടെ എല്ലാ കറന്റ് എക്കൗണ്ടുകളും പ്ലാറ്റ്‌ഫോമിലേക്ക് കണക്റ്റ് ചെയ്യാന്‍ കഴിയും. ഒറ്റ ഡാഷ്‌ബോര്‍ഡില്‍ നിന്നു തന്നെ എല്ലാ ട്രാന്‍സാക്ഷനുകളും ബാങ്ക് സ്‌റ്റേറ്റ്‌മെന്റുകളുമെല്ലാം മാനേജ് ചെയ്യാം. ഇന്‍വോയ്‌സുകള്‍ ഉണ്ടാക്കി അയക്കുക, പ്ലാറ്റ്‌ഫോമുമായി ബന്ധിപ്പിച്ച കറന്റ് എക്കൗണ്ടിലൂടെ നേരിട്ട് സിംഗിള്‍ ആയോ ബള്‍ക്ക് ആയോ വെന്‍ഡര്‍, സപ്ലയര്‍ ബില്ലുകള്‍ അടയ്ക്കുക, പേമെന്റ് റീകണ്‍സിലിയേഷന്‍ ഓട്ടോമേറ്റ് ചെയ്യുക, ടാലി,  സോഹോ ബുക്‌സ്, മൈക്രോസോഫ്റ്റ് ഡൈനാമിക്‌സ് പോലുള്ള എക്കൗണ്ടിംഗ് സോഫ്റ്റ് വെയറിലേക്ക് പരിധിയില്ലാതെ കാര്യങ്ങള്‍ എന്‍ട്രി ചെയ്യുക തുടങ്ങിയവയെല്ലാം ഓപ്പണ്‍ മണിയിലൂടെ ചെയ്യാവുന്നതാണ്. ഇതിന് പുറമെ എക്‌സ്‌പെന്‍സ്, പേറോള്‍ മാനേജ്‌മെന്റിനും വായ്പകള്‍ക്ക് അപേക്ഷിക്കാനും ജിഎസ്ടിയും മറ്റ് നികുതികളും അടയ്ക്കാനുമെല്ലാം ഓപ്പണ്‍ മണി പ്ലാറ്റ്‌ഫോം ഉപയോഗപ്പെടുത്താവുന്നതാണ്.

എങ്ങനെയായിരുന്നു സംരംഭകത്വത്തിലേക്ക് എത്തിയത്. നേരത്തെ ആഗ്രഹമുണ്ടായിരുന്നോ?
അനീഷിനെ സംബന്ധിച്ചിടത്തോളം ഇന്നവേറ്റ് ചെയ്യാനുള്ള ത്വരയാണ് സംരംഭകത്വത്തിലേക്ക് നയിച്ചത്. മബേലിന്റെ മനസില്‍ ഒരിക്കലും സംരംഭകത്വമെന്ന ചിന്ത ഉണ്ടായിരുന്നില്ല. അതങ്ങനെ സംഭവിച്ചുപോയി. നല്ലതിനായി തന്നെ. അജീഷിന് എന്തെങ്കിലും സ്വന്തമായി വികസിപ്പിക്കണമെന്ന ആഗ്രഹം എപ്പോഴുമുണ്ടായിരുന്നു. ചെറുകിട സംരംഭങ്ങള്‍ നേരിടുന്ന സാമ്പത്തിക വെല്ലുവിളികള്‍ പരിഹരിക്കുകയെന്നത് ഡീനയ്ക്ക് പാഷനായിരുന്നു. ചിട്ടയായി പ്രവര്‍ത്തിച്ചിരുന്ന ഒരു ഫിനാന്‍സ് പ്രൊഫഷനലിനെ സംരംഭകയാക്കി തീര്‍ത്തതും വെല്ലുവിളികള്‍ പരിഹരിക്കാനുള്ള ആ മനസായിരുന്നു.

സീരിയല്‍ ഓണ്‍ട്രപ്രണര്‍ഷിപ്പിലായിരുന്നല്ലോ ഫോക്കസ് ചെയ്തിരുന്നത്. വിജയത്തിന്റെയും പരാജയത്തിന്റെയും കഥകള്‍ ഓര്‍ത്തെടുക്കാന്‍ സാധിക്കുമോ?
20 വര്‍ഷത്തെ സംരംഭകജീവിതത്തിനിടയില്‍ ഞങ്ങളുടെ എന്‍എഫ്‌സി അധിഷ്ഠിത കോണ്ടാക്റ്റ്‌ലെസ് പേമെന്റ് പ്ലാറ്റ്‌ഫോമായ നിയര്‍റ്റിവിറ്റി വയര്‍ലെസ് ആയിരുന്നു ഏറ്റവും വലിയ പരാജയം. 2010-12ലാണ് അത് ആരംഭിച്ചത്. എന്നാല്‍ കാലത്തിന് ഏറെ മുമ്പ് തുടങ്ങിയ ഒരു സംരംഭമായിരുന്നു അത്. വളരെ നിര്‍ണായകമായ പാഠമായിരുന്നു ഞങ്ങള്‍ പഠിച്ചത്. ആരാണ് പ്രൊഡക്റ്റിന്റെ യഥാര്‍ത്ഥ യൂസറെന്ന് മനസിലാക്കി വേണം ഉല്‍പ്പന്നം വികസിപ്പിക്കാന്‍. അവരുടെ ആവശ്യങ്ങളെ അഡ്രസ് ചെയ്യുന്നതായിരിക്കണം പ്രൊഡക്റ്റ്. വളരെ വലിയ പാഠമായിരുന്നു അത്. ഞങ്ങളുടെ ഇതുവരെയുള്ള ഏറ്റവും വലിയ വിജയം ഓപ്പണ്‍ ആണ്.  സംരംഭകരെന്ന നിലയില്‍ ഞങ്ങള്‍ ഒരിക്കലും വാല്യുവേഷന് പുറകെ പോയിട്ടില്ല. എന്നാല്‍ ഒരു ബില്യണ്‍ ഡോളര്‍ കമ്പനി ആകാന്‍ സാധിച്ചതും കേരളത്തിലെ ആദ്യത്തേതും ഇന്ത്യയിലെ 100ാമതുമായ യൂണികോണ്‍ ആകാന്‍ സാധിച്ചത് വലിയ നാഴികക്കല്ലുകളായി കാണുന്നു.

  സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ ഇന്നവേഷന്‍ ആന്‍ഡ് ഒണ്‍ട്രപ്രണര്‍ഷിപ്പ് ഡെവലപ്മെന്‍റ് സെന്‍റര്‍ പുതിയ ആയിരത്തോളം സ്ഥാപനങ്ങളില്‍ കൂടി

എപ്പോഴായിരുന്നു ഓപ്പണിന്റെ തുടക്കം. എത്ര ജീവനക്കാരായിരുന്നു അപ്പോഴുണ്ടായിരുന്നത്?
2017 മെയ് മാസത്തില്‍ 8 പേരടങ്ങുന്ന ഒരു ചെറിയ ടീമുമായി ആണ് ഓപ്പണ്‍ പ്രവര്‍ത്തനമാരംഭിച്ചത്.  ഇന്ന്, ഓപ്പണില്‍ 500-ലധികം ജീവനക്കാരുണ്ട്
ബാംഗ്ലൂര്‍, മുംബൈ, ഡല്‍ഹി എന്നിവിടങ്ങളില്‍ ഓഫീസുകളുമുണ്ട്.

ഓപ്പണിന്റെ പ്രാരംഭ വര്‍ഷങ്ങളിലെ നിങ്ങളുടെ അനുഭവങ്ങള്‍ വിശദീകരിക്കാമോ?
ഞങ്ങളുടെ മുന്‍മേധാവികളായ സിട്രസ് പേ സ്ഥാപകരില്‍ നിന്ന് തുടക്കത്തില്‍ എയ്ഞ്ചല്‍ ഫണ്ടിംഗ് നേടാന്‍ ഓപ്പണിനായി. ഐഡിയ സ്റ്റേജിലായിരുന്നു അത്. ഞങ്ങളായിരുന്നു രാജ്യത്തെ ആദ്യ എസ്എംഇ അധിഷ്ഠിത നിയോ ബാങ്കിംഗ് പ്ലാറ്റ്‌ഫോം. 2017ലായിരുന്നു ആരംഭിച്ചത്. അക്കാലത്ത് നിയോ ബാങ്കുകളെ കുറിച്ച് ആളുകള്‍ കേട്ടിട്ടുപോലുമില്ലായിരുന്നു. അതുകൊണ്ടുതന്നെ ഇതുമായി ബന്ധപ്പെട്ട് ഒരുപാട് നോളജ് ക്രിയേഷന്‍ നടത്തേണ്ടിയിരുന്നു. മാധ്യമങ്ങളിലൂടെ നിയോബാങ്കിംഗിനെക്കുറിച്ചുള്ള ബോധവല്‍ക്കരണവും സ്ഥിരതയോടെ നടത്തണമായിരുന്നു. ശരിയായ ബാങ്ക് പങ്കാളിയെകണ്ടെത്തുകയെന്നത് ബിസിനസ് തുടര്‍ച്ചയെ സംബന്ധിച്ച് വളരെ നിര്‍ണായകമായിരുന്നു. അതില്‍ ഞങ്ങള്‍ വിജയിക്കുകയും ചെയ്തു.

ആദ്യമായി 1000 ഉപയോക്താക്കളെ നേടിയപ്പോള്‍ എന്തായിരുന്നു അനുഭവം?
ഓപ്പണില്‍ ഞങ്ങള്‍ക്ക് ഏത് ചെറിയ നേട്ടവും ആഘോഷം തന്നെയാണ്. യൂണികോണ്‍ ആകുന്നത് പോലുള്ള വലിയ വിജയങ്ങള്‍ മാത്രം ആഘോഷിക്കുന്ന രീതിയല്ല. ആദ്യ ടീമിനെ സെറ്റ് ചെയ്യുമ്പോഴും, ആദ്യ 500 ഉപഭോക്താക്കളെ നേടിയപ്പോഴും ആദ്യ ഓഫീസ് തുറന്നപ്പോഴും ആദ്യമായി മാധ്യമങ്ങളില്‍ പേര് വന്നപ്പോഴുമെല്ലാം വലിയ സന്തോഷവും ആഘോഷവുമായിരുന്നു.

ആരെല്ലാമാണ് ഓപ്പണ്‍ എന്ന സംരംഭത്തെ പിന്തുണയ്ക്കാനെത്തിയ പ്രധാന നിക്ഷേപകര്‍?
ആഗോള നിക്ഷേപകരായ ഗൂഗിള്‍, വീസ, ടൈഗര്‍ ഗ്ലോബല്‍, ബീനെക്‌സ്റ്റ്, റിക്രൂട്ട് സ്ട്രാറ്റജിക് പാര്‍ട്‌ണേഴ്‌സ്, ടെമാസെക്, സ്പീഡ് ഇന്‍വെസ്റ്റ്, 3വണ്‍4 കാപ്പിറ്റല്‍, ഐഐഎഫ്എല്‍ ഫിനാന്‍സ്, യൂണികോണ്‍ ഇന്ത്യ വെഞ്ച്വേഴ്‌സ്, ടാന്‍ഗ്ലിന്‍ വെഞ്ച്വര്‍ പാര്‍ട്ണര്‍, ഏഞ്ചലിസ്റ്റ് തുടങ്ങി നിരവധി സംരംഭങ്ങളുടെ പിന്തുണ ഞങ്ങള്‍ക്ക് ലഭിച്ചു. 190 മില്യണ്‍ ഡോളറിലധികം ഫണ്ട് നേടാന്‍ ഇതിനോടകം ഞങ്ങള്‍ക്ക് സാധിച്ചു.

കേരളത്തില്‍ നിന്നുള്ള ആദ്യത്തെ യൂണികോണ്‍…ഇന്ത്യയുടെ 100ാമത്തെ യൂണികോണ്‍…ഒരു സ്റ്റാര്‍ട്ടപ്പെന്ന തലത്തില്‍ ഇത്രയും വലിയ വിജയം വരിക്കുമെന്ന് നേരത്തെ പ്രതീക്ഷിച്ചിരുന്നോ?
നേരത്തെ പറഞ്ഞില്ലേ. സംരംഭകരെന്ന നിലയില്‍ ഞങ്ങള്‍ ഒരിക്കലും വാല്യുവേഷന് പുറകെ ഓടിയിട്ടില്ല. ആദ്യ ദിനം മുതല്‍ ഞങ്ങള്‍ ഫോക്കസ് ചെയ്തത് സംരംഭകര്‍ പ്രായോഗിക പ്രവര്‍ത്തനങ്ങളില്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം വികസിപ്പിക്കുക എന്നതിലായിരുന്നു. അതായിരുന്നു ഞങ്ങളുടെ അടിസ്ഥാനദൗത്യം. അതിനുള്ള ഞങ്ങളുടെ ശ്രമത്തിനുള്ള സ്വാഭാവിക ഫലമെന്ന രീതിയില്‍ വന്നു ചേര്‍ന്നതാണ് അംഗീകാരങ്ങള്‍. സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ ഡിജിറ്റല്‍ പരിവര്‍ത്തനത്തിന് ചാലകശക്തിയാകുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയായിരുന്നു പ്രവര്‍ത്തനങ്ങളത്രയും. അവരുടെ ഫിനാന്‍സ് മാനേജ് ചെയ്യാനും ഓട്ടോമേറ്റ് ചെയ്യാനുമെല്ലാമുള്ള സംവിധാനങ്ങളിലാണ് ശ്രദ്ധയൂന്നിയത്. ഇതിലെല്ലാം ഫോക്കസ് ചെയ്തുള്ള പ്ലാറ്റ്‌ഫോം ബില്‍ഡ് ചെയ്യാന്‍ സാധിച്ചതാണ് ഞങ്ങളുടെ വിജയത്തില്‍ ഏറ്റവും നിര്‍ണായകമായി മാറിയത്. തീര്‍ച്ചയായും, ഒരു ബില്യണ്‍ ഡോളര്‍ കമ്പനിയായി മാറിയതും ഇന്ത്യയിലെ നൂറാമത് യൂണികോണും കേരളത്തിന്റെ ആദ്യ യൂണികോണും ആയതുമെല്ലാം വലിയ നാഴികക്കല്ലുകളായി തന്നെയാണ് ഞങ്ങള്‍ കാണുന്നത്.

  സാത്വിക് ഗ്രീന്‍ എനര്‍ജി ഐപിഒ

നിലവില്‍ എത്രമാത്രം വലുപ്പമുണ്ട് ഓപ്പണ്‍ എന്ന സംരംഭത്തിന്?
35 ലക്ഷത്തിലധികം ചെറുകിട, ഇടത്തരം സംരംഭങ്ങളെ ഞങ്ങള്‍ ശാക്തീകരിക്കുന്നു ഇന്ന്. വാര്‍ഷികാടിസ്ഥാനത്തില്‍ 30 ബില്യണ്‍ ഡോളറിന്റെ ഇടപാടുകളാണ് പ്രോസസ് ചെയ്യുന്നത്. ഓരോ മാസവും 100,000 എസ്എംഇകളെ പ്ലാറ്റ്‌ഫോമിലേക്ക് ചേര്‍ക്കാനും ഞങ്ങള്‍ക്ക് സാധിക്കുന്നുണ്ട്. ആഗോളതലത്തില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന ബിസിനസ് പേമെന്റ്‌സ് പ്ലാറ്റ്‌ഫോമാണ് ഓപ്പണ്‍.

ഉടനെയുള്ള വികസന പദ്ധതികളെക്കുറിച്ച് പറയാമോ? എന്തെങ്കിലും ഏറ്റെടുക്കല്‍ പദ്ധതികളുണ്ടോ?
എസ്എംഇകള്‍ക്കായുള്ള ബിസിനസ് ഫിനാന്‍സ് മാനേജ്‌മെന്റ് വിപ്ലവാത്മകമായ രീതിയില്‍ മാറ്റിമറിക്കുന്നതില്‍ ഉറച്ചുനിന്നാണ് എപ്പോഴും ഓപ്പണിന്റെ പ്രവര്‍ത്തനം. ഇതിനായി ഇന്ത്യയിലേയും ഏഷ്യയിലേയും മികച്ച ബാങ്കുകളുമായി ഞങ്ങള്‍ പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. ഞങ്ങളുടെ അനുഭവപരിചയവും ഉപഭോക്തൃ അടിത്തറയും വര്‍ദ്ധിച്ചപ്പോഴാണ് ബാങ്കുകളുമായുള്ള തന്ത്രപരവും  അര്‍ത്ഥപൂര്‍ണ്ണവുമായ പങ്കാളിത്തത്തിലൂടെ കൂടുതല്‍ ബിസിനസുകള്‍ക്ക് സേവനം നല്‍കാമെന്ന് ഞങ്ങള്‍ തിരിച്ചറിഞ്ഞത്. അപ്പോഴാണ് ബാങ്കുകള്‍ക്കായി എസ്എംഇ ബിസിനസ് മാനേജ്‌മെന്റ് ടൂളുകള്‍ വികസിപ്പിക്കാനും ഞങ്ങള്‍ തുടങ്ങിയത്. അവരുടെ നിലവിലെ ഉപഭോക്താക്കളെ അടുത്തേക്ക് ഈ ടൂളുകളുമായി ഇറങ്ങിച്ചെല്ലാനുള്ള അവസരം കൂടിയാണ് അത് തുറന്നത്. ആഗോള സമ്പദ്വ്യവസ്ഥയില്‍ നിര്‍ണായക സംഭാവന നല്‍കുന്ന മേഖലയാണ് എസ്എംഇ. മേല്‍പ്പറഞ്ഞതെല്ലാം പദ്ധതിയിട്ടത് അവര്‍ക്ക് കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ അവസരം ഒരുക്കുക എന്ന ലക്ഷ്യവുമായാണ്. അവരുടെ ബിസിനസ്സ് ഫിനാന്‍സ് ഓട്ടോമേറ്റഡ് ആണെങ്കില്‍, ഒരേ പ്ലാറ്റ്‌ഫോമില്‍ പേയ്മെന്റുകള്‍, ബാങ്കിംഗ്, എക്കൗണ്ടിംഗ് തുടങ്ങിയവയെല്ലാം ലിങ്ക് ചെയ്താല്‍, ഇന്ത്യയിലാണെങ്കിലും ദക്ഷിണകിഴക്കേഷ്യയിലാണെങ്കിലും മിഡില്‍ ഈസ്റ്റിലാണെങ്കിലുമെല്ലാം വളരെ കാര്യക്ഷമതയോടെയുള്ള പ്രവര്‍ത്തനങ്ങള്‍ സാധ്യമാകും.

2030 ആകുമ്പോഴേക്കും ഓപ്പണിന്റെ വളര്‍ച്ച എങ്ങനെയാണ് നിങ്ങള്‍ വിഭാവനം ചെയ്യുന്നത്?
ഓപ്പണ്‍ ഇന്ന് 35 ലക്ഷത്തിലധികം ചെറുകിട ബിസിനസ് ഉടമകളുടെ ജീവിതത്തെ സ്പര്‍ശിക്കുന്നു. ആര്‍ബിഐയില്‍ നിന്ന് പേമെന്റ് അഗ്രഗേറ്റര്‍, പേമെന്റ് ഗേറ്റ് വേ ലൈസന്‍സുകള്‍ ഓപ്പണിന് ലഭിച്ചുകഴിഞ്ഞു.  എപ്പോഴും ഇന്നൊവേറ്റീവായ പരിഹാരങ്ങള്‍ വികസിപ്പിക്കാനാണ് ഓപ്പണ്‍ ശ്രമിക്കുന്നത്. അത് എല്ലാ വലുപ്പത്തിലുള്ള ബിസിനസുകളുടെയും ധനകാര്യ പ്രക്രിയകള്‍ കൂടുതല്‍ ലളിതവും ആക്‌സസ് ചെയ്യാവുന്നതും സുരക്ഷിതവും കാര്യക്ഷമവുമാക്കുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ. ഓപ്പണ്‍ ലാഭത്തിലേക്കുള്ള പാതയിലുമാണ്.  വരുന്ന രണ്ട് വര്‍ഷത്തിനുള്ളില്‍, ഐപിഒയുമായി വരുന്ന ഫിന്‍ടെക് സ്റ്റാര്‍ട്ടപ്പുകളില്‍ ഓപ്പണ്‍ ഉള്‍പ്പെടും.

ഒരു സംരംഭകനെന്ന നിലയില്‍ ജീവിതത്തില്‍ എത്തിപ്പിടിച്ചുവെന്ന് തോന്നിയ വലിയ നേട്ടങ്ങള്‍ എന്തെല്ലാമാണ്?
എനിക്ക് വളരെയധികം അഭിമാനം തോന്നിയ ചില നേട്ടങ്ങള്‍ ഇവയാണ്:
– ഓപ്പണ്‍ ഇന്ത്യയിലെ 35 ലക്ഷത്തിലധികം ചെറുകിട ബിസിനസുകള്‍ക്കുള്ള ധനകാര്യമാനേജ്‌മെന്റ് ലളിതമാക്കി. ആഴ്ച്ചയില്‍ 6-7 മണിക്കൂര്‍ ലാഭിക്കാന്‍ അവരെ സഹായിച്ചു. അതാണ് ഞങ്ങളുടെ ഏറ്റവും വലിയ നേട്ടമായി കണക്കാക്കുന്നത്.

– രണ്ട് വനിതാ സഹസ്ഥാപകരുള്ള സ്റ്റാര്‍ട്ടപ്പെന്ന നിലയില്‍ സ്ഥാപനത്തില്‍ ലിംഗസമത്വം എന്ന കാഴ്ച്ചപ്പാട് പ്രാവര്‍ത്തികമാക്കാന്‍ ഞങ്ങള്‍ പരമാവധി ശ്രമിച്ചിട്ടുണ്ട്. ജീവനക്കാരില്‍ വനിതകളെ നിലനിര്‍ത്താനും പ്രത്യേകം ശ്രമം നടത്താറുണ്ട്. വിവാഹം കഴിഞ്ഞും പ്രസവശേഷവുമെല്ലാം വനിതകളെ ജോലിയെടുക്കാന്‍ പ്രേരിപ്പിക്കുന്ന സമീപനമാണ് ഞങ്ങളുടേത്.

– ഞങ്ങളുടെ ടീമിലുള്ള എല്ലാവര്‍ക്കും മികച്ച തൊഴില്‍ സാഹചര്യം ഒരുക്കാന്‍ സാധിച്ചുഎന്നതാണ് മറ്റൊരു നേട്ടം. നിഷ്പക്ഷവും, ജെന്‍ഡര്‍ ന്യൂട്രലുമായ തൊഴില്‍ സാഹചര്യത്തില്‍ ജീവനക്കാരുടെ പരാജയം പോലും ഞങ്ങള്‍ ഉള്‍ക്കൊള്ളുന്നു. പുതിയ കാര്യങ്ങള്‍ പഠിച്ചുകൊണ്ടിരിക്കാന്‍ എപ്പോഴും പ്രോല്‍സാഹനം നല്‍കുന്നു ഞങ്ങള്‍. അവരവരുടെ സ്വത്വത്തിന് ഉപരിയായി എല്ലാവരും ആഘോഷിക്കപ്പെടുന്ന സാഹചര്യമാണ് ഓപ്പണിലേത്.

  ആര്‍ജിസിബി, കൊച്ചിന്‍ കാന്‍സര്‍ റിസര്‍ച്ച് സെന്‍റർ സഹകരണം

– ഞങ്ങളുടെ ടീമിന്റെ മാനസിക ആരോഗ്യത്തെ സംബന്ധിച്ചും എപ്പോഴും ഞങ്ങള്‍ ബോധവാന്മാരാണ്. എല്ലാം തുറന്നുപറയാനുള്ള അന്തരീക്ഷമാണ് ഓഫീസിലുള്ളത്. ആര്‍ക്കെങ്കിലും സഹായം വേണമെങ്കില്‍ അത് പൂര്‍ണമായും ലഭിക്കുകയും ചെയ്യുന്നു.

വളര്‍ന്നുവരുന്ന സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ക്ക് 10 ടിപ്‌സ് നല്‍കാനുണ്ടെങ്കില്‍ അതെന്തായിരിക്കും
1. സഹസ്ഥാപകരെ ബുദ്ധിപൂര്‍വം തെരഞ്ഞെടുക്കുക
നിങ്ങളുടെ കാഴ്ചപ്പാടും നിങ്ങളുടേതിന് പൂരകമാകുന്ന വ്യത്യസ്ത കഴിവുകളും ഉള്ള വ്യക്തികളെ വേണം ബിസിനസ് പങ്കാളികളായി തെരഞ്ഞെടുക്കാന്‍. ബുദ്ധിപരമായി സഹസ്ഥാപകരെ കണ്ടെത്തുകയെന്നത് വളരെ നിര്‍ണായകമായ കാര്യമാണ്. നിങ്ങളുടെ യാത്ര സാര്‍ത്ഥകമാക്കാനും നിര്‍ത്ഥകമാക്കാനും അവര്‍ക്ക് കഴിയും.

2. നെറ്റ് വര്‍ക്ക്, നെറ്റ് വര്‍ക്ക്, നെറ്റ് വര്‍ക്ക്
ശക്തമായ നെറ്റ് വര്‍ക്ക് വളര്‍ത്തിയെടുക്കുക എന്നത് വിലമതിക്കാനാവാത്ത കാര്യമാണ്. വ്യവസായ നേതാക്കളുമായും ഭാവിയില്‍ നിങ്ങള്‍ക്ക് നിക്ഷേപം തരാന്‍ സാധ്യതയുള്ളവരുമായും സഹ സംരംഭകരുമായുമെല്ലാം എപ്പോഴും കണക്റ്റഡ് ആയി ഇരിക്കുക. നിങ്ങളുടെ കഥ എപ്പോഴും മറ്റുള്ളവരോട് പങ്കിടുക. അവരുടെ ഫീഡ്ബാക്ക് അറിയുക. റിലേഷന്‍ഷിപ്പ് വികസിപ്പിക്കുക. ഇതെല്ലാം ബിസിനസിനെ സഹായിക്കും.

3. ബ്രാന്‍ഡിംഗിലും പിആറിലും നിക്ഷേപിക്കുക
വിപണി വിഹിതം നേടുന്നതിന് ശക്തമായ ഒരു ബ്രാന്‍ഡ് കെട്ടിപ്പടുക്കുകയെന്നത് നിര്‍ണായകമാണ്. അതിനാല്‍ പ്രൊഫഷണല്‍ ബ്രാന്‍ഡിംഗിലും പബ്ലിക് റിലേഷന്‍സിലുമെല്ലാം കാര്യമായി നിക്ഷേപിക്കണം. നിങ്ങളുടെ ബ്രാന്‍ഡും സഹസ്ഥാപകരും വിപണിയില്‍ കൃത്യമായി പൊസിഷന്‍ ചെയ്യപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കണം.

4. ഉപഭോക്താക്കളെ അറിയുക
നിങ്ങളുടെ ഉല്‍പ്പന്നത്തിന്റെയോ സേവനത്തിന്റെയോ ഉപഭോക്താക്കള്‍ ആരാണെന്ന് ശരിക്കും തിരിച്ചറിയുക. അവരുടെ ആവശ്യങ്ങളില്‍ ഫോക്കസ് ചെയ്ത് വേണം പ്രവര്‍ത്തനം മുന്നോട്ട് കൊണ്ടുപോകാന്‍. അത്തരത്തിലുള്ള വിജയത്തിന് മറ്റ് കുറുക്കുവഴികളൊന്നുമില്ല. ഉപഭോക്തൃ പിന്തുണ എന്നത് കമ്പനിയുടെ ഹൃദയത്തിലാണ് വേണ്ടത്.

5. നിയമങ്ങള്‍ പാലിക്കുക
കൃത്യമായി നിയമങ്ങള്‍ പാലിക്കുക. ഭരണസംവിധാനങ്ങളുടെ നിയന്ത്രണങ്ങള്‍ക്കുള്ളില്‍ നിന്നാണ് കമ്പനിയുടെ പ്രവര്‍ത്തനങ്ങളെന്നും നിങ്ങളുടെ ബിസിനസ് എല്ലാതരത്തിലും നിയമ പരിധിക്കുള്ളില്‍ നിന്നാണ് പ്രവര്‍ത്തിക്കുന്നതെന്ന് ഉറപ്പാക്കുകയും വേണം. ഓഹരി ഉടമകളുടെ വിശ്വാസം സംരക്ഷിക്കാനും ഭാവിയിലെ പ്രശ്‌നങ്ങളില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കാനും അതിലൂടെ സാധിക്കും.

6. നിങ്ങളുടെ സ്വപ്‌നങ്ങളില്‍ വിശ്വസിക്കുക
നിങ്ങള്‍ എന്തെങ്കിലും തീരുമാനങ്ങള്‍ എടുത്തുകഴിഞ്ഞാല്‍, അത് ആ സമയത്തെ മികച്ചതും ശരിയായതുമായ തീരുമാനമാണെന്ന് വിശ്വസിച്ച് മുന്നോട്ടു പോകണം. അതിനായി ശീലിക്കേണ്ടത് വളരെ പ്രധാനമാണ്.

7. ഗെയിം ഫേസ് ഓണ്‍
സംരംഭകത്വമെന്നത് ഉയര്‍ച്ചതാഴ്ച്ചകളുണ്ടാകുന്ന പ്രക്രിയയാണ്. വെല്ലുവിളികള്‍ക്ക് നടുവിലും പിടിച്ചുനില്‍ക്കാനും അതിജീവിക്കാനുമുള്ള ഇച്ഛാശക്തി പ്രകടമാക്കുക. തിരിച്ചടികളുണ്ടാകും. എന്നാല്‍ ആ തിരിച്ചടികളില്‍ നിന്ന് വളരെ പെട്ടെന്ന് തന്നെ തിരിച്ച് കയറാന്‍ ശീലിക്കുക.

8. പുതിയതിനെ ഉള്‍ക്കൊള്ളുക
വിപണികള്‍ എപ്പോഴും മാറ്റത്തിന് വിധേയമാണ്. ഉപഭോക്തൃ താല്‍പ്പര്യങ്ങളും മാറും. അഡാപ്റ്റബിലിറ്റി അല്ലെങ്കില്‍ പുതിയ സാഹചര്യങ്ങള്‍ക്കനുസരിച്ച് മാറാനുള്ള കഴിവ് ദീര്‍ഘകാല വിജയത്തിന് അനിവാര്യമാണ.്

9. വേഗം തോല്‍ക്കുക
വിജയത്തിന്റെ നേര്‍വിപരീതമായ കാര്യമല്ല പരാജയം. അത് വിജയത്തിന്റെ ഒരു ഭാഗം തന്നെയാണ്. അതിനാല്‍ പരാജയങ്ങളില്‍ നിന്ന് പഠിക്കുക.

10. ആഘോഷിക്കുക
വലിയ വിജയങ്ങള്‍ മാത്രമല്ല, കമ്പനിയിലെ ഓരോ ചെറിയ നേട്ടങ്ങളും ആഘോഷിക്കുക. സംരംഭകരെന്ന നിലയില്‍ കടന്നുപോകുന്ന വേദനകളെ മൂല്യവത്താക്കുക അത്തരം ചെറിയ ചെറിയ വിജയങ്ങളും അവയുടെ ആഘോഷങ്ങളുമായിരിക്കും അവസാനം വിലമതിക്കാനാകാത്ത കാര്യങ്ങളായി മാറുക.

Maintained By : Studio3