2024-25 ഓടെ 290 ബില്യണ്‍ രൂപയ്ക്ക് മുകളിലേക്ക് ഓണ്‍ലൈന്‍ ഗെയ്മിംഗ് എത്തും
1 min readമൊത്തം ഓണ്‍ലൈന്‍ ഗെയിമിംഗ് വരുമാനത്തിന്‍റെ 44 ശതമാനമാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ കണക്ക് പ്രകാരം കാഷ്വല്‍ ഗെയ്മിംഗ്
ന്യൂഡെല്‍ഹി: ഇന്ത്യയിലെ ഓണ്‍ലൈന്‍ ഗെയ്മിംഗ് വ്യവസായത്തിന്‍റെ മൂല്യം 2024-25 സാമ്പത്തിക വര്‍ഷത്തോടെ 290 ബില്യണ്‍ രൂപയ്ക്ക് മുകളില്‍ എത്തുമെന്ന് വ്യാവസായിക സ്ഥാപനമായ കെപിഎംജി-യുടെ പഠന റിപ്പോര്‍ട്ട്. ശരാശറി 21 ശതമാനം സംയോജിത വാര്‍ഷിക വളര്‍ച്ചാ നിരക്കാണ് ഇക്കാലയളവില്‍ പ്രകടമാകുക. കാഷ്വല്‍ ഗെയിമിംഗ് വിഭാഗം ഇ 29 ശതമാനം കോമ്പൗണ്ട് വാര്‍ഷിക വളര്‍ച്ചാ നിരക്കില്‍ (സിഎജിആര്‍) 169 ബില്യണ്‍ രൂപയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ഇന്ത്യയിലെ കെപിഎംജിയുടെ റിപ്പോര്‍ട്ട്.
‘ബിയോണ്ട് ദി ടിപ്പിംഗ് പോയിന്‍റ്’ എന്ന തലക്കെട്ടില്‍ പുറത്തിറക്കിയ റിപ്പോര്‍ട്ട് അനുസരിച്ച്, നിലവില്‍ 136 ബില്യണ്‍ രൂപയാണ് ഓണ്‍ലെന്‍ ഗെയ്മിംഗ് മേഖലയുടെ മൂല്യം. ഇത് 5 വര്‍ഷത്തില്‍ ഇരട്ടിയിലേറേ വളരുമെന്നാണ് കണക്കാക്കുന്നത്. 2024-25ല്‍ ഓണ്‍ലൈന്‍ ഗെയ്മിംഗിന്‍റെ 60 ശതമാനവും കാഷ്വല്‍ ഗെയിമുകളായിരിക്കുമെന്ന് കണക്കാക്കുന്നു. ഫാന്‍റസി ഗെയിമുകള്‍ക്കും മണി ഗെയിമുകള്‍ക്കും പ്രാമുഖ്യം കുറവായിരിക്കുമെന്നാണ് വിലയിരുത്തല്‍
മൊത്തം ഓണ്‍ലൈന്‍ ഗെയിമിംഗ് വരുമാനത്തിന്‍റെ 44 ശതമാനമാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ കണക്ക് പ്രകാരം കാഷ്വല്‍ ഗെയ്മിംഗ്. അതായത് 60 ബില്യണ്‍ രൂപയുടെ മൂല്യമാണ് ഈ വിഭാഗത്തിന് ഇപ്പോള്‍ കണക്കാക്കുന്നത്. ഉപഭോഗത്തിലെ തുടര്‍ച്ചയായ വര്‍ധന, ശക്തമായ ബ്രാന്‍ഡ് താല്‍പ്പര്യം, ഉപഭോക്തൃ ചെലവുകളുടെ കാര്യത്തില്‍ ഇന്ത്യന്‍ ഗെയിമര്‍ പാകമാകുന്നത് എന്നിവയാണ് വളര്‍ച്ചയെ നയിക്കുന്നത്.
കഴിഞ്ഞ 3-4 വര്‍ഷങ്ങളില്‍ ഓണ്‍ലൈന്‍ ഗെയിമിംഗ് വിഭാഗം അതിവേഗം വളര്‍ന്നു, ഇപ്പോള്‍ ഉപയോക്തക്കളുടെ ഒരു ദിവസത്തിലെ മാധ്യമ-വിനോദ സമയത്തിന്‍റെ വിഹിതത്തിനായി പരമ്പരാഗത വിനോദ രീതികളുമായി മത്സരിക്കുന്ന തലത്തിലേക്ക് ഓണ്‍ലൈന്‍ ഗെയ്മിംഗ് എത്തിയിട്ടുണ്ട്. കോവിഡ് -19 ഈ പ്രവണത വര്‍ധിപ്പിച്ചുവെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഉപഭോഗത്തിലും ധനസമ്പാദനത്തിലും ഓണ്‍ലൈന്‍ ഗെയ്മിംഗ് വിഭാംഗം ഇക്കാലയളവില്‍ മുന്നേറ്റം നടത്തി.
2020ല്‍ കാഷ്വല്‍ മൊബൈല്‍ ഗെയിമിംഗ് ഉപവിഭാഗത്തില്‍ ലോകത്തില്‍ തന്നെ (ചൈന ഒഴികെ) ഇന്ത്യയാണ് ഏറ്റവും കൂടുതല്‍ ഗെയിം ഡൗണ്‍ലോഡുകള്‍ നേടിയത്. 2020 ആദ്യ മൂന്ന് പാദങ്ങളിലെ ഡൗണ്‍ലോഡുകള്‍ 7.3 ബില്യണ്‍ ആണ്. ഇത് ആഗോള തലത്തിലെ മൊബൈല്‍ ഗെയിം ഡൗണ്‍ലോഡുകളുടെ 17 ശതമാനമാണ്.
കൂടാതെ, മികച്ച 100 മൊബൈല്‍ ഗെയിമുകളിലെ പ്രതിമാസ സജീവ ഉപയോക്താക്കളുടെ എണ്ണവും ഓണ്‍ലൈന്‍ ഗെയിമിംഗിനായി ചെലവഴിക്കുന്ന സമയവും 2020 ലോക്ക്ഡൗണ്‍ പ്രഖ്യാപനത്തിനു ശേഷം 10-15 ശതമാനം കൂടുതലാണെന്നും കെപിഎംജി റിപ്പോര്‍ട്ട് പറയുന്നു.