ഇറക്കുമതി ചെയ്യുന്നതില്‍ നിന്ന് ആയിരം മെട്രിക് ടണ്‍ ഓക്സിജന്‍ അനുവദിക്കണം: മുഖ്യമന്ത്രി
പ്രതിദിന രോഗികളുടെ എണ്ണം ഉയര്‍ന്നിരിക്കുന്ന സാഹചര്യത്തില്‍ കരുതല്‍ ശേഖരം വേഗത്തില്‍ കുറയുന്നു
തിരുവനന്തപുരം: രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്ന ദ്രവീകൃത മെഡിക്കല്‍ ഓക്സിജനില്‍ ചുരുങ്ങിയത് ആയിരം മെട്രിക് ടണ്‍ കേരളത്തിന് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. രണ്ടാം തരംഗത്തില്‍ കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി ഉയരുന്ന സാഹചര്യത്തില്‍ ഓക്സിജന്‍റെ ആവശ്യം വലിയതോതില്‍ വര്‍ധിച്ചിരിക്കുകയാണ്. ഓക്സിജന്‍റെ സ്റ്റോക്ക് വളരെ വേഗം കുറയുന്നു. ഈ സാഹചര്യത്തില്‍ മതിയായ കരുതല്‍ശേഖരം ഉണ്ടാക്കുന്നതിന് കേന്ദ്രത്തിന്‍റെ സഹായം ആവശ്യമാണെന്ന് കത്തില്‍ ചൂണ്ടിക്കാട്ടി.
നിലവില്‍ സംസ്ഥാനത്ത് രണ്ടാഴ്ചയില്‍ അധികം ആരോഗ്യ മേഖലയിലെ ഉപയോഗത്തിന് ആവശ്യമായ ഓക്സിജന്‍ ഉണ്ടെന്നാണ് കണക്കാക്കുന്നത്. എന്നാല്‍ പ്രതിദിന രോഗികളുടെ എണ്ണം ഉയര്‍ന്നു തന്നെ നില്‍ക്കുന്നത് പല ജില്ലകളിലെയും കരുതല്‍ ശേഖരത്തില്‍ ഇടിവുണ്ടാക്കിയിട്ടുണ്ട്. കോവിഡ് രണ്ടാം വ്യാപനം രൂക്ഷമായി തുടങ്ങിയ ഘട്ടത്തില്‍ ഓക്സിജന്‍ ശേഖരം അധികമായുള്ള സംസ്ഥാനം എന്ന നിലയില്‍ കേരളം വിവിധ സംസ്ഥാനങ്ങളിലേക്ക് ഓക്സിജന്‍ എത്തിച്ചിരുന്നു.
ഇപ്പോള്‍ ഇറക്കുമതി ചെയ്യുന്ന വിഹിതത്തില്‍ നിന്ന് 500 മെട്രിക് ടണ്‍ ആദ്യഗഡുവായി കേരളത്തിന് അനുവദിക്കണമെന്നും അടുത്ത ഘട്ടത്തില്‍ 500 ടണ്‍ കൂടി സംസ്ഥാനത്തിന് നീക്കിവെക്കണമെന്നുമാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുള്ളത്. ഇതു സംബന്ധിച്ച് വിദേശ കാര്യ മന്ത്രാലയത്തിന് നിര്‍ദേശം നല്‍കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
കോവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യം കണക്കിലെടുത്ത് കേരളത്തിന് കഴിയാവുന്നത്ര ഓക്സിജന്‍ ടാങ്കറുകള്‍, പിഎസ് എ പ്ലാന്‍റുകള്‍, ഓക്സിജന്‍ കോണ്‍സന്‍ട്രേറ്ററുകള്‍, വെന്‍റിലേറ്ററുകള്‍ എന്നിവയും മുന്‍ഗണനാടിസ്ഥാനത്തില്‍ അനുവദിക്കണം. സംസ്ഥാനത്തിന് 50 ലക്ഷം ഡോസ് കോവിഷീല്‍ഡ് വാക്സിനും 25 ലക്ഷം ഡോസ് കോ വാക്സിനും അനുവദിക്കണം.
സംസ്ഥാനങ്ങള്‍ക്ക് വാക്സിന്‍ നീക്കി വെക്കുമ്പോള്‍ രണ്ടാം ഡോസിന് കാത്തിരിക്കുന്നവരുടെയും ഒന്നാം ഡോസിന് രജിസ്റ്റര്‍ ചെയ്തു കാത്തിരിക്കുന്നവരുടെയും എണ്ണം കണക്കിലെടുക്കണം. കേന്ദ്ര സര്‍ക്കാറുമായി യോജിച്ചുകൊണ്ട് കോവിഡ് മഹാമാരിക്കെതിരായ പോരാട്ടത്തില്‍ കേരളം മുന്‍നിരയില്‍ ഉണ്ടാകുമെന്ന് ഉറപ്പു നല്‍കുന്നതായും കത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.
കമ്പനികളില്‍ നിന്ന് വാക്സിന്‍ ഡോസുകള്‍ നേരിട്ട് വാങ്ങുന്നതിനുള്ള നടപടികളും സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുകൊണ്ടുപോകുന്നുണ്ട്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ഇത് ലഭ്യമാകുന്നതിനും കാലതാമസം നേരിട്ടേക്കും നിലവില്‍ ആദ്യ ഡോസ് എടുത്തവര്‍ക്ക് രണ്ടാം ഡോസ് നല്‍കുന്നതിന് മുന്‍ഗണന നല്‍കിയാണ് വാക്സിന്‍ വിതരണം നടക്കുന്നത്.