ഓരോ ജില്ലയെയും കയറ്റുമതി ഹബ്ബാക്കാന്‍ കേന്ദ്രം
1 min read-
അഞ്ച് വര്‍ഷത്തെ വിദേശ വ്യാപാര നയം ഏപ്രില്‍ ഒന്നിന് പ്രഖ്യാപിക്കും
-
ഒരു ജില്ലയ്ക്ക്, ഒരു ഉല്‍പ്പന്നം പദ്ധതിയാകും നയത്തിന്‍റെ കാതല്‍
-
പ്രധാനമന്ത്രിക്ക് പദ്ധതിയില്‍ വലിയ താല്‍പ്പര്യം
ന്യൂഡെല്‍ഹി: വരുന്ന അഞ്ചു വര്‍ഷത്തേയ്ക്കുള്ള വിദേശ വ്യാപാര നയം ഏപ്രില്‍ ഒന്നിനു വരാനിരിക്കെ ഒരു ജില്ലയ്ക്ക് ഒരു ഉല്‍പ്പന്നം(ഒഡിഒപി-വണ്‍ ഡിസ്ട്രിക്റ്റ് വണ്‍ പ്രൊഡക്റ്റ്) എന്ന പദ്ധതിക്ക് സര്‍ക്കാര്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്നു. 728 ജില്ലകളിലായി 135 ഉല്‍പ്പന്നങ്ങള്‍ ഇതിന്‍റെ ഭാഗമായി സര്‍ക്കാര്‍ ഷോര്‍ട്ട്ലിസ്റ്റ് ചെയ്തിട്ടുണ്ട്.
പുതിയ വിദേശ വ്യാപാര നയത്തിന്‍റെ കാതല്‍ ഇതായിരിക്കുമെന്നാണ് സൂചന. ഓരോ ജില്ലകളില്‍ നിന്നും കയറ്റുമതിക്ക് ഏറ്റവും സാധ്യതകളുള്ള ഒരു ഉല്‍പ്പന്നം തിരിച്ചറിഞ്ഞ് അത് പ്രോത്സാഹിപ്പിക്കുക എന്നതാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നത്.
ആലപ്പുയില്‍ കയര്‍, കോട്ടയത്ത് റബ്ബര്‍ അങ്ങനെ രാജ്യത്തെ ഓരോ ജില്ലയെ സംബന്ധിച്ചും ഏറ്റവും അനുയോജ്യമായ ഉല്‍പ്പന്നങ്ങളാകും പ്രോല്‍സാഹിപ്പിക്കപ്പെടുക.
25 ജില്ലകളില്‍ പൈലറ്റ് അടിസ്ഥാനത്തില്‍ പദ്ധതി നടപ്പാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട നടപടികള്‍ പുരോഗമിച്ചുവരികയാണ്. അഞ്ച് വര്‍ഷത്തെ വിദേശ വ്യാപാര നയം ഏപ്രില്‍ ഒന്നിനാകും സര്‍ക്കാര്‍ പ്രഖ്യാപിക്കുക. ഇതിന്‍റെ ഭാഗമായി ഒഡിഒപി പദ്ധതി പരമാവധി പ്രോല്‍സാഹിപ്പിക്കപ്പെടും.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉറച്ച പിന്തുണ ഒഡിഒപിക്കുണ്ട്. മെയ്ക്ക് ഇന്‍ ഇന്ത്യ, ആത്മനിര്‍ഭര്‍ ഭാരത് തുടങ്ങിയ ജനകീയ പദ്ധതികളുടെ തുടര്‍ച്ച എന്ന നിലയിലാണ് ഒഡിഒപിയെയും മോദി കാണുന്നത്.
ഓരോ ജില്ലയെയും ഒരു കയറ്റുമതി ഹബ്ബ് ആക്കി മാറ്റുകയാണ് ഒഡിഒപി പദ്ധതിയിലൂടെ സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നത്. കയറ്റുമതിയിലെ പ്രശ്നങ്ങള്‍ മനസിലാക്കി അത് പരിഹരിച്ച് പുതിയ കാര്യങ്ങള്‍ നടപ്പാക്കുകയാണ് ഉദ്ദേശിക്കുന്നത്.
വാണിജ്യ മന്ത്രാലയത്തിന് കീഴിലുള്ള ഡയറക്റ്ററേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ് ഒഡിഒപിയുമായി ബന്ധപ്പെട്ട് സംസ്ഥാന ഏജന്‍സികളും കേന്ദ്ര ഏജന്‍സികളും തമ്മിലുള്ള സഹകരണം ഉറപ്പാക്കുന്ന പ്രക്രിയയ്ക്ക് ഇതിനോടകം തുടക്കം കുറിച്ചുകഴിഞ്ഞു.