September 17, 2025

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഓണം വാരാഘോഷത്തിന്‍റെ ഭാഗമായുള്ള ഘോഷയാത്ര ഗവര്‍ണര്‍ ഫ്ളാഗ് ഓഫ് ചെയ്യും

1 min read

തിരുവനന്തപുരം: തലസ്ഥാന നഗരത്തിലെ ഓണം വാരാഘോഷത്തിന്‍റെ ഭാഗമായുള്ള വര്‍ണശബളമായ ഘോഷയാത്ര ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഫ്ളാഗ് ഓഫ് ചെയ്യും. സ്പീക്കര്‍ എ.എന്‍.ഷംസീര്‍ മുഖ്യാതിഥിയാകും. ശനിയാഴ്ച വൈകിട്ട് അഞ്ചിന് വെള്ളയമ്പലത്ത് നടക്കുന്ന ചടങ്ങില്‍ സ്പീക്കര്‍ ഗവര്‍ണര്‍ക്ക് പതാക കൈമാറും. വാദ്യോപകരണമായ കൊമ്പ് ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് മുഖ്യ കലാകാരന്‍മാര്‍ക്ക് നല്‍കുന്നതോടെ വാദ്യമേളത്തിന് തുടക്കമാകും. മന്ത്രിമാരായ വി.ശിവന്‍കുട്ടി, ആന്‍റണി രാജു, ജി.ആര്‍.അനില്‍ എന്നിവര്‍ പങ്കെടുക്കും.

കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ , അര്‍ദ്ധ സര്‍ക്കാര്‍, സഹകരണ, തദ്ദേശ സ്വയം ഭരണ വകുപ്പുകള്‍ എന്നിവയുടെ അറുപതോളം ഫ്ളോട്ടുകള്‍ സാംസ്ക്കാരിക കലാരൂപങ്ങളുടെ അകമ്പടിയോടെ ഘോഷയാത്രയില്‍ അണിനിരക്കും. വിവിധ കലാരൂപങ്ങളും ഘോഷയാത്രയ്ക്ക് മിഴിവേകും. മൂവായിരത്തോളം കലാകാരന്മാര്‍ ഘോഷയാത്രയില്‍ പങ്കെടുക്കും. വാദ്യഘോഷങ്ങള്‍ക്കുമൊപ്പം അശ്വാരൂഢ സേനയും വിവിധ സേനാവിഭാഗങ്ങളുടെ ബാന്‍ഡുകളും ഘോഷയാത്രയെ പ്രൗഡഗംഭീരമാക്കും. പൂര്‍ണമായും ഹരിതചട്ടം പാലിച്ചു കൊണ്ടായിരിക്കും ഘോഷയാത്ര.

കേരളീയ കലാരൂപങ്ങളായ തെയ്യം, കഥകളി, വേലകളി, പടയണി, പുലിക്കളി, നീലക്കാവടി, പൂക്കാവടി, ചിന്ത്കാവടി, അമ്മന്‍കുടം എന്നിവ തനത് മേളങ്ങള്‍ക്കൊപ്പം ആടിത്തിമിര്‍ക്കും. മേളങ്ങളില്‍ പഞ്ചവാദ്യം ചെണ്ടമേളം, ശിങ്കാരിമേളം, ബാന്‍റുമേളം തുടങ്ങി പെരുമ്പറ മേളം വരെ താളവിസ്മയം തീര്‍ക്കും. മുത്തുക്കുടയേന്തി കേരളീയ വേഷം ധരിച്ച പുരുഷന്മാര്‍, ഓലക്കുടയേന്തിയ മോഹിനിയാട്ട നര്‍ത്തകിമാര്‍ എന്നിവരും അണിനിരക്കും. അണിമുറിയാതെ വേലകളി, ആലവട്ടം, വെണ്‍ചാമരം എന്നീ ദൃശ്യരൂപങ്ങളും ഉണ്ടാകും.

കേരളത്തിലെ ഉത്സവ സാംസ്ക്കാരിക പരിപാടികളെ ബന്ധപ്പെടുത്തിയിട്ടുള്ള കലാരൂപങ്ങളും പരമ്പരാഗത താളമേളങ്ങളും ഇത്തവണത്തെ പ്രത്യേകതയാണ്. ഒപ്പനയും മാര്‍ഗംകളിയും ദഫ്മുട്ടും തിരുവാതിരകളിയും കോല്‍ക്കളിയും കേരളത്തിന്‍റെ മതമൈത്രീ സംസ്ക്കാര പ്രതീകമായി നൃത്തം വെയ്ക്കും. മയൂരനൃത്തം, പരുന്താട്ടം, ഗരുഡന്‍ പറവ, അര്‍ജുന നൃത്തം തുടങ്ങി കുമ്മാട്ടികളി വരെയുള്ള നാല് ഡസനോളം വൈവിദ്ധ്യമാര്‍ന്ന കേരളീയ കലാരൂപങ്ങളുമുണ്ടാകും. പൊയ്ക്കാല്‍ കളി, ബൊമ്മകളി, ചവിട്ടുനാടകം, പരിചമുട്ടുകളി, പന്തം വീശല്‍, വള്ളുവനാടന്‍ കലാരൂപങ്ങള്‍ എന്നിവയും ഘോഷയാത്രയ്ക്ക് മിഴിവേകും.

ഇതര സംസ്ഥാന കലാരൂപങ്ങളും ആസ്വദിക്കാനാകും. മഹാരാഷ്ട്ര, മദ്ധ്യപ്രദേശ്, ആന്ധ്രപ്രദേശ്, ഒഡീഷ, രാജസ്ഥാന്‍ ഗുജറാത്ത്, ആസ്സാം, തമിഴ്നാട്, കര്‍ണ്ണാടക, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള സംഘങ്ങളും അണി നിരക്കും. നൂറ്റിയെണ്‍പതോളം കലാകാരന്മാരാണ് ഇതിന്‍റെ ഭാഗമാകുന്നത്. ബോഡോ ഫോക്ക് ഡാന്‍സ്, ചാരി ഫോക്ക് ഡാന്‍സ്, ഡങ്കി, ബദായ് ഡാന്‍സ്, വീരഗേഡ് ഡാന്‍സ്, മയൂര്‍ നാട്യ, ഡാസല്‍പുരി ഫോക്ക് ഡാന്‍സ്, തപ്പു ഡാന്‍സ്, ലാവണി നൃത്തം എന്നിങ്ങനെ വിവിധ സംസ്ഥാനങ്ങളിലെ കലാരൂപങ്ങള്‍ ഘോഷയാത്രയുടെ ഭാഗമാകും.

വിവിധ വകുപ്പുകളുടെയും ഇതര സ്ഥാപനങ്ങളുടെയും വിഷയാധിഷ്ഠിത ഫ്ളോട്ടുകള്‍ ഉള്‍പ്പെടെ ഇരുന്നൂറോളം ദൃശ്യ ശ്രവ്യ കലാരൂപങ്ങള്‍ ഘോഷയാത്രയ്ക്ക് മിഴിവേകും. സംസ്ഥാന സര്‍ക്കാരിന്‍റെ പ്രധാനപ്പെട്ട നാല് മിഷനുകള്‍ ഉള്‍പ്പെടുന്ന ഫ്ളോട്ടുകള്‍ക്കൊപ്പം എല്ലാവര്‍ക്കും സാമൂഹിക സുരക്ഷ, വൈദ്യുത അപകട രഹിത കേരളം, ഫാം ടൂറിസം, പരിതസ്ഥിതി സംരക്ഷണം, അഴിമതി രഹിത കേരളം, മണ്ണ് സംരക്ഷണം, സ്ത്രീ സുരക്ഷയും ആരോഗ്യ ശീലങ്ങളും കേരളീയ പൈതൃകവും സാഹിത്യവും സ്ത്രീ ശാക്തീകരണവും ശാസ്ത്ര സാങ്കേതിക വിദ്യയും വിവിധതരത്തിലുള്ള ജീവ സുരക്ഷാസന്ദേശങ്ങളും ഫ്ളോട്ടുകളുടെ വിഷയങ്ങളാകും.

ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് ഘോഷയാത്ര കാണുന്നതിനായി പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പബ്ലിക്ക് ലൈബ്രറിക്ക് മുന്നില്‍ ഘോഷയാത്ര വീക്ഷിക്കുന്നതിന് വിവിഐപി പവലിയനും യൂണിവേഴ്സിറ്റി കോളേജിന് മുന്നില്‍ വിഐപി പവലിയനും മ്യൂസിയം ഗേറ്റിന് മുന്നില്‍ പ്രത്യേക സ്റ്റേജും ഒരുക്കിയിട്ടുണ്ട്. ഉച്ചയ്ക്ക് ശേഷം നഗരത്തില്‍ ഗതാഗത നിയന്ത്രണമുണ്ടായിരിക്കുമെങ്കിലും കാണികളായി എത്തുന്നവര്‍ക്ക് ഘോഷയാത്രയില്‍ പങ്കെടുക്കുന്നതിന് യാത്രാ സൗകര്യമുണ്ടാകും.

ഘോഷയാത്ര കടന്നു പോകുന്ന വെള്ളയമ്പലം മുതല്‍ കിഴക്കേക്കോട്ട വരെയുള്ള പാതയുടെ ഇരുവശവും നിന്ന് പൊതുജനങ്ങള്‍ക്ക് ഘോഷയാത്ര വീക്ഷിക്കാനുള്ള സൗകര്യമുണ്ട്. ഘോഷയാത്രയുടെ സുഗമമായ നടത്തിപ്പിനായി കര്‍ശന സുരക്ഷാ ക്രമീകരണങ്ങളാണ് നഗരത്തില്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്.

Maintained By : Studio3