November 23, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

സൗദി അറേബ്യയില്‍ എണ്ണത്തുറമുറഖത്തിന് നേരെ ഡ്രോണ്‍ ആക്രമണം; എണ്ണവില കൂടി 

റാസ് തനൂറ ടെര്‍മിനലിലെ എണ്ണ സംഭരണി പാടത്തിന് നേരെ ഡ്രോണ്‍ ആക്രമണവും ദഹ്രാനിലെ സൗദി അരാംകോയുടെ പാര്‍പ്പിട മേഖലയ്ക്ക് നേരെ ബാലിസ്റ്റിക് മിസൈലാക്രമണവുമാണ് ഉണ്ടായത്

റിയാദ്: സൗദി അറേബ്യയിലെ ഇന്ധന മേഖലകള്‍ക്ക് നേരെ വീണ്ടും ഹൂത്തികളുടെ ആക്രമണം. ലോകത്തിലെ തന്നെ പ്രധാനപ്പെട്ട എണ്ണത്തുറമുഖങ്ങളില്‍ ഒന്നായ റാസ് തനൂറയിലെ പെട്രോളിയം സംഭരണി പാടത്തിന് നേരയെും സൗദിയിലെ പൊതുമേഖല എണ്ണക്കമ്പനിയായ അരാംകോയുടെ പാര്‍പ്പിട മേഖലയ്ക്ക് നേരെയുമാണ് ഞായറാഴ്ച ആക്രമണമുണ്ടായത്.

ലോകത്തിലെ തന്നെ ഏറ്റവും വലിയ എണ്ണക്കയറ്റുമതി തുറമുഖമാണ് റാസ് തനൂറ. ഞായറാഴ്ച പുലര്‍ച്ചെയാണ് തുറമുഖത്തിലെ എണ്ണ സംഭരണി മേഖലയ്ക്ക് നേരെ ഡ്രോണ്‍ ആക്രമണമുണ്ടായതെന്ന് ഊര്‍ജ മന്ത്രാലയം അറിയിച്ചു. വൈകുന്നേരത്തോടെ സൗദി അരാംകോ ജീവനക്കാര്‍ താമസിക്കുന്ന ദഹ്രാനിലെ പാര്‍പ്പിട മേഖലയ്ക്ക് നേരെ ബാലിസ്റ്റിക് മിസൈല്‍ ഉപയോഗിച്ചുള്ള ആക്രമണവും നടന്നു. ആക്രമണത്തില്‍ ആര്‍ക്കെങ്കിലും പരുക്ക് പറ്റിയതായോ ഏതെങ്കിലും തരത്തിലുള്ള നാശനഷ്ടങ്ങള്‍ ഉണ്ടായതായോ റിപ്പോര്‍ട്ടില്ല. ആക്രമണം രാജ്യത്തിന്റെ എണ്ണയുല്‍പ്പാദനത്തെ ബാധിച്ചില്ലെന്ന് സൗദി വ്യക്തമാക്കി.

അതേസമയം ലോകത്തിലെ തന്നെ ഏറ്റവും വലിയ എണ്ണക്കയറ്റുമതി രാജ്യമായ സൗദിയിലെ ഇന്ധന മേഖലകള്‍ ആക്രമിക്കപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില ബാരലിന് 71 ഡോളറായി കൂടി. 2019 സെപ്റ്റംബറിന് ശേഷം സൗദിയിലെ ഇന്ധന സംവിധാനങ്ങള്‍ ലക്ഷ്യമാക്കി നടക്കുന്ന രണ്ടാമത്തെ വലിയ ആക്രമണമാണ് കഴിഞ്ഞ ദിവസമുണ്ടായത്. 2019ലെ ആക്രമണത്തെ തുടര്‍ന്ന് സൗദിയുടെ എണ്ണയുല്‍പ്പാദനം ദിവസങ്ങളോളം തടസ്സപ്പെടുകയും സൗദിയിലെ ഇന്ധന വ്യവസായ മേഖല ഒന്നടങ്കം സുരക്ഷാ ഭീഷണി നേരിടുകയും ചെയ്തിരുന്നു. ആക്രമണത്തിന് പിന്നില്‍ ഇറാനാണെന്നായിരുന്നു അന്ന് സൗദി ആരോപിച്ചിരുന്നതെങ്കിലും യെമനിലെ ഹൂത്തി വിമതര്‍ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു.

സൗദിയിലെ പടിഞ്ഞാറന്‍ മേഖലയായ റാസ് തനൂറയിലെ എണ്ണ സംഭരണി ലക്ഷ്യമാക്കി വന്ന ഡ്രോണ്‍ കടലില്‍ നിന്നാണ് അയച്ചിരിക്കുന്നതെന്ന് സൗദി ഊര്‍ജ മന്ത്രാലയം വ്യക്തമാക്കി. ആയിരക്കണക്കിന് അരാംകോ ജീവനക്കാരും കുടുംബങ്ങളും താമസിക്കുന്ന ദഹ്രാനിലെ പാര്‍പ്പിട മേഖലയാണ് ആക്രമണമുണ്ടായ രണ്ടാമത്തെ സ്ഥലം. ഇവിടെ സ്‌ഫോടനം നടന്നതായി ദൃക്‌സാക്ഷികള്‍ വ്യക്തമാക്കി. അതേസമയം ഇരുസ്ഥലങ്ങളിലുമുണ്ടായ ആക്രമണങ്ങളില്‍ ജീവഹാനിയോ നാശനഷ്ടങ്ങളോ സംഭവിച്ചിട്ടില്ലെന്ന് സൗദി ഊര്‍ജ മന്ത്രാലയ വക്താവ് വ്യക്തമാക്കി.

പ്രതിദിനം 6.5 ദശലക്ഷം ബാരല്‍, അതായത് ലോകത്തിന്റെ ഇന്ധന ആവശ്യങ്ങളുടെ 7 ശതമാനം എണ്ണ കയറ്റുമതി ചെയ്യാന്‍ ശേഷിയുള്ള ലോകത്തിലെ തന്നെ ഏറ്റവും വലിയ ഇന്ധനത്തുറമുഖമാണ് റാസ് തനൂറയിലേത്. അതിനാല്‍ തന്നെ ലോകത്തിലെ ഏറ്റവും കൂടുതല്‍ സുരക്ഷാ സജ്ജീകരണങ്ങള്‍ ഉള്ള തുറമുഖമാണിത്. സൂപ്പര്‍ ടാങ്കറുകളിലേക്ക് പമ്പ് ചെയ്യുന്നതിന് മുമ്പ് എണ്ണ സംഭരിക്കുന്ന സംഭരണ ടാങ്ക് ഫാം ആണ് ഇവിടെയുള്ളത്.

ഇറാന്‍ പിന്തുണയോടെ യെമനില്‍ ആഭ്യന്തര കലാപം നടത്തുന്ന ഹൂത്തി വിമതര്‍ക്കെതിരെ 2015 മുതല്‍ സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള സഖ്യസേന യുദ്ധം നടത്തുന്നുണ്ട്. ഞായറാഴ്ച യെമന്‍ തലസ്ഥാനമായ സനയില്‍ സഖ്യസേന വ്യോമാക്രമണം നടത്തിയിരുന്നു. റാസ് തനൂറയിലടക്കം സൗദിക്ക് നേരെ നിരവധി ആക്രമണങ്ങള്‍ നടത്തിയതായി ഹൂത്തി വിമതര്‍ അവകാശപ്പെട്ടതിന് പിന്നാലെ യെമനില്‍ നിന്നുണ്ടായ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ തടസ്സപ്പെടുത്തിയതായി സൗദിയും വ്യക്തമാക്കിയിരുന്നു. സൗദിക്ക് നേരെ ഹൂത്തി സേന എട്ട് ബാലിസ്റ്റിക് മിസൈല്‍ ആക്രമണങ്ങളും ഡ്രോണുകള്‍ ഉപയോഗിച്ചുള്ള പതിനാല് ബോംബാക്രമണങ്ങളും നടത്തിയതായി ഹൂത്തി സേന വക്താവായ യഹ്യ സരീ ഹൂത്തികളുടെ നിയന്ത്രണത്തിലുള്ള അല്‍ മസ്രിയ ടെലിവിഷനിലൂടെ അവകാശപ്പെട്ടു കഴിഞ്ഞ കുറച്ച് ആഴ്ചകളായി ഹൂത്തി സൗദി അറേബ്യയ്ക്ക് നേരെയുള്ള ആക്രമണങ്ങള്‍ ശക്തമാക്കിയിരിക്കുകയാണ്. കഴിഞ്ഞ ആഴ്ച സൗദി അരാംകോയുടെ ജിദ്ദയിലെ എണ്ണ ഡിപ്പോയ്ക്ക് നേരെ ക്രൂയിസ് മിസൈല്‍ അയച്ചതായി ഹൂത്തികശ് അവകാശപ്പെട്ടിരുന്നു. ആക്രമണങ്ങളില്‍ കാര്യമായ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നില്ലെങ്കിലും ഗള്‍ഫിലെ സമാധാനാന്തരീക്ഷത്തിന് ഇത്തരം ആക്രമണങ്ങള്‍ വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്.

യെമനിലെ ഐക്യരാഷ്ട്ര സഭ അംഗീകരിച്ച സര്‍ക്കാരിനെതിരെ 2014 മുതലാണ് ഹൂത്തി വിമതര്‍ യുദ്ധം ആരംഭിച്ചത്. സര്‍ക്കാരിന് പിന്തുണ പ്രഖ്യാപിച്ച് കൊണ്ട് സൗദിയുടെ സഖ്യ സേന അടുത്ത വര്‍ഷം ഹൂത്തി വിമത സേനക്കെതിരെ പോരാട്ടം ആരംഭിച്ചു. പതിനായിരക്കണക്കിന് ജീവനുകള്‍ അപഹരിച്ച യെമന്‍ കലാപത്തെ ലോകത്തിലെ തന്നെ ഏറ്റവും പൈശാചികമായ മനുഷ്യാവകാശ പ്രതിസന്ധിയെന്നാണ് ഐക്യരാഷ്ട്രസഭ വിശേഷിപ്പിച്ചത്. ഹൂത്തി വിമതരെ വീണ്ടും തീവ്രവാദികളാക്കി പരിഗണിക്കാനുള്ള അമേരിക്കന്‍ തീരുമാനത്തെ സ്വാഗതം ചെയ്ത സൗദി നടപടിയാണ് സമീപകാലത്ത് സൗദിക്ക് നേരെ കൂടുതല്‍ ആക്രമണങ്ങള്‍ അഴിച്ചുവിടാന്‍ ഹൂത്തി സേനയെ പ്രേരിപ്പിച്ചതെന്നാണ് സൂചന.

Maintained By : Studio3