എണ്ണവിലക്കയറ്റം: ജിസിസിയുടെ വായ്പാ ആവശ്യങ്ങളില്‍ 96 ശതമാനം ഇടിവുണ്ടായേക്കും
1 min read
എണ്ണവിലത്തകര്‍ച്ചയുടെ പശ്ചാത്തലത്തില്‍ കഴിഞ്ഞ വര്‍ഷം 63 ബില്യണ്‍ ഡോളറാണ് ജിസിസി രാഷ്ട്രങ്ങള്‍ കടപ്പത്ര വില്‍പ്പനയിലൂടെയും സുകുകിലൂടെയും സമാഹരിച്ചത
ദുബായ്: എണ്ണവില ഉയര്‍ന്ന നിലയില്‍ തുടര്‍ന്നാല്‍ ജിസിസി രാജ്യങ്ങളുടെ വായ്പ ആവശ്യങ്ങള്‍ അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ 270 ബില്യണ്‍ ഡോളറില്‍ നിന്നും 10 ബില്യണ്‍ ഡോളറായി കുറയുമെന്ന് ഗോള്‍ഡ്മാന്‍ സാക്‌സ് ഗ്രൂപ്പ്. എണ്ണയ്ക്ക് ബാരലിന് ശരാശരി 65 ഡോളര്‍ വില വന്നാല്‍ ബാരലിന് 45 ഡോളര്‍ വിലയുണ്ടായിരുന്ന സമയത്തെ അപേക്ഷിച്ച് ജിസിസി രാജ്യങ്ങളുടെ വായ്പ ആവശ്യങ്ങളില്‍ 96 ശതമാനം ഇടിവുണ്ടാകുമെന്ന് ഗോള്‍സ്മാന്‍ സാക്‌സിലെ സാമ്പത്തിക വിദഗ്ധനായ ഫറൂഖ് സൂസ്സ അഭിപ്രായപ്പെട്ടു.
എണ്ണവിലത്തകര്‍ച്ചയുടെ പശ്ചാത്തലത്തില്‍ കഴിഞ്ഞ വര്‍ഷം 63 ബില്യണ്‍ ഡോളറാണ് ജിസിസി രാഷ്ട്രങ്ങള്‍ കടപ്പത്ര വില്‍പ്പനയിലൂടെയും സുകുകിലൂടെയും സമാഹരിച്ചത്.
ലോകത്തില്‍െ കൊറോണ വൈറസ് വാക്‌സിന്‍ വിതരണം ആരംഭിക്കുകയും എണ്ണക്കയറ്റുമതി രാജ്യങ്ങളുടെ സംഘടനയായ ഒപെക് ഉല്‍പ്പാദന നിയന്ത്രണം നടപ്പിലാക്കുന്നത് തുടരുകയും ചെയ്തതിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ നവംബറോടെ എണ്ണവില 80 ശതമാനത്തോളം ഉയര്‍ന്ന് ബാരലിന് 70 ഡോളറില്‍ എത്തിയിരുന്നു. ഒപെക് സഖ്യകക്ഷികളും കൂടി ഉള്‍പ്പെടുന്ന ഒപെക് പ്ലസ് ഉല്‍പ്പാദന നിയന്ത്രണം വരുന്ന ഏപ്രിലിലും തുടരാന്‍ തീരുമാനിച്ചതോടെ എണ്ണവില സൗദി അറേബ്യ ഉള്‍പ്പടെ ഗള്‍ഫിലെ പ്രധാന ഉല്‍പ്പാദകര്‍ പ്രതീക്ഷിച്ചിരുന്നതിനേക്കാള്‍ ഉയര്‍ന്ന നിലവാരത്തിലെത്തി. സാമ്പത്തിക സ്ഥിതിയും കറന്‍സികളുടെ മൂല്യവും കണക്കിലെടുക്കുമ്പോള്‍ നിലവിലെ സാമ്പത്തിക ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് ഗള്‍ഫ് രാജ്യങ്ങള്‍ക്ക് ബാരലിന് 50 ഡോളറിലും കുറവ് എണ്ണവില മതിയാകുമെന്നാണ് ഗോള്‍ഡ്മാന്‍ സാക്‌സ് കണക്കുകൂട്ടുന്നത്.
ഒപെക് പ്ലസ് യോഗ തീരുമാനം ഉല്‍പ്പാദന നിയന്ത്രണം തുടരണമെന്ന അഭിപ്രായമുണ്ടായിരുന്ന സൗദിയെയും സംഘടനയിലെ മറ്റ് പ്രധാന എണ്ണക്കയറ്റുമതി രാജ്യങ്ങളെയും സംബന്ധിച്ച് വലിയ വിജയമായിരുന്നുവെന്ന് റിസ്റ്റഡ് എനര്‍ജിയിലെ സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. ബജറ്റ്ക്കമ്മി നികത്തുന്നതിനായി എണ്ണവില ബാരലിന് 70 ഡോളറിനോടടുത്ത് നിലനില്‍ക്കുന്നതാണ് അവര്‍ക്ക് താല്‍പ്പര്യം. അതേസമയം സംഘടനയിലെ മറ്റൊരു പ്രധാന ശക്തിയായ റഷ്യയെ സംബന്ധിച്ചും ഈ തീരുമാനം സന്തോഷം നല്‍കുന്നതാണ്. എണ്ണവില നിലവിലെ അവസ്ഥയില്‍ തുടര്‍ന്നാല്‍ ജിസിസി സമ്പദ് വ്യവസ്ഥകളില്‍ മിച്ച ബജറ്റ് റിപ്പോര്‍ട്ട് ചെയ്യുമെന്ന് അബുദാബി കൊമേഴ്‌സ്യല്‍ ബാങ്കിലെ ചീഫ് ഇക്കോണമിസ്റ്റായ മോണിക്ക മാലിക് പറഞ്ഞു. മെച്ചപ്പെട്ട സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ക്കും വീണ്ടെടുപ്പിനും ഇത് കാരണമാകും.
ഒപെക് തീരുമാനം വന്നതിന് ശേഷം ഗോള്‍ഡ്മാന്‍ സാക്‌സും ജെപി മോര്‍ഗനുമടക്കം എണ്ണവില അനുമാനങ്ങള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. അതേസമയം മാര്‍ച്ച് അവസാനത്തിന് മുമ്പായി എണ്ണവില ബാരലിന് 70 ഡോളര്‍ ആകുമെന്നാണ് സിറ്റിഗ്രൂപ്പ് പ്രവചിക്കുന്നത്.
പ്രധാനമായും എണ്ണ വ്യാപാരത്തെ ആശ്രയിക്കുന്ന അറബ് ഗള്‍ഫ് രാജ്യങ്ങളുടെ ബജറ്റ് കമ്മി എണ്ണവിലത്തകര്‍ച്ചയ്ക്ക് ശേഷം കൂടുതല്‍ വ്യാപിച്ചിരുന്നു. വിലത്തകര്‍ച്ച നേരിടുന്നതിനായി ആഗോള എണ്ണവിതരണത്തിന്റെ പത്തിലൊന്ന് വെട്ടിച്ചുരുക്കാനാണ് കഴിഞ്ഞ വര്‍ഷം ഒപെക് പ്ലസ് തീരുമാനിച്ചിരുന്നത്. പക്ഷേ ക്രമേണ സംഘടന നിയന്ത്രണത്തില്‍ ചെറിയ തോതിലുള്ള ഇളവുകള്‍ നടപ്പിലാക്കി. നിലവില്‍ പ്രതിദിനം ഏഴ് ദശലക്ഷം ബാരല്‍ ഉല്‍പ്പാദന നിയന്ത്രണമാണ് സംഘടന നടപ്പിലാക്കുന്നത്.
ജിസിസിയില്‍ എണ്ണവില വര്‍ധന ഏറ്റവും കൂടുതല്‍ ഗുണം ചെയ്യുക കുവൈറ്റിനാണെന്നാണ് ഗോള്‍ഡ്മാന്‍ സാക്‌സ് പറയുന്നത്. കുവൈറ്റിന്റെ ബജറ്റ് വിടവ് ഈ വര്‍ഷത്തെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 15 ശതമാനമായി കുറയുമെന്നാണ് ഗ്രൂപ്പിന്റെ പ്രതീക്ഷ. എന്നാല്‍ പണലഭ്യതയുമായി ബന്ധപ്പെട്ട് കുവൈറ്റ്് നേരിടുന്ന വെല്ലുവിളി അപ്പോഴും തുടരുമെന്നും എണ്ണവില വര്‍ധിച്ചത് കൊണ്ട് മാത്രം അതില്‍ മാറ്റമുണ്ടാകില്ലെന്നും ഗോള്‍ഡ്മാന്‍ സാക്‌സ് അഭിപ്രായപ്പെട്ടു. അടുത്ത മൂന്ന് വര്‍ഷത്തില്‍ സൗദി അറേബ്യയുടെ മൊത്തം വായ്പ നിലവാരം ജിഡിപിയുടെ 38 ശതമാനമായി ഉയരും. അപ്പോഴും സൗദിക്ക് കൈകാര്യം ചെയ്യാന്‍ സാധിക്കുന്ന അവസ്ഥയില്‍ തന്നെയായിരിക്കും അത്. ഖത്തര്‍ സമ്പദ് വ്യവസ്ഥ ജിഡിപിയുടെ 5.0 ശതമാനം ബജറ്റ് കമ്മി ഉണ്ടായിരുന്ന അവസ്ഥയില്‍ നിന്നും ജിഡിപിയുടെ 5.0 ശതമാനം മിച്ചം വരുന്ന അവസ്ഥയിലേക്ക് അഭിവൃദ്ധിപ്പെടും. ഒമാനും ബഹ്‌റൈനുമാണ് എണ്ണവില വര്‍ധന കൊണ്ട് വലിയ നേട്ടമുണ്ടാക്കാനിടയുള്ള മറ്റ് രണ്ട് രാഷ്ട്രങ്ങള്‍. ഇവര്‍ക്ക് പുറത്ത് നിന്നുള്ള വായ്പ സാധ്യതകള്‍ കുറവാണെന്നുള്ളത് കൊണ്ടാണിത്.