മേയിലെ ഇടിവിന് ശേഷം സൗദിയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ജൂണില്‍ വീണ്ടും ഉയരും
1 min readഈ വര്‍ഷം തുടക്കത്തില്‍ സൗദിയും മറ്റ് ഒപെക് രാഷ്ട്രങ്ങളും ഉല്‍പ്പാദനം വെട്ടിക്കുറച്ചതിനെതിരേ ഇന്ത്യ എതിര്‍പ്പ് ഉന്നയിച്ചിരുന്നു
ന്യൂഡെല്‍ഹി: സൗദിയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി മേയില്‍ വെട്ടിക്കുറച്ച ഇന്ത്യന്‍ റിഫൈനറികള്‍ ജൂണില്‍ വീണ്ടും അവിടെ നിന്നുള്ള ഇറക്കുമതി പൂര്‍വ സ്ഥിതിയിലേക്ക് എത്തിക്കുമെന്ന് റിപ്പോര്‍ട്ട്.
ലോകത്തെ മുന്‍നിര എണ്ണ കയറ്റുമതിക്കാരായ സൗദി ആരാംകോ വില കുറച്ചതിനെത്തുടര്‍ന്നാണ് ജൂണ്‍ മാസത്തില്‍ സാധാരണ നിലയില്‍ തന്നെ ഇറക്കുമതി നടത്തുന്നതിന് ഓര്‍ഡറുകള്‍ നല്‍കിയിട്ടുള്ളത്. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍, മംഗലാപുരം റിഫൈനറി ആന്‍ഡ് പെട്രോകെമിക്കല്‍സ് ലിമിറ്റഡ് എന്നിവ സാധാരണയായി പ്രതിമാസം 14.8 ദശലക്ഷം -15 ദശലക്ഷം ബാരല്‍ സൗദി എണ്ണ വാങ്ങുന്നു.
ജൂണില്‍ ഇറക്കുമതി വെട്ടിക്കുറയ്ക്കാന്‍ പെട്രോളിയം മന്ത്രാലയത്തില്‍ നിന്ന് നിര്‍ദ്ദേശമില്ലെന്നും കമ്പനി വൃത്തങ്ങള്‍ പറയുന്നു. സൗദി അറേബ്യ ഏഷ്യന്‍ രാഷ്ട്രങ്ങള്‍ക്ക് വില്‍ക്കുന്ന എല്ലാ ക്രൂഡ് ഗ്രേഡുകളുടെയും ജൂണിലെ ഔദ്യോഗിക വില്‍പ്പന വില (ഒഎസ്പി) വെട്ടിക്കുറച്ചിട്ടുണ്ട്.
ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ എണ്ണ ഇറക്കുമതി രാഷ്ട്രമായ ഇന്ത്യ ആവശ്യകതയുടെ 80% ത്തിലധികം ഇറക്കുമതി ചെയ്യുന്നു. മിഡില്‍ ഈസ്റ്റിനെയാണ് എണ്ണ ഇറക്കുമതിയില്‍ ഇന്ത്യ വളരെയധികം ആശ്രയിക്കുന്നത്. ഈ വര്‍ഷം തുടക്കത്തില്‍ സൗദിയും മറ്റ് ഒപെക് രാഷ്ട്രങ്ങളും ഉല്‍പ്പാദനം വെട്ടിക്കുറച്ചതിനെതിരേ ഇന്ത്യ എതിര്‍പ്പ് ഉന്നയിച്ചിരുന്നു. സമ്പദ്വ്യവസ്ഥ പകര്‍ച്ചവ്യാധിയെ നേരിടാന്‍ ശ്രമിക്കുന്ന ഘട്ടത്തില്‍ കൂടിയ വിലയ്ക്കുള്ള വാങ്ങലുകള്‍ കുറയ്ക്കാന്‍ പൊതുമേഖലാ റിഫൈനര്‍മാര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു.
അടുത്ത കാലത്തായി യുഎസില്‍ നിന്നുമുള്ള ഇറക്കുമതി വര്‍ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങളും ഇന്ത്യ നടത്തുന്നുണ്ട്. സമീപകാലത്തായി ഇന്ത്യയിലേക്കുള്ള എണ്ണ കയറ്റുമതിയില്‍ വലിയ വര്‍ധനയാണ് യുഎസ് സ്വന്തമാക്കിയിട്ടുള്ളത്.
രാജ്യത്തെ ഇന്ധന വില ഇപ്പോഴും ഉയര്‍ന്ന നിലയില്‍ തുടരുകയാണ്. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തില്‍ ഒരു മാസത്തോളം വില നിലവാരം മാറ്റമില്ലാതെ തുടര്‍ന്നു. തെരഞ്ഞെടുപ്പുകള്‍ അവസാനിച്ചതിനു പിന്നാലെ ഇപ്പോള്‍ തുടര്‍ച്ചയായ ദിവസങ്ങളില്‍ പെട്രോളിന്‍റെയും ഡീസലിന്‍റെയും വില വര്‍ധിക്കുകയാണ്.