കോവിഡ്-19 : രോഗബാധ കണ്ടെത്തിയാല്‍ അണുനശീകരണം നടത്തി ഓഫീസുകള്‍ക്ക് പ്രവര്‍ത്തനം തുടരാം
1 min readആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയത്തിന്റേതാണ് നിര്‍ദ്ദേശം
ന്യൂഡെല്‍ഹി: പരിസര പ്രദേശങ്ങളില്‍ കോവിഡ്-19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്താല്‍ ഇനി മുതല്‍ ഓഫീസുകള്‍ അടച്ചുപൂട്ടുകയോ സീല്‍ ചെയ്യുകയോ ചെയ്യേണ്ടതില്ലെന്നും മതിയായ അണുനശീകരണം നടത്തി പ്രവര്‍ത്തനം തുടരാമെന്നും കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം. കോവിഡ്-19 പകര്‍ച്ചവ്യാധി തടയുന്നതുമായി ബന്ധപ്പെട്ട് ഓഫീസുകള്‍ക്കുള്ള പ്രവര്‍ത്തന മാനദണ്ഡങ്ങളിലാണ് മന്ത്രാലയം പുതിയ നിര്‍ദ്ദേശം ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഓഫീസുകളില്‍ ഒന്നോ രണ്ടോ കോവിഡ്-19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുകയാണെങ്കില്‍ നാല്‍പ്പത്തിയെട്ട് മണിക്കൂറിനിടെയുള്ള രോഗിയുടെ പ്രവര്‍ത്തന മണ്ഡലം മാത്രം അണുവിമുക്തമാക്കിയാല്‍ മതിയെന്നും പ്രോട്ടോക്കോള്‍ പ്രകാരമുള്ള അണുനശീകരണത്തിന് ശേഷം ഓഫീസുകള്‍ക്ക് പ്രവര്‍ത്തനം പുനഃരാരംഭിക്കാമെന്നും മന്ത്രാലയം വ്യക്തമാക്കി. എന്നാല്‍ ഓഫീസുകളില്‍ കൂടുതലാളുകള്‍ക്ക് രോഗം കണ്ടെത്തിയാല്‍ മുഴുവന്‍ ബ്ലോക്കോ കെട്ടിടമോ തന്നെ അണുനശീകരണം നടത്തണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.
അതേസമയം, ആരോഗ്യ, അവശ്യ സേവന സ്ഥാപനങ്ങള്‍ ഒഴിച്ച് കണ്ടെയ്ന്‍മെന്റ് സോണിലുള്ള എല്ലാ സ്ഥാപനങ്ങളും അടച്ചിടണമെന്നും കണ്ടെയ്ന്‍മെന്റ് സോണിന് പുറത്തുള്ള ഓഫീസുകള്‍ക്കാണ് പുതിയ നിര്‍ദ്ദേശം ബാധകമെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. സാധ്യമെങ്കില്‍, ഓഫീസ് യോഗങ്ങള്‍ വീഡിയോ കോണ്‍ഫറന്‍സിംഗ് മുഖേനയാക്കണമെന്നും അറിയിപ്പില്‍ പറയുന്നുണ്ട്. ഓഫീസിലെ പ്രവേശന കവാടങ്ങളില്‍ കൈകള്‍ അണുവിമുക്തമാക്കുന്നതും താപനില പരിശോധിക്കുന്നതും തുടരണമെന്നും രോഗലക്ഷണങ്ങള്‍ ഇല്ലാത്ത ഉദ്യോഗസ്ഥരെയും സന്ദര്‍ശകരെയും മാത്രമേ ഓഫീസിനുള്ളിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കാവൂ എന്നും നിര്‍ദ്ദേശമുണ്ട്.
പൊതുസ്ഥലങ്ങളില്‍ ആറ് അടി സാമൂഹിക അകലം പാലിക്കണം. മുഖാവരണം ധരിക്കല്‍, കൈ കഴുകല്‍ അടക്കമുള്ള രോഗ നിര്‍മാര്‍ജന നടപടികള്‍ എല്ലാ സമയങ്ങളിലും ഉദ്യോഗസ്ഥരും സന്ദര്‍ശകരും പാലിക്കണമന്നും മന്ത്രാലയം ആവശ്യപ്പെട്ടു.