Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

നുവേ.എഐ ടെക്നോപാര്‍ക്കില്‍

തിരുവനന്തപുരം: ആരോഗ്യമേഖലയില്‍ നിര്‍മ്മിതബുദ്ധിയധിഷ്ഠിത (എഐ) സേവനങ്ങള്‍ ലഭ്യമാക്കുന്ന കമ്പനിയായ നുവേ.എഐ യ്ക്ക് ടെക്നോപാര്‍ക്കില്‍ പുതിയ ഓഫീസ്. ടെക്നോപാര്‍ക്ക് ഫേസ് 4 ലെ കബനി ബില്‍ഡിംഗിലാണ് നുവേ.എഐ പ്രവര്‍ത്തിക്കുക. നൂതന ജനറേറ്റീവ് എഐ അധിഷ്ഠിത റവന്യൂ മാനേജ്മെന്‍റ് സംവിധാനം അമേരിക്ക പോലുള്ള രാജ്യങ്ങളിലെ ആരോഗ്യ സംരക്ഷണ മേഖലയില്‍ ലഭ്യമാക്കുന്ന കമ്പനിയാണ് നുവേ.എഐ. എഞ്ചിനീയറിംഗ് മികവും മനുഷ്യ വൈദഗ്ധ്യവും സംയോജിപ്പിച്ച് രൂപകല്‍പ്പന ചെയ്യുന്ന റവന്യൂ മാനേജ്മെന്‍റ് സംവിധാനം, സംഭാഷണാത്മക എഐ പ്ലാറ്റ് ഫോം തുടങ്ങിയവ ആശുപത്രികളിലും അതുമായി ബന്ധപ്പെട്ടയിടങ്ങളിലും ലഭ്യമാക്കാന്‍ നുവേ.എഐ യ്ക്ക് സാധിക്കും. ടെക്നോപാര്‍ക്ക് സിഇഒ കേണല്‍ (റിട്ട) സഞ്ജീവ് നായര്‍ കമ്പനിയെ കാമ്പസിലേക്ക് സ്വാഗതം ചെയ്തു. ടെക്നോപാര്‍ക്കിലെ ലോകോത്തര അടിസ്ഥാന സൗകര്യങ്ങളും പോസിറ്റീവ് അന്തരീക്ഷവും ഫലപ്രദമായി ഉപയോഗിക്കാന്‍ നുവേ.എഐ യ്ക്ക് സാധിക്കുമെന്ന് സഞ്ജീവ് നായര്‍ പറഞ്ഞു. പ്രഗത്ഭരായ പ്രൊഫഷണലുകളും സംരംഭകരും ടെക്നോപാര്‍ക്കിലേക്ക് തിരികെയെത്തുന്നത് പ്രോത്സാഹജനകമാണ്. സാങ്കേതിക നവീകരണത്തിനും മനുഷ്യവിഭവശേഷിയുടെ പുനര്‍നിക്ഷേപത്തിനുമുള്ള ലക്ഷ്യസ്ഥാനമായി തിരുവനന്തപുരം വീണ്ടും മാറുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നുവേ.എഐ ടെക്നോപാര്‍ക്കിലെത്തുന്ന നിമിഷത്തെ സവിശേഷമാക്കുന്നത് സ്വന്തം നാട്ടിലേക്കുള്ള തിരിച്ചുവരവാണെന്ന് നുവേ.എഐ സിഇഒ മനു മധുസൂദനന്‍ പറഞ്ഞു. രണ്ട് സംരംഭക യാത്രകള്‍ക്ക് ശേഷം ജന്‍മനാട്ടില്‍ അടുത്ത അധ്യായം പുനരാരംഭിക്കാനുമുള്ള ശരിയായ സമയമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യാഹൂ, മൈക്രോസോഫ്റ്റ് എന്നിവ ഉള്‍പ്പെടെയുള്ള ആഗോള കമ്പനികളുടെ ഭാഗമായിട്ടുള്ള മനു മധുസൂദനന്‍ ടെക്നോപാര്‍ക്ക് കേന്ദ്രമാക്കിയാണ് കരിയര്‍ ആരംഭിച്ചത്. നുവേ.എഐ യുടെ ഇന്ത്യയിലെ പങ്കാളി ഡോ. അനിരുദ്ധ്, സൗമ്യ നായര്‍, നുവേ ടീമിലെ അംഗങ്ങള്‍, ടെക്നോപാര്‍ക്ക് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു. ഉത്പന്ന വികസനം, ഭാവി സാധ്യത മുന്നില്‍ക്കണ്ടുള്ള എഐ ഗവേഷണം എന്നിവയ്ക്കുള്ള ഒരു പ്രധാന കേന്ദ്രമായി നുവേ.എഐയുടെ ടെക്നോപാര്‍ക്ക് ഓഫീസ് പ്രവര്‍ത്തിക്കും. ആരോഗ്യ സംരക്ഷണ മേഖലയിലെ നവീകരണത്തിനും ടെക്നോപാര്‍ക്ക് സമൂഹത്തിനും ഗണ്യമായ സംഭാവനകള്‍ നല്‍കാന്‍ നുവേ.എഐ യ്ക്ക് സാധിക്കും.

  ടിഎംഎ മാനേജ്മെന്‍റ് കണ്‍വെന്‍ഷന് തിരുവനന്തപുരത്ത് തുടക്കം
Maintained By : Studio3