2022ല്‍ റിയല്‍റ്റി മേഖലയിലെ പ്രവാസി നിക്ഷേപം $14.9 ബില്യണ്‍!
- 2021 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യന്‍ റിയല്‍റ്റി മേഖലയില്‍ എന്‍ആര്‍ഐകള്‍ നിക്ഷേപിച്ചത് 13.3 ബില്യണ്‍ ഡോളര്‍
- റിയല്‍റ്റി മേഖലയിലെ നിക്ഷേപ നിയന്ത്രണങ്ങള്‍ ഉദാരമാകുന്നതായി വിലയിരുത്തല്‍
- സര്‍ക്കാരിന്‍റെ ഉത്തേജന പാക്കേജുകള്‍ പ്രതീക്ഷ നല്‍കുന്നു
മുംബൈ: ഇന്ത്യയിലേക്കുള്ള പ്രവാസി നിക്ഷേപത്തില്‍ കൂടുതല്‍ വര്‍ധനയുണ്ടാകുമെന്ന് പഠനങ്ങള്‍. സര്‍ക്കാര്‍ സ്വീകരിക്കുന്ന നിക്ഷേപ അനുകൂല നയങ്ങളും നിയന്ത്രണ സംവിധാനങ്ങളിലെ അയവും കാരണം രാജ്യത്തെ റിയല്‍ എസ്റ്റേറ്റ് രംഗത്ത് എന്‍ആര്‍ഐകള്‍ കൂടുതല്‍ നിക്ഷേപം നടത്തുമെന്നാണ് വിവിധ പഠന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
2021 സാമ്പത്തിക വര്‍ഷത്തില്‍ 13.3 ബില്യണ്‍ ഡോളറാണ് ഇന്ത്യയുടെ റിയല്‍റ്റി മേഖലയിലെ എന്‍ആര്‍ഐ നിക്ഷേപം. 360 റിയല്‍റ്റേഴ്സ് പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. 2022ല്‍ റിയല്‍റ്റി മേഖലയിലെ പ്രവാസി നിക്ഷേപം 14.9 ബില്യണ്‍ ഡോളറായി ഉയരുമെന്നും കണക്കാക്കപ്പെടുന്നു. മുന്‍ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് നിക്ഷേപ വോള്യത്തിലെ വര്‍ധന 6.4 ശതമാനമാണ്. സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തില്‍ റിയല്‍റ്റി മേഖലയില്‍ 35 ശതമാനത്തിന്‍റെ ഞെരുക്കമാണ് അനുഭവപ്പെട്ടത്. കോവിഡ് പൊട്ടിപ്പുറപ്പെട്ടതിനെ തുടര്‍ന്ന് ലോകം മുഴുവന്‍ ലോക്ക് ഡൗണിലേക്ക് പോയതായിരുന്നു കാരണം.
സാമ്പത്തിക, ബിസിനസ് പ്രവര്‍ത്തനങ്ങളില്‍ മാന്ദ്യം അനുഭവപ്പെട്ടത് എന്‍ആര്‍ഐകളുടെ നിക്ഷേപ വികാരത്തെയും ബാധിച്ചു. എന്നാല്‍ രണ്ടാം പാദം ആയപ്പോഴേക്കും കാര്യങ്ങള്‍ മെച്ചപ്പെട്ടു. കോവിഡ് മഹാമാരി തീര്‍ത്ത സാമ്പത്തിക ആഘാതത്തെ അതിജീവിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉത്തേജന പാക്കേജുകള്‍ പ്രഖ്യാപിച്ചത് നിക്ഷേപകര്‍ക്ക് ആത്മവിശ്വാസം നല്‍കി. മൊത്തത്തിലുള്ള സാമ്പത്തിക സാഹചര്യങ്ങള്‍ മെച്ചപ്പെടുന്നതിനും അത് ഇടയാക്കി.
ഭവന വായ്പാ നിരക്കുകളില്‍ കാര്യമായ കുറവ് വന്നതോടെ റിയല്‍റ്റി മേഖലയിലേക്കെത്തുന്ന നിക്ഷേപകരുടെ എണ്ണത്തിലും വര്‍ധനവുണ്ടായി. ഇന്ത്യന്‍ രൂപയുടെ മൂല്യത്തിലുണ്ടാകുന്ന തിരുത്തലുകളും പ്രവാസികളെ റിയല്‍ എസ്റ്റേറ്റ് രംഗത്തേക്ക് അടുപ്പിച്ചു. അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ 12 ശതമാനം വളര്‍ച്ചയാണ് റിയല്‍റ്റി മേഖലയിലെ പ്രവാസി നിക്ഷേപത്തില്‍ പ്രതീക്ഷിക്കുന്നത്.
ആകര്‍ഷകമായ പേമെന്‍റ് പ്ലാനുകളും പലിശ നിരക്കിലെ കുറവും നിക്ഷേപകരെ ആകര്‍ഷിച്ചതായാണ് റിപ്പോര്‍ട്ട്. ഡിജിറ്റല്‍ മാധ്യമങ്ങളിലൂടെ വായ്പാ പ്രക്രിയകള്‍ ലളിതവല്‍ക്കരിക്കാനുള്ള ശ്രമങ്ങളും ഡെവലപ്പര്‍മാരുടെ ഭാഗത്തുനിന്നുണ്ടായി. രണ്ടാം പാദം അവസാനമായപ്പോഴേക്കും 18 ശതമാനം വര്‍ധനയാണ് എന്‍ആര്‍ഐ നിക്ഷേപത്തിലുണ്ടായത്, വാര്‍ഷികാടിസ്ഥാനത്തില്‍. മഹാരാഷ്ട്ര, കര്‍ണാടക പോലുള്ള സംസ്ഥാനങ്ങളില്‍ സ്റ്റാമ്പ് ഡ്യൂട്ടി കുറച്ചതും ഉപഭോക്താക്കള്‍ക്ക് ഗുണകരമായി.
ഇന്ത്യന്‍ റെസിഡെന്‍ഷ്യല്‍ വിപണിയിലെ എന്‍ആര്‍ഐ നിക്ഷേപം
സാമ്പത്തിക വര്‍ഷം നിക്ഷേപം
2014 6 ബില്യണ്‍ ഡോളര്‍
2015 7.2 ബില്യണ്‍ ഡോളര്‍
2016 8.5 ബില്യണ്‍ ഡോളര്‍
2017 9.4 ബില്യണ്‍ ഡോളര്‍
2018 9.7 ബില്യണ്‍ ഡോളര്‍
2019 11 ബില്യണ്‍ ഡോളര്‍
2020 12.5 ബില്യണ്‍ ഡോളര്‍
2021 13.3 ബില്യണ്‍ ഡോളര്‍
2022 14.9 ബില്യണ്‍ ഡോളര്‍