‘സമ്പര്‍ക്കം സ്ഥാപിക്കാനുള്ള ശ്രമങ്ങളെ അവഗണിക്കും’
1 min readസിയോള്‍: വാഷിംഗ്ടണ്‍ പ്യോങ്യാങിന്‍റെ വ്യവസ്ഥകള്‍ പാലിക്കുന്നതുവരെ സമ്പര്‍ക്കം സ്ഥാപിക്കാനുള്ള യുഎസിന്‍റെ ശ്രമങ്ങളെ അവഗണിക്കുമെന്ന് ഒരു ഉത്തരകൊറിയന്‍ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. വീണ്ടും കാലതാമസം വരുത്തുന്നതിനാല്‍ യുഎസിനോട് പ്രതികരിക്കേണ്ട ആവശ്യമുണ്ടെന്ന് കരുതുന്നില്ലെന്ന് ഉത്തര കൊറിയയുടെ ആദ്യ ഉപ വിദേശകാര്യ മന്ത്രി ചോ സോണ്‍-ഹുയിയെ ഉദ്ധരിച്ച് പ്യോങ്യാങിന്‍റെ ഔദ്യോഗിക കൊറിയന്‍ സെന്‍ട്രല്‍ ന്യൂസ് ഏജന്‍സി (കെസിഎന്‍എ) പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
വാഷിംഗ്ടണ്‍ ശത്രുതാപരമായ നയങ്ങള്‍ സ്വീകരിച്ചുവെന്നും ‘വിലകുറഞ്ഞ തന്ത്രങ്ങള്‍’ ഉപയോഗിച്ചുവെന്നും അവര്‍ ആരോപിക്കുന്നു. ഉത്തരകൊറിയയോടുള്ള ശത്രുതാപരമായ നയം യുഎസ് ഉപേക്ഷിച്ചില്ലെങ്കില്‍ ഏതെങ്കിലും തരത്തിലുള്ള സമ്പര്‍ക്കമോ സംഭാഷണമോ സാധ്യമല്ലെന്ന് ചോ പറഞ്ഞു. ഇരു പാര്‍ട്ടികള്‍ക്കും തുല്യ അടിസ്ഥാനത്തില്‍ സംസാരിക്കാനുള്ള അന്തരീക്ഷം സൃഷ്ടിക്കപ്പെട്ടില്ലെങ്കില്‍ ചര്‍ച്ച നടത്തിയിട്ട് എന്തു കാര്യം എന്നാണ് കൊറിയയുടെ ചോദ്യം. വാഷിംഗ്ടണ്‍ ഭാവിയില്‍ ബന്ധപ്പെടാന്‍ ശ്രമിക്കുന്നതിനെയും പ്യോങ്യാങ് അവഗണിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ചോയുടെ പ്രസ്താവനയോടെ, പ്രസിഡന്‍റ് ജോ ബൈഡന്‍റെ ഭരണകൂടം ബന്ധപ്പെടാന്‍ ശ്രമിക്കുകയാണെന്ന് ഉത്തര കൊറിയ ആദ്യമായി സ്ഥിരീകരിച്ചു.ഈ ദിശയിലുള്ള ശ്രമങ്ങള്‍ ഇതുവരെ പരാജയപ്പെട്ടുവെന്ന് തിങ്കളാഴ്ച വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെന്‍ സാകി അറിയച്ചിരുന്നു. എന്നാല്‍ അടുത്ത ദിവസം, ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉന്നിന്‍റെ സഹോദരി കിം യോ-ജോങ് യുഎസുമായി സൈനികാഭ്യാസം നടത്തിയതിന് സിയോളിനെതിരെ വിമര്‍ശനവുമായി രംഗത്തുവന്നിരുന്നു. ദക്ഷിണ കൊറിയയുമായുള്ള സമാധാന കരാര്‍ റദ്ദാക്കുമെന്ന് അവര്‍ ഭീഷണിപ്പെടുത്തിയിരുന്നു. പ്രകോപനപരമായ എന്തെങ്കിലും നടപടികള്‍ക്കെതിരെ പുതിയ യുഎസ് ഭരണകൂടത്തിനും അവര്‍ മുന്നറിയിപ്പ് നല്‍കി.
ബൈഡന്‍റെ മുന്‍ഗാമിയായ ഡൊണാള്‍ഡ് ട്രംപ് പ്യോങ്യാങിന്‍റെ ആണവ പദ്ധതിയെക്കുറിച്ച് കിം ജോങ് ഉന്നുമായി ചര്‍ച്ചകള്‍ ആരംഭിക്കുകയും അദ്ദേഹത്തെ വ്യക്തിപരമായി കാണുകയും ചെയ്തിരുന്നു. രണ്ട് ഉച്ചകോടികള്‍ ഉണ്ടായിരുന്നിട്ടും, ഉത്തരകൊറിയന്‍ ആണവായുധ ശേഖരം കുറയ്ക്കുന്ന കാര്യത്തില്‍ കാര്യമായ പുരോഗതി നേടാനായിരുന്നില്ല.