പെട്രോളിയം ഉല്‍പ്പനങ്ങളുടെ എക്സൈസ് നികുതി കുറയ്ക്കില്ല: ധനമന്ത്രി
ബെംഗളൂരു: പെട്രോളിയം ഉല്‍പന്നങ്ങള്‍ക്ക് ഇപ്പോള്‍ ചുമത്തുന്ന എക്സൈസ് തീരുവ വെട്ടിക്കുറയ്ക്കാനുള്ള ഒരു നിര്‍ദേശവും മുന്നിലില്ലെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. ജിഎസ്ടി കൗണ്‍സില്‍ തീരുമാനിച്ചാല്‍ മാത്രമേ പെട്രോളിയം ഉല്‍പ്പന്നങ്ങളെ ജിഎസ്ടിക്ക് കീഴില്‍ കൊണ്ടുവരാന്‍ കഴിയൂ എന്നും നിലവില്‍ അത്തരം നിര്‍ദേശങ്ങളില്ലെന്നും അവര്‍ വ്യക്തമാക്കി.
‘അന്താരാഷ്ട്ര അസംസ്കൃത എണ്ണയുടെ വില കൂടുമ്പോള്‍, വിലകള്‍ വര്‍ദ്ധിപ്പിക്കണം. അന്താരാഷ്ട്ര വില കുറയുമ്പോള്‍, ഇവിടെയും വില കുറയ്ക്കണം. ഇത് ഓയില്‍ മാര്‍ക്കറ്റിംഗ് കമ്പനികള്‍ പിന്തുടരുന്ന ഒരു മാര്‍ക്കറ്റ് സംവിധാനമാണ്. അതിനുള്ള സ്വാതന്ത്ര്യം അവര്‍ക്ക് നല്‍കിയിട്ടുണ്ട്, “ഒരു ചോദ്യത്തിന് മറുപടിയായി അവള്‍ പറഞ്ഞു. നേരത്തേ പലഘട്ടങ്ങളിലും ക്രൂഡ് ഓയില്‍ വില താഴ്ന്ന ഘട്ടത്തില്‍ കേന്ദ്ര സര്‍ക്കാര്‍ തീരുവ വര്‍ധിപ്പിച്ചിരുന്നു. അതിനാല്‍ വിലയിടിവിന്‍റെ പ്രയോജനം കാര്യമായി ഉപഭോക്താക്കളിലേക്ക് എത്തിയിരുന്നില്ല. ഈ കൂട്ടിയ നികുതി പിന്‍വലിക്കാനും പിന്നീട് കേന്ദ്ര സര്‍ക്കാര്‍ തയാറായിട്ടില്ല.
വാക്സിനുകള്‍ക്കും ആരോഗ്യ ഇന്‍ഫ്രാസ്ട്രക്ചറിനുമായി പണം ചെലവഴിക്കുന്നതിനൊപ്പം പാവപ്പെട്ടവര്‍ക്ക് സൗജന്യ ഭക്ഷ്യധാന്യങ്ങള്‍ നല്‍കുന്നതിനും കേന്ദ്രം പണം ചെലവഴിക്കുന്നുണ്ടെന്നും സംസ്ഥാന സര്‍ക്കാരുകള്‍ക്കും പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ നികുതി കുറച്ചുകൊണ്ട് ആശ്വാസം നല്‍കാനാകുമെന്നും അവര്‍ പറഞ്ഞു.