സര്‍ക്കാരിനെ അഭിനന്ദിച്ച് നിതീഷ്; ‘ഇത് സന്തുലിത ബജറ്റ്’
1 min readപാറ്റ്‌ന: കേന്ദ്ര ബജറ്റിനെ ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ സ്വാഗതം ചെയ്തു. ഇത് സന്തുലിതമായ ബജറ്റാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. ‘കോവിഡ് പകര്‍ച്ചവ്യാധിയും വരുമാനത്തിലെ പ്രശ്‌നങ്ങളും ഉണ്ടായിരുന്നിട്ടും, സന്തുലിതമായ ഒരു ബജറ്റ് കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ചു. ഇത് സ്വാഗതാര്‍ഹമാണ്. ഇക്കാര്യത്തില്‍ ഞാന്‍ കേന്ദ്ര സര്‍ക്കാരിനെ അഭിനന്ദിക്കുന്നു.’ അദ്ദേഹം പറഞ്ഞു. 2021-22 കാലയളവില്‍ 34.8 ലക്ഷം കോടി രൂപയുടെ ബജറ്റാണ് സര്‍ക്കാര്‍ അവതരിപ്പിച്ചത്.
പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ ശുപാര്‍ശയുടെ വെളിച്ചത്തില്‍ 41 ശതമാനം തുക സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. ആരോഗ്യമേഖലയില്‍ 2,23,000 കോടി രൂപ വകയിരുത്തിയിട്ടുണ്ട്, ഇത് മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 137 ശതമാനം കൂടുതലാണ്. കൂടാതെ, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വേള്‍ഡ് ഹെല്‍ത്തും സ്ഥാപിക്കും.ഉജ്വല പദ്ധതി പ്രകാരം ഒരുകോടി കുടുംബങ്ങള്‍ക്ക് എല്‍പിജി സിലിണ്ടറുകള്‍ നല്‍കാന്‍ കേന്ദ്രം തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു. 100 പുതിയ നഗരങ്ങളെ ഗ്യാസ് പൈപ്പ്‌ലൈനുകളുമായി ബന്ധിപ്പിക്കും.
അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് ലോകോത്തര അടിസ്ഥാന സൗകര്യങ്ങളോടെ ഏഴ് മെഗാ ടെക്‌സ്‌റ്റൈല്‍ പാര്‍ക്കുകള്‍ ആരംഭിക്കാന്‍ പദ്ധതിയുണ്ടെന്നും ഇത് ആളുകള്‍ക്ക് തൊഴില്‍ നല്‍കുമെന്നും കയറ്റുമതി വര്‍ധിപ്പിക്കുമെന്നും നിതീഷ് പറഞ്ഞു. ഒരു വികസന ധനകാര്യ സ്ഥാപനം ആരംഭിക്കുമെന്നും ഇതിനായി പ്രത്യേക നിയമം കൊണ്ടുവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്തിന്റെ പരിസ്ഥിതി സംരക്ഷിക്കുന്നതിനുള്ള മികച്ച നടപടിയെന്ന നിലയില്‍ വായു മലിനീകരണത്തിനെതിരെ പോരാടുന്നതിന് ഫണ്ട് നല്‍കാനും തീരുമാനമുണ്ട്.